728-pixel-x-90-2-learn
728-pixel-x-90
<< >>

ഭീതി പടര്‍ത്തി ‘നീലം കൊടുങ്കാറ്റ്’ തമിഴ്‌നാട് തീരത്ത്‌

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ‘നീലം’ കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തെത്തി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ കാറ്റ് ആഞ്ഞുവീശുകയാണിപ്പോള്‍. ശക്തമായ കാറ്റുണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ തീരപ്രദേശ ജില്ലകളില്‍ കനത്ത മഴയാണിപ്പോള്‍. വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ ഇവിടെ മഹാബലിപുരത്ത് മണ്ണിലിടിച്ചുണ്ടായി. കല്‍പാക്കത്തിനും മഹാബലിപുരത്തിനുമിടയില്‍ ശക്തമായ കാറ്റുവീശിയതായാണ് റിപ്പോര്‍ട്ട്.

പത്തോളം പേര്‍ ഇവിടെ തിരയില്‍ അകപ്പെട്ടെങ്കിലും പിന്നീട് രക്ഷപ്പെടുത്തി. കാറ്റിന് 45 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് നിഗമനം. തീരപ്രദേശങ്ങളിലേക്ക് അടുക്കുമ്പോഴാണ് കാറ്റിന്റെ വേഗം കൂടുക. മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രെയിന്‍ റൂട്ടുകളില്‍ മാറ്റമുണ്ടായേക്കാമെന്നും തീരദേശ മേഖലകളില്‍ ട്രെയിന്‍ സര്‍വീസ് വേണ്ടിവന്നാല്‍ റദ്ദാക്കപ്പെടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ചെന്നൈയ്ക്ക് 500 കിലോമീറ്റര്‍ അകലെയാണ് ‘നീലം’ രൂപപ്പെട്ടത്. മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, വിഴുപുരം, നാഗപട്ടണം ജില്ലകളിലും പുതുച്ചേരിയിലും പൊതുഅവധിയാണ്. ഇവിടങ്ങളിലെല്ലാം ശക്തമായ കാറ്റും മഴയുമാണ്. ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ ശക്തമായ മഴ ചെന്നൈയെയും സമീപ ജില്ലകളിലെയും ജനജീവിതത്തെ ബാധിച്ചു. ചെന്നൈയില്‍ പലയിടങ്ങളും നല്ല തോതില്‍ വെള്ളക്കെട്ടുണ്ട്.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം എന്നീ ജില്ലകളില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. അഞ്ച് അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് ആഞ്ഞടിച്ചത്. തിരുവട്ടിയൂര്‍, എന്നൂര്‍ എന്നീ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. കടലാക്രമണത്തെ പ്രതിരോധിക്കാനായി നിര്‍മിച്ചിരുന്ന കരിങ്കല്‍ഭിത്തിയും തകര്‍ന്നു. ശക്തമായ മഴ കാരണം നഗരത്തില്‍ കലൈഞ്ജര്‍ നഗര്‍, കാര്‍ഗില്‍ നഗര്‍ ഉള്‍പ്പെടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി.

മഴയെ തുടര്‍ന്ന് കുടിലുകളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനായി 85 സ്‌കൂളുകള്‍ തയ്യാറാക്കിയതായി ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയ സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. മഴ കാരണം കാശിമേട് തുറമുഖത്തുനിന്നു മാത്രം 2500 ബോട്ടുകള്‍ കടലില്‍ പോയില്ല. മഴ കാരണം കഴിഞ്ഞ രണ്ടു ദിവസമായി പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. പുതുച്ചേരിയിലും കായ്ക്കാലിലും കനത്ത മഴ തുടരുകയാണ്.

‘താനെ’ കൊടുങ്കാറ്റിന്റെ ഭീതിയടങ്ങും മുമ്പ്

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് ആഞ്ഞടിച്ച ‘താനെ’ കൊടുങ്കാറ്റ് തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുണ്ടാക്കിയ നാശനഷ്ടം ഭീകരമാണ്. ‘താനെ’ കൊടുങ്കാറ്റ് രൂപം കൊണ്ട സ്ഥലത്തിന് സമീപം തന്നെയാണ് ‘നീലം’ കൊടുങ്കാറ്റും രൂപപ്പെട്ടിരിക്കുന്നത്. ‘താനെ’ കടലൂരിനെ കൂടാതെ വിഴുപുരം, പുതുച്ചേരി എന്നിവിടങ്ങളിലും നാശനഷ്ടം വിതച്ചിരുന്നു.

Leave a Reply