728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിയെ കണ്ടത് സരിതക്കൊപ്പം : ശ്രീധരന്‍ നായര്‍

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ക്കൊപ്പം താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നു  തട്ടിപ്പിന് ഇരയായ വ്യവസായി ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍   . സോളാര്‍ കമ്പനിക്ക് 40 ലക്ഷം രൂപ നല്‍കിയത് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച ശേഷമാണെന്നും ശ്രീധരന്‍ നായര്‍ ഒരു ടെലി വിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.  മുഖ്യമന്ത്രിയെ കണ്ട ശേഷമെ ചെക് മാറി തുക എടുക്കാവൂ എന്നായിരുന്നു സരിതയുമായുള്ള കരാറെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. ക്വാറി ഉടമകളുടെ പ്രശ്നങ്ങള്‍ സംസാരിക്കനാണ് ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടെതെന്നായിരുന്നു മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത്.

2012 ജൂലൈ ഒമ്പതിനായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സരിത.എസ് നായരും കൂടെയുണ്ടായിരുന്നു. സര്‍ക്കാരില്‍ നിന്ന് എല്ലാ  സഹായങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സൗരോര്‍ജമാണ് വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ്സിഡി സംബന്ധിച്ചും മറ്റും ‘ലക്ഷ്മി നായര്‍’ പറഞ്ഞിരിക്കുമല്ലൊ എന്നും മുഖ്യമന്ത്രി ചോദിച്ചു .

സരിതയാണ് തന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്. ധൈര്യമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി എന്നോട് പറഞ്ഞു. സര്‍ക്കാരിന്റെഎല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സബ്സിഡി കാര്യങ്ങളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ദിവസത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ ഞാനും സരിതയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാകുമെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതക്ക് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ഓഫീസില്‍ സരിതയെ എല്ലാവരും എഴുന്നേറ്റ് നിന്നാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ ആദ്യം പോയത് ജോപ്പന്റെ കാബിനിലേക്കായിരുന്നു. സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടെന്നും ജോപ്പന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കൊണ്ടുപോയതും ജോപ്പനാണ്. മുഖ്യമന്ത്രി അപ്പോള്‍ സെല്‍വരാജിനോട് സംസാരിക്കുകയായിരുന്നു. സരിതയെ കണ്ടപ്പോള്‍ മുമ്പ് പറഞ്ഞ ക്രഷര്‍ മുതലാളിയാണ് ഇതെന്ന് സരിത പരിചയപ്പെടുത്തിയെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി.

നേരത്തെ ഇതുസംബന്ധിച്ച നിഷേക്കുറിപ്പ് പുറത്തിറക്കിയത് സമ്മര്‍ദ്ദം മൂലമാണ്. കള്ളപ്പണം ഒഴുക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമം തന്റെമേല്‍ വലിയ സമ്മര്‍ദം ഉണ്ടായെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. നഷ്ടപ്പെട്ട 40ലക്ഷം തരാമെന്ന് വാഗ്ദാനമുണ്ടായി. തന്നെ സമീപീച്ചവരുടെ പേര് പുറത്ത് പറയില്ല. കോണ്‍ഗ്രസുകാരാണ് എന്നെ സമീപിച്ചത്. വേണമെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് താന്‍ പറഞ്ഞു. ഇതിനായി രണ്ട് നിബന്ധന മുന്നോട്ട് വെച്ചു. ഒന്ന്, ബ്ളാക്ക് മണി വേണ്ട. രണ്ട് മുദ്രപത്രത്തില്‍ എഴുതി തരണം. സരിതയും ബിജുവും ജോപ്പനുമാണ് പണം തന്നതെന്ന് എഴുതി തരണം.

ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തെത്തി.

Leave a Reply