കൊച്ചി:ഇമോഷണല്‍ ത്രില്ലര്‍ എന്നൊക്കെ പറയാമെങ്കിലും വൈകാരികത നന്നേ കുറഞ്ഞ മാത്യു മാഞ്ഞൂരാനെ ഗംഭീരമാക്കിയ മോഹന്‍ലാലിന്റെ കൈയ്യടക്കവും മികച്ച സാങ്കേതികതയുമാണ് വില്ലന്‍ സിനിമയുടെ ഹൈലൈറ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. ചിത്രത്തിന്റെ റിലീസിന് മുമ്പേ ടീസറില്‍ പ്രചരിച്ച ലാല്‍ ഡയലോഗ് ശരിവെക്കുന്നതാണ് ചിത്രത്തിന്റെ ഉള്‍ക്കാമ്പ്. ‘ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കൊല്ലുന്നതുപോലെ അസ്വാഭാവികമായ മറ്റൊന്നും ഈ ലോകത്തില്ല’ എന്നതാണ് സിനിമയ്ക്ക് മുമ്പേ ഹിറ്റായ മാത്യു മാഞ്ഞൂരാന് എന്ന ഐ പി എസ് ഓഫീസറുടെ ഡയലോഗ്.
സര്‍വീസ് തീരും മുമ്പേ വോളന്റെറി റിട്ടയര്‍മെന്റ് എടുത്ത് മാത്യു മാഞ്ഞൂരാന് വിരമിക്കല്‍ നിശ്ചയിച്ച ദിവസം നഗരത്തില്‍ നടക്കുന്ന ഒരു കൂട്ടകൊലപാതകമാണ് ചിത്രത്തിന്റെ ജീവന്. സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനത്തില്‍ നിന്നും പിന്മാറി സമര്‍ത്ഥനും ബുദ്ധിമാനുമായ പോലീസ് ഉദ്യോഗസ്ഥന് മാത്യു മാഞ്ഞൂരാന് തന്നെ ആ കേസും ഏറ്റെടുക്കുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു മൂഡിലല്ല ചിത്രം മുന്നേറുന്നത്. മലയാളത്തിലെ ആദ്യ ഇമോഷണല്‍ ത്രില്ലര്‍ എന്ന് പറഞ്ഞാലും തെറ്റില്ല. തുടക്കത്തില്‍ പറഞ്ഞതുപോലെ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ എടുത്തു പറയേണ്ടത്. വൈകാരികമായി കുറ്റകൃത്യങ്ങളെ സമീപിക്കാതിരിക്കുന്നതിനാല് വയലന്‍സിനോട് താല്പര്യമില്ലാതെ ഒരു പോലീസ് ഓഫീസറെയാണ് മാത്യൂ മാഞ്ഞൂരാനിലൂടെ കാണാന്‍ കഴിയുക. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മാത്രമല്ല ബോഡി ലാംഗ്വേജിലും പതിഞ്ഞതെങ്കിലും ഗാംഭീര്യമുളവാക്കുന്ന സംഭാഷണ രീതിയും പ്രേക്ഷകനെ കൈയ്യിലെടുക്കാന്‍ പോന്ന മരുന്നുകളാണ്. വയലന്സില്ലെങ്കിലും കൃസൃതികളില്ലാതെ കാര്യങ്ങളെ വളരെ ഗൗരവമായി കാണുന്ന കഥാപാത്രമാണ് മാഞ്ഞൂരാന്. വൈകാരികത തൊട്ടുതീണ്ടിയില്ലാത്തതെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായ വികാരങ്ങളെ ലാല്‍ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.
ശക്തിവേല്‍ പളനിസ്വാമി എന്ന എക്സ്സെന്ട്രിക്കായ തമിഴന് ഡോക്ടറാണ് വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ആദ്യമലയാളചിത്രമാണെങ്കിലും നെഗറ്റീവ് റോളിലുള്ള ഈ കഥാപാത്രത്തെ വിശാല്‍ ഗംഭീരമാക്കിയിരിക്കുന്നു. കുടുംബ ജീവിതത്തില്‍ നായകന് ഉണ്ടായ ദുരിതങ്ങളാണ് ജോലിയില്‍ നിന്നും പിന്തിരിപ്പിക്കാനിടയാക്കുന്നത്. ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മറ്റൊരു ഹിറ്റ് ആയ ഗ്രാന്‍ഡ് മാസ്റ്ററെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഇത്. പ്രമാദമായ കേസിന് കുറേ മുമ്പേ മാത്യു മാഞ്ഞൂരാന്റെ പഴയകാല ജീവിതം കാട്ടുമ്പോഴാണ് മഞ്ജു വാര്യര്‍ ലാലിന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്.ലാലും മഞ്ജുവും ചേരുമ്പോഴുള്ള സ്ക്രീന്‍ കെമിസ്ട്രിയുടെ ചാരുത വില്ലന്‍ പകര്‍ന്നു തരുന്നു. ഇരുവരും ഒരുമിക്കുന്ന കണ്ടിട്ടും കണ്ടിട്ടും എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
സബ്ഡിഓഡിനേറ്റായി എത്തുന്ന ചെമ്പന്‍ വിനോദ് ജോസിന്റെ പ്രകടനവും മികവുറ്റ് നില്ക്കുന്നു. സിദ്ദീഖ്, രഞ്ജിപണിക്കര്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തിലുണ്ട്.മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രമായ ഹന്സികയ്!ക്ക് പക്ഷേ വിശാലിന്റെ കഥാപാത്രത്തിന് ഒപ്പം നില്‍ക്കേണ്ട ആവശ്യമേ ഉള്ളൂ.സാങ്കേതികത്തികവാണ് വില്ലന്റേതായി എടുത്തുപറയേണ്ട മേന്മ. അത് സിനിമയ്ക്ക് മുമ്പേ തന്നെ ഹിറ്റായതുമാണ്. ഓരോ ഫ്രെയിമും ഷോട്ടും വില്ലന്റെ മികവ് കൂട്ടുന്നു. ശബ്ദമിശ്രണവും പശ്ചാത്തലസംഗീതവുമൊക്കെ അതിന് കൂട്ടായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 8 കെ റെസല്യൂഷനില്‍ ഇറങ്ങുന്നു എന്ന അപൂര്‍വ്വതയും ഈ ഉണ്ണികൃഷ്ണന് ബി ചിത്രത്തിന് മാത്രം അവകാശപ്പെടാനുള്ളത്.
INDIANEWS24.COM Movies Desk