jio 800x100
jio 800x100
728-pixel-x-90
<< >>

74 -മത് സ്വാതന്ത്ര്യദിനത്തില്‍ ‌സ്വാശ്രയ വികസനത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി,ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു,കോവിഡ് വാക്സീൻ ഉടൻ

ന്യൂഡൽഹി:രാജ്യത്തിന്റെ 74 -മത് സ്വാതന്ത്ര്യദിനത്തില്‍ ‌സ്വാശ്രയ വികസനത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി കോവിഡ് കാലത്ത് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്.

അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉൽപാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമിക്കണം. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കണം.ആറുലക്ഷം ഗ്രാമങ്ങളിൽ ആയിരം ദിവസത്തിനകം ഒപ്ടിക്കൽ ഫൈബർ യാഥാർഥ്യമാക്കും. വരുന്ന ആയിരം ദിവസത്തിനുള്ളിൽലക്ഷദ്വീപിൽ ഒപ്ടിക്കൽ ഫൈബർ യാഥാർഥ്യമാക്കും. 110 പിന്നോക്ക ജില്ലകളെ വികസനപാതയിൽ എത്തിക്കും.കർഷകരെ സ്വയംപര്യാപ്തരാക്കാൻ നടപടികളെടുക്കും.

രാജ്യത്ത് ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകും.രാജ്യത്ത് കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.. രാജ്യത്ത് മൂന്ന് വാക്സീനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണ്. വാക്സീൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്‍ 95 മാസ്‌കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്‌തത്. ഇപ്പോള്‍ നമുക്ക് ആവശ്യമായ ഈ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുവെന്നത് മാത്രമല്ല, മറ്റു രാജ്യങ്ങളെ സഹായിക്കാനും കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം ഒരു പ്രതിജ്ഞയായി മാറിയിരിക്കയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനമെടുത്താല്‍ അത് നേടുന്നതുവരെ ഇന്ത്യക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പരമാധികാരത്തിൽ കണ്ണുവച്ചവർക്ക് സൈന്യം മറുപടി നൽകി. അയൽക്കാരുമായി സൗഹൃദവും സഹവർത്തിത്വവുമാണ് ആഗ്രഹിക്കുന്നത്. തീരമേഖലയിലെ 173 ജില്ലകളിൽ ഒരു ലക്ഷം എൻസിസി കേഡറ്റുകളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്.

എല്ലാ കോവിഡ് പോരാളികൾക്കും ആദരമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ ബലി നൽകിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവർക്ക് സഹായം ലഭ്യമാക്കും.രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ. എല്ലാവർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

INDIANEWS24 NEWDELHI DESK

 

Leave a Reply