കൊച്ചി:മുത്തൂറ്റ് മാനേജ്മെന്റുമായുണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ആഗസ്ത് 20 മുതല്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് ഒത്തുതീര്‍പ്പായി.നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷ(സിഐടിയു) ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ 611 ശാഖകളിലും 11 റീജ്യണല്‍ ഓഫീസുകളിലുമുള്ള 1800 ജീവനക്കാരാണ് സമരത്തില്‍ അണിനിരന്നത്.
തൊഴിലാളികള്‍ നാളെ മുതല്‍ ജോലിക്ക് ഹാജരാകും. എല്ലാ ജീവനക്കാര്‍ക്കും 1.10.19 മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാനേജ്മെന്റ് അംഗീകരിക്കും.
കൂടാതെ തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും എന്ന വ്യവസ്ഥയുമുണ്ട്. പണിമുടക്കിന്റെ ഭാഗമായി സസ്പെന്റ് ചെയ്യപ്പെട്ട എല്ലാ ജീവനക്കാരെയും തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കും. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍വ്വീസില്‍ തിരിച്ചെടുക്കും.. പണിമുടക്കിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല.
സ്ഥാപനത്തില്‍ സര്‍ട്ടിഫൈഡ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും. എല്ലാ ജീവനക്കാര്‍ക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും. തടഞ്ഞുവച്ച 25% വാര്‍ഷിക ഇംക്രിമെന്റ് 1.4.19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിതരണം ചെയ്യും.
പണിമുടക്ക് പിന്‍വലിച്ചതിനാല്‍ സംസ്ഥാനത്തെ 611 ബ്രാഞ്ചുകളും വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജീവനക്കാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പരിഗണിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ മാനേജ്മെന്റ് പ്രതിനിധികളും മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്(സിഐടിയു) പ്രതിനിധികളും ഒപ്പുവച്ചു.
INDIANEWS24 KOCHI DESK