jio 800x100
jio 800x100
728-pixel-x-90
<< >>

കെ ആര്‍ ഗൗരിയമ്മ വിട പറഞ്ഞു,കേരളത്തിന്‍റെ ശ്രദ്ധാഞ്ജലി

തിരുവനന്തപുരം: കേരളത്തിന്റെ നവോഥാന ചരിത്ര നായികയും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളുമായ കെ ആര്‍ ഗൗരിയമ്മ വിട പറഞ്ഞു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്ന ഗൗരിയമ്മയ്ക്ക് 102 വയസായിരുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി ഇഴപിരിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഗൗരിയമ്മയുടെ ജീവിതം അസാമാന്യ ധീരതയുടെയും അപൂര്‍വ്വ ത്യാഗങ്ങളുടെയും കറകളഞ്ഞ പ്രതിബദ്ധതയുടെയും സ്വജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ടുള്ള സേവന മനോഭാവത്തിന്റെയും കൂടി ചരിത്രമാണ്.കേരളം ഉയിര്‍ കൊടുത്ത ഏറ്റവും മഹത്തായ ഈ സ്ത്രീ ജന്മം ആലപ്പുഴയുടെ മണ്ണില്‍ നിത്യവിശ്രമം കൊള്ളുകയാണ്.K R Gouri sija jpg

ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചതു്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിഎ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.1957-ലെ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഐ എമ്മിലും ഉറച്ചുനിന്നു.

1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍  റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു കെ ആര്‍ ഗൗരിയമ്മ.കേരളത്തിന്‍റെ പില്‍ക്കാല ചരിത്രം തന്നെ തിരുത്തിയ ഭൂപരിഷ്കരണ നിയമത്തിന്‍റെ ശില്‍പ്പിയാകാനും ഗൗരിയമ്മയ്ക്ക് നിയോഗമുണ്ടായി.രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതലയിലിരിക്കെ ഭൂപരിഷ്‌കരണ ബിരല്‍ നടപ്പാക്കി. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5,00,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ട,രാജവാഴ്ചക്കും ജന്മിത്വത്തിനും കടുത്ത പ്രഹരമേല്‍പ്പിച്ച ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നിലവില്‍ വന്ന  ഏപ്രില്‍ 11 തന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനമായാണ് ഗൗരിയമ്മ വിശേഷിപ്പിച്ചത്.

1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. ഇ കെ നായനാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ആദ്യ മന്ത്രിസഭയില്‍ കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകള്‍ കൈകാര്യം ചെയ്തു. അഭിഭാഷകയായി    പ്രവര്‍ത്തിച്ചു  വരുമ്പോഴാണ്  ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.സഖാവ്  പി കൃഷ്ണപിള്ളയാണ് ഗൗരിയമ്മയ്ക്ക് പാര്‍ട്ടിയില്‍ അംഗത്വം  നല്‍കിയത്.ആ അംഗത്വം പാര്‍ട്ടിയുടെയും കേരളത്തിന്റെയും കൂടി  ചരിത്രമായി മാറുന്ന കാഴ്ചയാണ് പിന്നീട്  കേരളം കണ്ടത്.1994ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായി ജെ  എസ് എസ്  എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചുവെങ്കിലും പില്‍ക്കാലത്ത് ഇടതുപക്ഷത്തേയ്ക്ക് തിരികെ എത്തി.

11ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരെഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്.ഗൗരിയമ്മയുടെ ആത്മകഥ 2010-ല്‍ ആത്മകഥ- കെ ആര്‍ ഗൗരിയമ്മ എന്ന പേരില്‍ പുറത്തിറക്കി. ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കെ ആർ ഗൗരിയമ്മ യുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ  പൊതുദർശനത്തിന് വെച്ചു. അയ്യന്‍കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 300 പേർക്ക് പൊതു ദർശനത്തിൽ പങ്കെടുക്കാമെന്ന് കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനക്കുറിപ്പ്‌ :gauriyamma 1

സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്ക്കായി സമര്പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.
കേരളത്തില് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില് അവര് വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില് ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്.
നൂറുവര്ഷം ജീവിക്കാന് കഴിയുക എന്നത് അപൂര്വം പേര്ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവര്ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂര്വം പേര്ക്കാണ്. ആ അത്യപൂര്വം പേരില്പ്പെടുന്നു കെ ആര് ഗൗരിയമ്മ. ഇങ്ങനെയൊരാള് നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന് കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.
tv -gouri amma
അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാര്ഗനിര്ദേശം നല്കാന് കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാന്. വിദ്യാര്ത്ഥി ജീവിതഘട്ടത്തില് തന്നെ കര്മരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സു പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങള്ക്കിടയില് തന്നെയുണ്ടായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നമുക്ക് നഷ്ടമാകുന്നത്. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്.
സര് സി പിയുടെ കാലത്തെ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവര്ക്ക്,  സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസില്നിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനില്പ്പിന്റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള് പോലും മലയാളത്തില് അവരെക്കുറിച്ചുണ്ടായി.
അത്യപൂര്വം സ്ത്രീകള് മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂര്ത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കില് ഔദ്യോഗിക തലത്തില് തിളക്കമാര്ന്ന തലങ്ങളിലേക്കു വളര്ന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തന്റെ വഴിയെന്ന് അവര് തിരിച്ചറിഞ്ഞു. ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂര്വമായി ജീവിച്ചു.
ഒന്നാം കേരള മന്ത്രിസഭയില് തന്നെ അംഗമായി അവര്. കേരള കാര്ഷിക പരിഷ്കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലില് ശ്രദ്ധേയമായ പങ്കാണവര് വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാര് മന്ത്രിസഭകളിലും അവര് ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
അസാമാന്യ ദൈര്ഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല് പതിനൊന്നു വരെയുള്ള നിയമസഭകളിലും അവര് അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്കാരങ്ങള് വരുത്താനും തനതായ പദ്ധതികള് ആവിഷ്കരിക്കാനും അവര് ശ്രദ്ധിച്ചു. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കള്ക്കൊപ്പം നിന്നു പ്രവര്ത്തിക്കാന് കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തില് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില് വലിയ സംഭാവനയാണ് അവര്ക്കൊപ്പം നിന്നു ഗൗരിയമ്മ നല്കിയത്. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തില് പൊരുതി സ്ഥാപിച്ച വ്യക്തിയാണു ഗൗരിയമ്മ. അതിന് അവര്ക്ക് അക്കാലത്ത് ശക്തിപകര്ന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.
അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില് ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലി;

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തിൽ സമുന്നത സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ  വി എസ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി .

ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.”

INDIANEWS24 TVPM DESK

Leave a Reply