jio 800x100
jio 800x100
728-pixel-x-90
<< >>

2020-21 ധനകാര്യ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചു

തിരുവനന്തപുരം:2020-21 ധനകാര്യ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചു.രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

*ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. പോക്ക്‌ വരവ്‌ ഫീസ്‌ കൂട്ടി.
*ഡാമിലെ മണല്‍ വാരല്‍ തുടരും. മംഗളം ഡാമില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചു.ആറ് ഡാമിലും കൂടി ഉടനെ മണല്‍ വാരൽ ഉടനെ ആരംഭിക്കും
*പുതിയ കാറുകള്‍ വാങ്ങില്ല.പകരം മാസവാടകയ്ക്ക് കാറുകളെടുക്കും
*3000‐ 5000 അടി വിസ്‌തീർണമുള്ള കെട്ടിടങ്ങൾക്ക്‌ 5000 രൂപ നികുതി. കെട്ടിട നികുതി 5 വർഷത്തേക്ക്‌ ഒന്നിച്ചടച്ചാൽ ആദായനികുതിയിൽ ഇളവ്‌.

*തരിശുരഹിത ഗ്രാമങ്ങൾ 26ൽനിന്ന്‌ 152 ആയി വർധിപ്പിക്കാനും നെൽക്കൃഷി പ്രോത്സാഹനത്തിനും ബജറ്റ്‌ നിർദേശം. 118 കോടിരൂപ നെൽക്കൃഷിക്കായി വകയിരുത്തി. ഹെക്ടറിന് 5500 രൂപ സബ്സിഡി നൽകും. കോൾ മേഖലയിൽ ഇരിപ്പൂ കൃഷിക്ക്‌ ഓപ്പറേഷൻ ഡബിൾ കോൾ നടപ്പാക്കുന്നതിന് രണ്ട്‌ കോടിരൂപയും പൊക്കാളി കൃഷിക്ക് രണ്ടുകോടി രൂപയും വകയിരുത്തി.

*റൈസ്‌ പാർക്കും റബർ പാർക്കും ഈ വർഷം:സഹകരണമേഖലയിൽ പാലക്കാട്ടെ റൈസ് പാർക്ക് നടപ്പുവർഷം പ്രവർത്തനം ആരംഭിക്കും. വ്യവസായ വകുപ്പിന്റെ രണ്ട് റൈസ്‌ പാർക്കിന്‌ വിശദ പദ്ധതിരേഖ തയ്യാറായിട്ടുണ്ട്. ഇതിന്‌ 20 കോടിരൂപ വകയിരുത്തി. റബർ പാർക്കിന്റെ ഒന്നാംഘട്ടം ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ആവശ്യം കഴിഞ്ഞുള്ള 500 ഏക്കറിൽ സ്ഥാപിക്കും. പാർക്ക്‌ നടപ്പുവർഷം തുടങ്ങും. റബർ പാർക്കിന്റെ രണ്ടാംഘട്ടത്തിനുള്ള സ്ഥലവും ഈ വർഷം ഏറ്റെടുക്കും.

*എല്ലാ വാർഡിലും 75 തെങ്ങിൻതൈ
നാളികേര ഉൽപ്പാദനം വർധിപ്പിക്കാൻ വാർഡ് ഒന്നിന് 75 തെങ്ങിൻതൈകൾ വീതം വിതരണംചെയ്യും. 40 സഹകരണ സംഘങ്ങൾ ആദ്യഘട്ടത്തിൽ പങ്കാളികളാകും. വെളിച്ചെണ്ണയ്‌ക്കും മറ്റ് നാളികേര ഉൽപ്പന്നങ്ങൾക്കുമുള്ള നിക്ഷേപത്തിന് 25 ശതമാനം സബ്സിഡി ലഭ്യമാക്കും. ഇതേ സഹായം നാളികേര പ്രൊഡ്യൂസർ കമ്പനികൾക്കും നൽകും. തൊഴിൽസംഘങ്ങൾ തേങ്ങയിടുകയും അന്നുതന്നെ ഓൺലൈനായി കൃഷിക്കാർക്ക് വില നൽകുകയുംചെയ്യും. മൂല്യവർധനയുടെ വിഹിതം ബോണസായും വിതരണംചെയ്യും.

*കാർഷികമേഖലയ്‌ക്ക്‌ 2000 കോടി
കാർഷികമേഖലയുടെ അടങ്കൽ 764 കോടിയാണ്. മേഖലയിൽ രണ്ടായിരത്തോളം കോടി രൂപ ഈ വർഷം ചെലവഴിക്കും. മാർക്കറ്റിങ് സംവിധാനങ്ങൾക്ക് 52 കോടിയും വിള ഇൻഷുറൻസിന് 20 കോടിയും സോയിൽ കാർഡ് പദ്ധതിക്ക് 28 കോടിയും വകയിരുത്തി. മണ്ണ്‌,- ജലസംരക്ഷണപ്രവർത്തനങ്ങൾക്ക്‌ 94 കോടി യും വാഴക്കുളത്തെ പൈനാപ്പിൾ സംസ്‌കരണകേന്ദ്രത്തിന് മൂന്നുകോടിയും വകയിരുത്തി.

*പുരയിട പച്ചക്കറിക്കൃഷി പ്രോത്സാഹനത്തിനുള്ള ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിക്ക്‌ 18 കോടി വകയിരുത്തി. വിഎഫ്പിസികെയ്ക്ക് ഏഴ്‌ കോടിയും നീക്കിവച്ചു.

*ലോക പട്ടിണി സൂചികയിൽ രാജ്യം താഴേക്ക്‌ പോകുമ്പോൾ വിശപ്പുരഹിത സംസ്ഥാനമാകാൻ കേരളം. വിശക്കുന്നവർക്ക്‌ പോക്കറ്റ്‌ ചോരാതെ ഭക്ഷണം നൽകുമെന്ന്‌ എൽഡിഎഫ്‌ സർക്കാർ. സംസ്ഥാനത്ത്‌ 25 രൂപയ്ക്ക്‌ ഊണ്‌ നൽകുന്ന 1000 ഭക്ഷണശാല തുടങ്ങും. കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും ഇവ.

വിശപ്പുരഹിത പദ്ധതി നേരത്തെ നടപ്പാക്കിയ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളെ ഏപ്രിൽമുതൽ വിശപ്പുരഹിതമേഖലയായി പ്രഖ്യാപിക്കും. പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ പ്രത്യേക ധനസഹായമായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.

പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്ക്‌ സൗജന്യമായി ഭക്ഷണം വീട്ടിൽ എത്തിക്കും. ഇതിന്‌ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും.

സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും ഊണൊന്നിന് പരമാവധി 25 രൂപ നിരക്കിൽ നൽകുന്ന ഭക്ഷണശാല തുടങ്ങാനും അവസരമുണ്ട്‌. 10 ശതമാനം ഊണെങ്കിലും സ്പോൺസർമാർവഴി സൗജന്യമായി നൽകണമെന്നുമാത്രം. സന്നദ്ധത അറിയിക്കുന്ന സ്ഥാപനങ്ങൾക്ക് ഗുണഭോക്താക്കളുടെ എണ്ണം തിട്ടപ്പെടുത്തി റേഷൻനിരക്കിൽ അരിയും സഹായ വിലയ്ക്ക് പലവ്യഞ്ജനവും നൽകും. ഇതിനായി സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 62 കോടി വകയിരുത്തി. 1036 കോടി രൂപയാണ് ഭക്ഷ്യ സബ്സിഡി. കമ്പോള ഇടപെടലിനും ഭക്ഷ്യ സബ്സിഡിക്കുമായി ആവശ്യാനുസരണം അധിക ധനസഹായവും നൽകും.

പൊതുവിദ്യാഭ്യാസമേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പുത്തനുണര്‍വുണ്ടായെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. പൊതുവിദ്യാലയങ്ങളില്‍ രണ്ടു മുതല്‍ പത്തുവരെ ക്ലാസുകളില്‍ അഞ്ചുലക്ഷത്തോളം കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ഇതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ആകെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനയുണ്ടായി. 2016 വരെ ഈ എണ്ണം തുടര്‍ച്ചയായി കുറയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളില്‍ 499450 കുട്ടികള്‍ കുറയുകയാണുണ്ടായത്. വിദ്യാഭ്യാസ മേഖലയിലെ പുതിയ ഉണര്‍വ്വിന്റെ പ്രധാന ഘടകം പൊതുവിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങളുടെ വിപുലീകരണമാണ്.

കുട്ടികളുടെ സര്‍ഗ്ഗാത്മക പരിപോഷിപ്പിക്കുന്നതരത്തില്‍ പൊതുവിദ്യാലയങ്ങള്‍ നവീകരിക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കിഫ്ബി, പ്ലാന്‍ ഫണ്ട്, എംഎല്‍എ, എംപി ഫണ്ടുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുടങ്ങിയവയില്‍ നിന്ന് ഏതാണ്ട് 3500 കോടി രൂപയുടെ 80 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളാണ് നിര്‍മ്മാണത്തിലിരിക്കുന്നത്. ഈ നവീകരണത്തിന് ചരിത്രത്തില്‍ സമാനതകളില്ല.

എയ്ഡഡ് സ്‌കൂളുകളില്‍ ചലഞ്ച് ഫണ്ടായി 20 കോടി രൂപ നല്‍കിക്കഴിഞ്ഞു. ഈ പദ്ധതി 2020-21ലും തുടരും. പൊതുവിദ്യാഭ്യാസ മേഖലയുടെ മൊത്തം അടങ്കല്‍ 19130 കോടി രൂപയാണ്. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും അനുബന്ധ വിദ്യാഭ്യാസ പരിപാടികള്‍ക്കുള്ള എല്ലാ സ്‌കീമുകളും തുടരും.

ചുവടെപ്പറയുന്ന പുതിയ പരിപാടികളും ഏറ്റെടുക്കുന്നതാണ്.

♦ പുതിയ കെട്ടിടങ്ങളില്‍ പുതിയ ഫര്‍ണീച്ചറിനു വേണ്ടിയുള്ള ഒരു സ്‌കീമിനു രൂപം നല്‍കുന്നതാണ്.
പഴയ ഫര്‍ണീച്ചറുകള്‍ പുനരുപയോഗിക്കും.
♦ ഘട്ടം ഘട്ടമായി മുഴുവന്‍ സ്‌കൂളുകളിലും സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും.
♦ സ്‌കൂള്‍ ക്ലസ്റ്ററുകളില്‍ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാലന്റ് സ്‌കീമിന് രൂപം നല്‍കും.
♦ ശ്രദ്ധ സ്‌കീമുകള്‍ വിപുലീകരിക്കും.
♦ ലാബുകള്‍ നവീകരിക്കും.
♦ സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തുന്നു.
♦ പ്രതിഭാതീരം പദ്ധതി വ്യാപിപ്പിക്കും.
♦ പ്രീ-പ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ വര്‍ദ്ധിപ്പിക്കുന്നു.
♦ പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ ഉയര്‍ത്തുന്നു.

ജനകീയാസൂത്രണത്തിന്റെ 25-ാം വര്‍ഷത്തില്‍ മറ്റൊരു ജനകീയ യജ്ഞത്തിന് കേരളം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്ത പ്രതിരോധത്തിന് സമഗ്രമായ പ്രാദേശിക പദ്ധതികള്‍ രൂപപ്പെടുത്തുമെന്നും ഇത്ര വിപുലമായ പ്രാദേശിക ദുരന്തപ്രതിരോധ / പ്രതികരണ പരിപാടി ലോകത്ത് ആദ്യമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ പരിശീലനം പൂര്‍ത്തിയായി. വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനു മുമ്പായി റിപ്പോര്‍ട്ടുകളുടെ കരട് തയ്യാറാകും. 2018ലെയും 2019ലെയും പ്രകൃതി ദുരന്തങ്ങള്‍ നല്‍കിയ പാഠങ്ങളുടെ അടിസ്ഥാനത്തില്‍, സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഓരോ വാര്‍ഡിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും എന്തെല്ലാമെന്ന ഭാഗമാണ് ഈ റിപ്പോര്‍ട്ടിന്റെ ഏറ്റവും കാതലായ വശം.

ഇത് എല്ലാ ഗ്രാമസഭകളിലും ചര്‍ച്ച ചെയ്യും. ചര്‍ച്ചകളെ ആസ്പദമാക്കി ചില പ്രോജക്ടുകള്‍ എങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു.
INDIANEWS24 FINANCE DESK

Leave a Reply