‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നത് നല്ലൊരു പഴമൊഴിയാണ്.
ലക്ഷക്കണക്കായ മലയാളികളുള്ള യുകെ പ്രവാസികളോട് ഒരു പുതു മൊഴി ചോദിച്ചോട്ടെ.
കണ്ണാടി വേണ്ടെന്നു വെയ്ക്കാന്‍ നല്ലൊരു ചങ്ങാതി ഉണ്ടോ നിങ്ങള്‍ക്ക് ?
ചങ്ങാതിമാര്‍ ഒരുപാടുണ്ട് എന്ന് പറയുന്നവര്‍ കുറവായിരിക്കില്ല.എന്നാല്‍ നുരഞ്ഞു പൊങ്ങുന്ന വിസ്കിയുടെയും പതഞ്ഞു പൊങ്ങുന്ന ബിയറിന്റെയും പിന്‍ബലമില്ലാതെ ,ചിരികളും ചിന്തകളും പങ്കു വെയ്ക്കാന്‍ പാകത്തിലുള്ള ചങ്ങാതിമാര്‍ ഒരു പഴങ്കഥയാണ് എന്നതല്ലേ സത്യം. പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം മുതല്‍ ഇരുപത്തിയഞ്ചോ മുപ്പതോ വയസ്സ് പ്രായം വരെ ഒരുപാടു ചങ്ങാതിമാര്‍ .അന്നത്തെ കണ്ണീരും പിന്നത്തെ കിനാവും സന്ധ്യക്ക് കാണുന്ന കൂട്ടുകരോട് മറയില്ലാതെ പങ്കു വെച്ചിരുന്ന ആ നിഷ്കളങ്കത ആസ്വദിക്കാത്ത ആരെങ്കിലും കാണുമോ ഈ ഭൂമിമലയാളത്തില് .ജീവിത സങ്കല്പങ്ങള്ക്ക് മാരിവില്ലിന്റെ ശോഭയുള്ള ചിറക് മുളച്ച പ്രായത്തില്‍ ,കലാലയത്തിന്റെ സര്‍ഗ്ഗ മാധുര്യം അനുഭവിച്ചവരാണ് നമ്മില്‍ ഏറെയും. അക്കൂട്ടര്‍ സൗഹൃദങ്ങളുടെ ഒരു വലിയ സമ്പാദ്യവുമായിട്ടല്ലേ കലാലയങ്ങളുടെ പടികള്‍ ഇറങ്ങിയത്.
യുകെയില്‍ മാത്രമല്ല പൊതുവില്‍ പ്രവാസ ലോകത്ത് ജീവിക്കുന്ന മുപ്പത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല എന്നത് ഒരു സത്യമാണ്.എല്ലാവരും പൊതുവില്‍ പറയുന്ന ഒരു ന്യായമുണ്ട്.കുട്ടികളും കുടുംബവും ഒക്കെ ആയില്ലേ.പഴയ പോലെയാണോ. കുടുംബമായി അഥവാ ഗൃഹസ്ഥാശ്രമി ആയി എന്ന് കരുതി സൗഹൃദങ്ങള്‍ പാടില്ല എന്നുണ്ടോ?
സൗഹൃദങ്ങളെ പക്വതയുടെ തലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് വരുവാന്‍ നമുക്ക് പ്രാപ്തി ഇല്ല.ലോകം കണ്ടതില്‍ വച്ച് ഏറ്റവും ആഴവും പരപ്പും ഉള്ള സാഹിത്യം സത്യവേദ പുസ്തകമായ ബൈബിള്‍ ആണ് എന്ന് ഇംഗ്ലീഷ് സാഹിത്യ പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബൈബിളിന്റെ നാല് വരിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സൗഹൃദങ്ങള്‍ യുകെ യില്‍ ഉണ്ടോ എന്നത് സംശയമാണ് ?
മുപ്പത് വയസ്സ് എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം യൗവനം സ്വയം അവസാനിപ്പിച്ച് വര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന പ്രായമാണ്.നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ രാമ നാമം ജപിച്ചു തുടങ്ങുന്ന കാലം.ലക്ഷം രൂപക്ക് മുകളില്‍ മാസ വരുമാനമുള്ള യു കെ,അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ കൂടുതല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്നു.പണ്ടുള്ളതിനേക്കാള്‍ സൗഹൃദങ്ങള്‍ക്ക് അവസരങ്ങള്‍ കൂടുതലാണ്. ഫോണ്‍ ,ഫെയ്സ് ബുക്ക് ,ട്വിറ്റര്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.പണത്തിനു പഞ്ഞമില്ല എന്ന് പറയാനാകില്ല. എങ്കിലും ദാരിദ്ര്യം ഇല്ല.ഒരു ടെക്സ്റ്റ് മെസേജിലൂടെ വേണമെങ്കിലും സുഹൃത്തിനെ സാന്നിധ്യം അറിയിക്കാം.ഓണാഘോഷം കൃസ്ത്മസ് ആഘോഷം പിറന്നാളാഘോഷം എല്ലാം കെങ്കേമം പക്ഷെ നല്ല കൂട്ടകാരെ കിട്ടുന്നില്ല.കിട്ടുന്നത് വെറും ഗ്ലാസ് മേറ്റ്സുകള് മാത്രം.
പ്രവാസ ലോകത്ത് ജീവിക്കുന്ന മലയാളികളില്‍ ഏറിയ പങ്കും കുടിയേറ്റ കര്‍ഷകരെ പോലെയാണ്.ഓരോരുത്തരും സാമ്പത്തിക നേട്ടങ്ങളുടെ ഒരു വലിയ കൂമ്പാരവും താങ്ങിയാണ് നടക്കുന്നത്.ആ നേട്ടങ്ങള്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ .എല്ലാത്തിലുമപരിയായി കിട്ടുന്ന പണം ബുദ്ധിപരമായി ചിലവാക്കുന്ന കാര്യത്തില്‍ എന്നോളം മിടുക്ക് നിനക്കില്ല എന്ന വമ്പത്തരവും കൂട്ടിനുണ്ട്.
ഉദാഹരണത്തിനു തണുപ്പ് കാലം തുടങ്ങുന്നതിനു മുന്‍പ് യുകെ മലയാളികളില്‍ അനവധി പേര് തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു ചോദ്യം. ഓയില്‍ അടിച്ചോ? ഞാന്‍ ഓയില്‍ അടിച്ചില്ല എന്ന മറുപടി ലഭിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ആ ചോദ്യം ചോദിക്കുന്നത്.
ഓയില്‍ അടിച്ചില്ല എന്ന് മറുപടി ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ വരുന്ന വാചകങ്ങള്‍ മുന്‍പ് നിശ്ചയച്ച് ഉറപ്പിച്ച തിരക്കഥ പ്രകാരമാണ്.ഞാന്‍ കഴിഞ്ഞയാഴ്ച 500 പൌണ്ടിന് അടിച്ചു.ഈ തിങ്കളാഴ്ച വില കൂടി. ഈ ഓയില്‍ കഥ കേട്ടവന് ‘ശശി’യായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഓയിലിന്റെ പേരില്‍ മാത്രമല്ല പുതിയ കാര്‍ മേടിക്കുമ്പോള്‍ , നാട്ടില്‍ വീട് പണിയുമ്പോള്‍ എല്ലാം അതിന്റെ പേരില്‍ കിട്ടുന്ന അവസരത്തില്‍ ആളുകളെ ‘ശശി’യാക്കുന്നത് യുകെയില്‍ കുറവല്ല.ബെര്‍ത്ത് ഡേ പാര്‍ട്ടികള്‍ സാക്ഷി!!
‘ശശി’യായവന് വലിയ താമസമില്ലാതെ അടുത്ത അവസരത്തില്‍ ശാ…ശീ… ഉണ്ടാക്കും.മനോഹരമായി വസ്ത്രധാരണം ചെയ്തവരുടെ മനോഭാവങ്ങള്‍ വികൃതമാകും. പരപുച്ഛത്തിനു മരുന്നു കണ്ടു പിടിക്കാന്‍ ആത്മീയ നേതൃത്വത്തിനും കഴിയുന്നില്ല.
ഒന്നിനും വേണ്ടിയല്ലാതെ മനുഷ്യരോട് സംസാരിക്കാന്‍ ,തമാശകള്‍ ആസ്വദിക്കാന്‍ ,അനുഭവങ്ങള്‍ പങ്കു വെക്കാന്‍ ,മുഖത്ത് നോക്കി സംസാരിക്കാന്‍ നാം ഓരോരുത്തരും തയ്യാറായെങ്കില്‍ മാത്രമേ നല്ല ചങ്ങാതിമാര്‍ ലഭിക്കു എന്ന് പണ്ടേ മനശാസ്ത്ര വിദഗ്ദ്ധര്‍ കണ്ടേത്തിയിട്ടുള്ളതാണ്.
നല്ല ബന്ധങ്ങള്‍ ഉണ്ടാകാന്‍ പക്വത തടസ്സമാകരുത്. പക്വമതികള്‍ എന്ന് പറഞ്ഞു കലഹം വിതച്ചു കലഹം കൊയ്ത് ജീവിക്കുന്നവര്‍ എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട്.നല്ല ചങ്ങാതിമാരുമൊത്തുള്ള ആ ചെറുപ്പ കാലം സന്തോഷം നിറഞ്ഞതായിരുന്നു.ഇന്നിപ്പോള്‍ ആള് കൂട്ടത്തില്‍ തനിയെ എന്ന് തോന്നുന്നു.പങ്കു വെക്കല്‍ ഇല്ലാത്തതിനാല്‍ ദുഃഖത്തിന്റെ ആഴക്കയത്തില്‍ വീണ് പോകുന്നവര്‍ കൂടുതല്‍ ആഴത്തില്‍ ദൈവത്തെ വിളിക്കും .പക്ഷെ സീസറിനുള്ളത് സീസറിന് തന്നെ കൊടുക്കണ്ടേ?
തമിഴ് തിരുക്കുറലില്‍ പറയുന്നതിങ്ങനെയാണ്
‘ദുഃഖത്തനങ്ങോട്ട് ദുഃഖത്തെ ചേര്‍ക്കുന്നു
ദുഃഖത്തെ പങ്കു വെക്കാത്തവര്‍ ….
ദുഃഖമായാലും സന്തോഷമായാലും പങ്കു വെക്കാന്‍ നല്ല ചങ്ങാതിമാര്‍ ഉണ്ടാവണം .കണ്ണാടിയെ തോല്‍പ്പിക്കുന്ന നല്ല ചങ്ങാതിമാര്‍ .കല്യാണം കഴിച്ച് വലിയ ചേട്ടായിമാര് ആയിപ്പോയി എന്നത് കൊണ്ട് സൗഹൃദങ്ങള്‍ വേണ്ടെന്നു വെക്കുന്നവര്‍ക്ക് ‘ചേട്ടായീസ്’ എന്ന മലയാള ചിത്രത്തിലെ ഒരു ഗാനം സമര്‍പ്പിക്കുന്നുhttp://www.youtube.com/watch?v=dhWTP88BskA