jio 800x100
jio 800x100
728-pixel-x-90
<< >>

സാഗരങ്ങള്‍ മറികടന്ന പാട്ടിന്റെ കൂട്ടുകാരന്‍

പാട്ടുകള്‍ക്കെല്ലാം ലോകമെമ്പാടും എണ്ണിയാല്‍ തീരാത്തത്ര കൂട്ടുകാരുണ്ട്.നാടും ഭാഷയും വന്‍കരകളും കടന്നെത്തുന്ന ആ കൂട്ടുകാര്‍ക്കെല്ലാം ഇഷ്ടപ്പെടുന്ന ഒരു പാട്ടുകാരന്‍ കൊച്ചിയിലുണ്ട്.പറഞ്ഞറിയിക്കാന്‍ ഇന്ന് ഒരു പേരിന്റെ ആവശ്യംപോലുമില്ലെങ്കിലും ഒന്നുപറയാതെ എങ്ങനെ തുടങ്ങും.എറണാകുളത്തെ വടുതല വളവില്‍ ശ്രീമുരുകന്റെ അമ്പലത്തിന് charlesഅടുത്തുള്ള കൊമരോത്ത്‌ വീട്ടില്‍ കെ വി ജോസഫ് – ട്രീസ(പരേത) ദമ്പതികളുടെ എട്ട് മക്കളില്‍ ഏറ്റവും ഇളയ മകന്‍
ചാള്‍സ് ആന്റണി.

ആ പേരു കേട്ടാല്‍ വലിയ വിവിഐപികള്‍ക്കായി പാടുന്ന ഇന്റര്‍നാഷണല്‍ പാട്ടുകാരന്‍ എന്ന പ്രതിബിംബമായിരിക്കും മനസ്സിലേക്ക് ഓടിയെത്തുക.കാരണം ഈ പാട്ടുകാരനെ ലോകം കുറേ കൂടി അറിയുന്നത് അത്തരം ഒരു വേദിയിലൂടെയായിരുന്നു.അതെല്ലാം പത്രത്താളുകള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ അപൂര്‍വ്വ വിരുന്നുകളില്‍ ഒന്നുമാത്രം.ഇവന്റുകള്‍ കീഴടക്കാന്‍ ഒരു ഗിറ്റാറുമായി ഇറങ്ങിത്തിരിച്ച ഈ പാട്ടുകൂട്ടുകാരനെ പറ്റി ഇനിയും പറയാന്‍ തുടങ്ങിയാല്‍ ഒരു ഫേയ്മസ്‌ സിനിമാ ഡയലോഗ് കടമെടുക്കാതിരിക്കാന്‍ ആകില്ല.’സംഗീതം അനന്ദ സാഗരമാണ്’ എങ്കില്‍ ആ സാഗരങ്ങള്‍ മറികടന്ന് പാട്ടുകളെ റാഞ്ചിയെടുത്ത ക്രെഡിറ്റിന്റെ ഉടമയായിരിക്കും ചാള്‍സ് ആന്റണി.പാട്ടുകളെ റാഞ്ചിയെടുത്ത കൂട്ടത്തില്‍ പാട്ടിന്റെ കൂട്ടുകാരുടെ ചങ്ക് കൂടി പിടിച്ചടക്കി.ആ ഒരു കാരണം കൊണ്ടാവണം ഇന്ന് കൊച്ചിക്കാരനെന്നോ മലയാളിയെന്നോ തളച്ചിടാനാകത്ത വിധം ചാള്‍സിന് മാറേണ്ടി വന്നിരിക്കുന്നു.ഇവന്റുകളെല്ലാം പല രാജ്യങ്ങളിലാകുന്നതിനാല്‍ പാട്ടുമായി ലോകത്തിന്റെ പലയിടത്തേക്കും ചുറ്റിത്തിരിയുകയാണ്‌.

എല്ലാവരും കൊച്ചിക്കാരെന്നു വിളിക്കുന്ന എറണാകുളത്തെ ആളുകള്‍ക്ക് ഒരു അടിസ്ഥാന സ്വഭാവമുണ്ട്‌.ഇവിടെ ഒത്തുകൂടുന്നതിനും ആഘോഷിക്കുന്നതിനും പ്രായഭേദങ്ങളൊന്നും പ്രശ്‌നമാക്കാറില്ല.ആഘോഷം, അതിലാണ്‌ കാര്യം. അതില്‍ എല്ലാ അപാകതയും ഇല്ലാതാകുന്നു.സങ്കടങ്ങളായാലും ദേഷ്യങ്ങളായാലും എല്ലാം അലിഞ്ഞില്ലാതാകുന്നു.അതിന് മാറ്റുകൂട്ടാന്‍ കൂറേ പാട്ടുകേന്ദ്രങ്ങളുണ്ട്.അതെല്ലാം കെട്ടുംമട്ടുമുള്ള പുതിയ തലമുറയിലെ മ്യൂസിക് ബാന്‍ഡുകളോ പഴയതലമുറയിലെ നാടന്‍ ഗാനമേളാ സംഘങ്ങളോ ആകണമെന്ന് നിര്‍ബന്ധമൊന്നുമില്ല.ഏതെങ്കിലും ഒരു വീട്ടിലോ പീടിക മുറുകളിലോ ഒത്തുകൂടി ഇരുന്നുപാടിയാല്‍ അതും ഇവിടെ ഒരു ആഘോഷമാണ്.ചാള്‍സിന്റെ ജന്മനാടായ വടുതലയ്ക്കും പരിസരത്തും ഉയര്‍ന്നു വന്ന കലാകായിക മികവിന് അവിടെ സ്ഥാപിതമായ ഡോണ്‍ ബോസ്‌കോ പള്ളിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഒരു നിര്‍ണ്ണായക സ്ഥാനമുണ്ട്.പാട്ടിനോടുള്ള കമ്പം തുടങ്ങിയ കാലത്ത് ജേഷ്ഠന്‍ ജോസഫ് എഡ്വേര്ഡിന്റെ കൂടെ പള്ളിയിലെ പാട്ട് സംഘത്തിലൊരാളായി ചാള്‍സും ഉണ്ടായിരുന്നു.ഇന്ന്‌ ഇന്ത്യക്കാരെക്കാല്‍ വിദേശികള്‍ കാതോര്‍ക്കുന്ന ചാള്‍സിന്റെ ആദ്യ Charles 3സ്‌റ്റേജ് പെര്‍ഫോര്‍മന്‍സ് ഇതേ പള്ളിയിലായിരുന്നു.നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍.ഗിറ്റാറിനോടാണ് കൂടുതല്‍ പ്രിയം.മൂത്ത ജേഷ്ഠന്‍ ജോസ് എഡ്വേര്‍ഡില്‍ നിന്നാണ് ഗിറ്റാറിന്റെ ബേസിക്കുകള്‍ പഠിച്ചെടുത്തത്.വടുതലയിലെ കൊമരോത്ത് വീട്ടില്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന ജോസഫിനും ഭാര്യ ട്രീസയ്ക്കും ജനിച്ച എട്ട് മക്കള്‍ക്കും സംഗീതം ജീവശ്വാസം തന്നെയാണ്.കുടുംബത്തില്‍ പരമ്പരയായി ലഭിച്ച ഈ പാട്ട് കമ്പം ഇതൊരു സംഗീത കുടുംബമാക്കി മാറ്റി.ഇവിടെ സംഗീതത്തെ അറിയാത്തവര്‍ ആരുമില്ല.ചാള്‍സിന്റെ രണ്ടാമത്തെ ജേഷ്ഠന്‍ ബോസ്‌കോ വയലിനിസ്റ്റാണ്.അഞ്ച് ചേച്ചിമാരുണ്ട് അവരുടെയും ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാണ് പാട്ട്.എല്ലാവരും പ്രൊഫഷണലായി സംഗീതം പഠിച്ചവര്‍ തന്നെ ജീവിതത്തില്‍ മറ്റ് മേഖലകളിലേക്ക് തിരഞ്ഞെങ്കിലും ഇന്നും ജീവശ്വാസം പോലെ സംഗീതം അവര്‍ക്കൊപ്പമുണ്ട്.എല്ലാ മക്കളും പാട്ടിന്റെ വഴിക്ക് തിരിച്ചുവിട്ടതിന്റെ പ്രധാന ശക്തി അമ്മ ട്രീസയായിരുന്നു.എല്ലാവരെയും പാട്ടിന്റെ വഴിയില്‍ സജ്ജീവമാക്കിയ അമ്മ മാത്രം കൊമരോത്ത് വീട്ടില്‍ ഇന്നില്ല.ഭൗതീകമായി ഇല്ലെന്നേ ചാള്‍സ് പറയൂ, കാരണം ചാള്‍സിന്റെ പാട്ടിലും പാട്ടിന്റെ വഴിക്ക് അങ്ങേയറ്റം പിന്തുണയ്ക്കുന്ന ഭാര്യ സോഫിയയുടെ മനസാന്നിധ്യത്തിലും ഈ പാട്ടുകാരന്‍ അമ്മയുടെ സാമീപ്യം ജീവസ്സുറ്റ് നില്‍ക്കുന്നതായി അറിയുന്നു.ഇത്രയേറെ പാട്ടിനെ ഇഷ്ടപ്പെടുന്ന വീട്ടില്‍ വളര്‍ന്ന ചാള്‍സ് തന്റെ കുട്ടിക്കാലത്ത് മനസ്സില്‍ ചേക്കേറിയ പാട്ടുമായി കൂട്ടുകൂടാന്‍ തുടങ്ങിയതാണ്‌.ആ കൂട്ട് കയ്യും കണക്കുമില്ലാതെ വളര്‍ന്നു പന്തലിച്ചു.പഠനങ്ങളെല്ലാം വിട്ട് സ്വയം ജീവിക്കാന്‍ പ്രായമായപ്പോഴും പാട്ടിനെ വിട്ട് മറ്റൊരു തൊഴിലിനെ കുറിച്ച് ചിന്തിച്ചതുപോലുമില്ല. ചാള്‍സ് ആന്റണി വടുതലയ്ക്കു പുറത്തേക്ക് സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി.പാട്ട് ജീവിതം തൊഴിലാക്കിയ ആളുകള്‍ നിരവധി അനവധിയുണ്ട്.അത്തരക്കാരെല്ലാം ഒപ്പം നില്‍ക്കാന്‍ പറ്റിയ ഒരു സംഘത്തെ പറ്റിയേ ഏതൊരു ഗായകനും ചിന്തിക്കൂ.ഇവിടെ ചാള്‍സ് ആരില്ലേലും പാട്ടിന് ഞാനും എനിക്ക് പാട്ടും ഉണ്ടാകും  എന്ന് ചങ്കുറപ്പോടെ ഒരു ഗിറ്റാറും ഹാര്‍മോണിയവും കൈയ്യിലെടുത്ത്‌ സോളോ പെര്‍ഫോമറായി ഇറങ്ങിത്തിരിച്ചു.നീണ്ട 20 വര്‍ഷക്കാലം നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിലും സ്വകാര്യ ചടങ്ങുകളിലും പരിപാടികളിലും സാന്നിധ്യമായി ചാള്‍സ് ആന്റണി എന്ന സോളോ പെര്‍ഫോമര്‍ ചുവടുവച്ച് നീങ്ങി.അതിനിടയ്‌ക്കെല്ലാം മലയാളിക്ക് മലയാളം പാട്ട് പ്രിയങ്കരമാകുന്ന പോലെ കടല്‍ കടന്ന ഓരോ സഞ്ചാരിക്കും അവരുടെ ഭാഷയില്‍ പാട്ട് പാടി കേള്‍പ്പിക്കണം എന്ന് ഈ സംഗീതപ്രേമിയിലെ മനസ്സ് കൊതിച്ചു.പാട്ടിനെ ഇഷ്ടപ്പെടുന്ന ലോകസഞ്ചാരികളുമായി ചാള്‍സ് സല്ലപിക്കാനും സമയം കണ്ടെത്തി കൂട്ടത്തില്‍ മെല്ലെ മെല്ല ഭാഷകള്‍ പലതും പഠിച്ചെടുത്തു.സ്പാനീഷ്,ഇറ്റാലിയന്‍,ഫ്രഞ്ച്,ജര്‍മ്മന്‍,മെക്‌സിക്കന്‍,സ്വിസ്,റഷ്യന്‍, ആഫ്രിക്കന്‍,അറബി,ജാപ്പനീസ്,കൊറിയന്‍,സംഹളീസ്(ശ്രീലങ്ക),മലയ(മലേഷ്യ),ഹീബ്രൂ തുടങ്ങിയ പതിന്നാല് ഭാഷകളില്‍ ഇന്ന് ചാള്‍സ് ആന്റണി എന്ന ഗായകന്‍ പാടും.കടല്‍തീരം തൊട്ടുപിരിയുന്ന ഓളംകണക്കെ നല്ല ഒഴുക്കിലും താളത്തിലും ഈ കൂട്ടുകാരന്റെ പാട്ടുകള്‍ പ്രവാഹങ്ങളായി.ചാള്‍സില്‍ നിന്നും ഒഴുകുന്ന ആ പാട്ടുകള്‍ കാതിലടിച്ചാല്‍ ചെറുവിരലെങ്കിലും അനക്കാത്തവരുണ്ടെങ്കില്‍ ജീവനില്ലാത്തവര്‍ മാത്രമായിരിക്കും.

വിദേശികളും സ്വദേശികളുമായ ഒരുപാട് വിരുന്നുകാര്‍ക്കായി ചാള്‍സില്‍ നിന്നും ഒഴുകിപരന്ന സംഗീതത്തിനൊപ്പം വര്‍ഷങ്ങള്‍ കടന്നുപോയി.ഈ കാലയളവില്‍ പാട്ടുകേട്ടവര്‍ പലരും പാട്ടുകാരുനുമൊത്തു ചങ്ങാത്തംകൂടി പലരും പലയിടത്തേക്കും കൂട്ടിക്കൊണ്ടുപോയി.അങ്ങനെ കേരളം വിട്ടും രാജ്യം വിട്ടും ചാള്‍സ് പാടിയ പാട്ടുകള്‍ പാറിപ്പറന്നെങ്കിലും നല്ലൊരു ബ്രേക്ക് ലഭിക്കാന്‍ ദൈവത്തിന്റെ കരംപകര്‍ന്ന കൈകള്‍ വേണ്ടിവന്നു.അതിനും വഴിമരുന്നായത് പാട്ട് കേട്ട് ചങ്ങാത്തം കൂടിയ ഒരു വ്യവസായിയുടെ ബന്ധുവായിരുന്നു.ആ ബന്ധംവഴി ദൈവത്തിന്റെ കൈപിടിച്ച് ഗോള്‍ നേടിയ ഒരേയൊരു ഫുട്‌ബോളര്‍ സാക്ഷാല്‍ ഡീഗോ മറഡോണയ്‌ക്കൊപ്പം കണ്ണൂരില്‍ നടന്ന ഇവന്റില്‍ ചാള്‍സ് പാടി.മറഡോണയുടെ 52-ാം പിറന്നാള്‍ കൂടിയായ അന്ന് ചാള്‍സ് Charles 4ആന്റണിയുടെ പാട്ടുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെയും ചുണ്ടുകള്‍ ചലിച്ചു.1986ല്‍ അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ ലോകം കണ്ട അതേ ആവേശത്തോടെ കേരള മണ്ണില്‍ മറഡോണ തുള്ളിച്ചാടി.പിന്നീടുള്ള ദിവസങ്ങളിലെല്ലാം മറഡോണ മതിമറന്നു ആഹ്ലാദിക്കാനിടയായ ഗായകനുവേണ്ടി മാറ്റിവെക്കാന്‍ പത്രത്താളുകള്‍ മത്സരിച്ചു.ആ സംഭവത്തിന് ശേഷം ചാള്‍സിന്റെ പാട്ടുകേള്‍ക്കാന്‍ നിയോഗപ്പെട്ടവരുടെ റേഞ്ച് തന്നെ മാറിപ്പോയി.ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍,സച്ചിനെ ഏറെ ആരാധനയോടെ കാണുന്ന മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ഗ്ലെന്‍ മക്ഗ്രാത്ത്,ഇറ്റാലിയന്‍ ഫുട്‌ബോളര്‍ അലെസാന്ധ്രോ ദെല്‍ പിയെറോ തുടങ്ങി പ്രമുഖരുടെ നിര നീണ്ടുവരികയാണ്.മലയാളത്തിനും അപ്പുറം പത്രമാധ്യമങ്ങള്‍ ചാള്‍സിനെ കുറിച്ചെഴുതുന്നതിനിടെ ലോകത്തെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ ചാനലായ ബിബിസി ന്യൂസിന്റെ പ്രതിനിധികളും ചാള്‍സുമായി വര്‍ത്തമാനത്തിനെത്തി.

2013 നവംബറില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ സച്ചിന്‍ പവിലിയന്‍ ഉദ്ഘാടനത്തിനിടെയാണ് ചാള്‍സ് ആന്റണിയെ ആദ്യമായി കാണുന്നത്.ക്രിക്കറ്റ് ഇതിഹാസത്തെ ആദരിക്കാന്‍ പവിലിയനില്‍ കെ സി എ ഒരുക്കിയ കാഴ്ച്ചകള്‍ വീക്ഷിക്കുന്നതിനിടെ ഗിറ്റാര്‍ സ്റ്റ്രിങ്‌ ചലിക്കുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ബോബ് മേര്‍ലിയുടെ “ബഫലോ സോല്‍ജ്യേഴ്‌സ്….” കാതിലേക്കെത്തി.പാട്ട് പ്രവഹിക്കുന്ന ഇടത്തേക്ക് നോക്കിയതും തൊട്ടടുത്ത് ചാള്‍സ് ആന്റണി പാടിക്കൊണ്ട് ചുവടുവെക്കുന്നു.ചാള്‍സിനൊപ്പം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്‌ ടീം മാനേജരും പഴയകാല ക്യാപ്റ്റനുമായ റിച്ചി റിച്ചാര്‍ഡ്‌സണും ഏറ്റുപാടുന്നു.പാട്ടിനൊപ്പം പാദങ്ങളും ചലിപ്പിക്കുന്നുണ്ടായിരുന്നു അദ്ദേഹം.രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സുമായി നേരിട്ട് കൂടിക്കാണുമ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ എ ത്രി സൈസ് പേപ്പര്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിനുള്ള ഒരു ഫയല്‍ ഉണ്ട്‌.ജീവിതത്തില്‍ വഴിത്തിരിവായസംഭവം മുതല്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പത്രമാധ്യമങ്ങള്‍ തന്നെ കുറിച്ചെഴുതിയ ഓരോ വാര്‍ത്താ കുറിപ്പുകളുടെയും കട്ടിംഗ് കട്ടിയുള്ള പേപ്പറില്‍ ഫോട്ടോ പ്രിന്റായി നിധിപോലെ സൂക്ഷിച്ചിരിക്കുന്നു.ഇതേ വരെയുള്ള പാട്ടുമായുള്ള തന്റെ കൂട്ടിന്റെ സാക്ഷിപത്രമായാണ്‌ അദ്ദേഹം ആ ഫയല്‍ കൊണ്ടു നടക്കുന്നത്.അതിലെ ഓരോ ഫീച്ചറും വിലമതിക്കാനാകാത്ത പുരസ്‌കാരങ്ങളായാണ് അദ്ദേഹം കരുതുന്നത്.പത്രത്താളുകള്‍ അടങ്ങിയ ആ വലിയ ഫയലിനെ ആശ്രയിക്കാതെ തന്നിലെ സോളോ പെര്‍ഫോമറെ അറിയണം എന്നതാവാം ചാള്‍സിലെ അടുത്ത ലക്ഷ്യം എന്ന് സംശയം പങ്കുവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.”അല്ല സംഗീതം അത് മാത്രമാണ് ലക്ഷ്യം.സംഗീതത്തെ ഒരു തരത്തിലും വഞ്ചിക്കരുതെന്ന നിര്‍ബന്ധം മാത്രമാണ് എനിക്കുള്ളത്.ബാക്ഗ്രൗണ്ട് സ്‌കോര്‍ സി ഡി യിലാക്കി പാട്ട് പാടുന്ന കരോക്കെ ഗാനമേള ഒരുതരം വഞ്ചനയാണ്.സൗകര്യത്തിനും ചിലവ് ചുരുക്കാനുമായി ഉപകരണങ്ങളെ ഒഴിവാക്കുമ്പോള്‍ തോറ്റുപോകുന്നത് പാട്ടാണ്. പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍ അവിടെ വഞ്ചിതരാകുകയാണ്.അതിനോട് യോജിക്കാന്‍ ഞാനില്ല.ആ ഒരു കാരണത്താലാണ് വലിയൊരു ഗ്രൂപ്പിന്റെ പിന്തുണയില്ലേലും പാട്ടുമായി മുന്നേറാന്‍ ഞാനെന്റെ ഗിറ്റാറുമായി ഒറ്റയ്ക്ക് ഇറങ്ങി തിരിച്ചത് “.ഇതൊരു പ്രഖ്യാപനമാണ്, പാട്ടിന്റെ ശരിയായ കൂട്ടുകാരന്‍ എന്ന് ചാള്‍സിനെ പാട്ട് വിളിച്ചറിയിക്കുന്നപോലെ അനുഭവപ്പെട്ടു ഈ വാക്കുകള്‍ കേട്ടപ്പോള്‍.

വളരെ ചിട്ടയോടെയാണ് ചാള്‍സിന്റെ പെര്‍ഫോര്‍മന്‍സ്.ആദ്യ നാല്‍പത്തിയഞ്ച് മിനിറ്റ് പഠിച്ചുവച്ചിരിക്കുന്ന 14 വിദേശ ഭാഷകളിലുള്ള പാട്ടുകള്‍,അടുത്ത 45 മിനിറ്റ് ഇംഗ്ലീഷ് പാട്ടുകള്‍.1940-1980 Charles 1കളിലെ സിനിമാ ഗാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.പിന്നെയുള്ള 45 മിനിറ്റ് നേരത്തെ പരിപാടിയോടെ രണ്ടേകാല്‍ മണിക്കൂര്‍ നീളുന്ന ഷോ പര്യവസാനിക്കും.മൂന്നാമത്തെ മുക്കാല്‍ മണിക്കൂര്‍ ഘട്ടത്തില്‍ പാടുന്ന പാട്ടുകള്‍ കണ്‍മുന്നിലിരിക്കുന്ന ഓഡിയന്‍സിന് വിട്ടുകൊടുക്കും.വിദേശികളുടെ കൂട്ടത്തില്‍ ഇന്ത്യക്കാരില്‍ നിന്നും ആവശ്യപ്പെടുന്ന ഹിന്ദി,തമിഴ്,മലയാളം പാട്ടുകളും പാടിക്കൊടുക്കും.ആ ഒരു ഘട്ടം മൊത്തമായും സദസ്സിന് വിട്ടുകൊടുത്തിരിക്കുകയാണ്.

ഭാര്യ സോഫിയ മക്കളായ ട്വിങ്കിള്‍ ചാള്‍സ്,ജോഷ്വ ചാള്‍സ് ഏറ്റവും ഇളയ ഒന്നരവയസുള്ള സഫാനിയ ചാള്‍സ് എന്നിവര്‍ക്കൊപ്പം പിതാവ് ജോസഫുമായി വടുതലയിലെ വീട്ടിലാണ് ഇപ്പോള്‍ ചാള്‍സ് ഉള്ളത്.കുടുംബസമേതം കുറച്ചു ദിവസങ്ങള്‍ ചിലവഴിച്ച ശേഷം ചാള്‍സ് മുംബൈയിലേക്ക് പറക്കും.അവിടെ നടക്കുന്ന വലിയ ഇവന്റായ കശ്മീര്‍ ടു കേരളയുടെ ഭാഗമായി ചാള്‍സും പങ്കുചേരും.അതിന് ശേഷം അടുത്തമാസം 11,12 തീയതികളില്‍ ദുബായിലെ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ വില്ലേജില്‍ പെര്‍ഫോര്‍മന്‍സ് ഉണ്ടാകും.ഗ്ലോബല്‍ വില്ലേജില്‍ ചാള്‍സിനെ കൂടാതെ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രമുഖര്‍ ഡ്രം പെര്‍ഫോര്‍മറായ ശിവമണിയും ഗായിക ശ്രേയ ഗോശലും മാത്രമാണ്.ഒരു സെലിബ്രിറ്റി ലെവലിലുള്ള തന്റെ നില ഭദ്രമാക്കിയെന്ന് ഉറപ്പിക്കുമ്പോഴും 9846270106 എന്ന സെല്‍ നമ്പറും charlesperformer@gmail.com എന്ന മെയില്‍ ഐഡിയും വാട്‌സ് ആപ്പ് നമ്പറായ 9037938862 ഉം പ്രിയമുള്ളവര്‍ക്കായി പങ്കുവെക്കാന്‍ ചാള്‍സ് ആന്റണി മടിക്കുന്നില്ല.വായുവില്‍ ലയിച്ച് ചേരുന്ന പാട്ടിനെ സ്‌നേഹിക്കാന്‍ ഇറങ്ങിത്തിരിച്ച ഈ കൂട്ടുകാരന്റെ സ്‌നേഹം അതിരുകളില്ലാതെ പാറിപ്പറന്നുകൊണ്ടിരിക്കുകയാണ് എങ്ങും എവിടെയും.

INDIANEWS24.COM Arts

Leave a Reply