jio 800x100
jio 800x100
728-pixel-x-90
<< >>

12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു,’മോട്ടീ ഭാഗും’ ‘ജനനീസ് ജൂലിയറ്റും’ ഓസ്‌കറിലേക്ക്

തിരുവനന്തപുരം:ഡോക്യുമന്ററികളിലൂടെ ചുറ്റിലുമുള്ള തെറ്റുകളോട് വിട്ടുവീഴ്ചയില്ലാതെ പ്രതിരോധത്തിന്റെ സ്തംഭങ്ങളായി നിലനില്‍ക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരാ സിനിമകള്‍ നാടിന്റെ പ്രശ്‌നങ്ങളേയും ഗതിവിഗതികളേയും ശ്രദ്ധിക്കാതെ വരുമ്പോള്‍ ഡോക്യുമെന്ററികള്‍ അതിന് സഹായിക്കുകയാണെന്നും സാങ്കേതിക തികവിനും ദൃശ്യചാരുതയ്ക്കും ഉപരിയായി സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ കൂടുതല്‍ അഭിസംബോധന ചെയ്യാന്‍ ഡോക്യുമെന്ററികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും സര്‍ഗ്ഗാത്മക മാര്‍ഗ്ഗമാണ് ഡോക്യുമെന്ററിയെന്നും അതിനാലാണ് ഇത്തരം മാധ്യമങ്ങളെ ചിലര്‍ ഭയക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരികകാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ആനന്ദ് പട്‌വര്‍ദ്ധന്റെ ‘റീസണ്‍’ മുന്‍നിശ്ചയിച്ച സമയത്ത് മേളയില്‍ പ്രദര്‍ശിപ്പിക്കാനാകാത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ചലച്ചിത്ര അക്കാദമിയും ആനന്ദ് പട് വര്‍ദ്ധനും കേരള ഹൈക്കോടതിയില്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. മതേതരത്വത്തിനും യുക്തിബോധത്തിനും എതിരായി നടക്കുന്ന കൊലപാതകങ്ങള്‍ ഒരു ഭൗതിക യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അവരെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ചിത്രമാണ് ആനന്ദ് പട്‌വര്‍ദ്ധന്റെ ‘റീസണ്‍’ എന്നും അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ അനുകൂലമായി ഉണ്ടായ വിധി ആഹ്‌ളാദകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിതകരമല്ലാത്ത ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കുന്ന സംവിധായകരെ തീവ്രഹിന്ദു ദേശീയത ദേശദ്രോഹികളായി മുദ്രകുത്തുന്നുവെന്ന് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംവിധായിക മധുശ്രീ ദത്ത പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് രണ്ട് ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. മേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ‘മോട്ടീ ഭാഗും’ ‘ജനനീസ് ജൂലിയറ്റും’ പങ്കിട്ടു. ആനന്ദ് പട്‌വര്‍ദ്ധന്റെ ‘റീസണ്‍’ ആണ് ഈ വിഭാഗത്തിലെ രണ്ടാമത്തെ മികച്ച ചിത്രം. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രമായി ‘ചായ് ദര്‍ബാറി’യും രണ്ടാമത്തെ ചിത്രമായി ‘സീ ലാഫ്‌സ് അറ്റ് ദി മൗണ്ടനും’ തെരഞ്ഞെടുത്തു. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ‘ലുക്ക് അറ്റ് ദ സ്‌കൈ’ മികച്ച ചിത്രമായും ‘ഡൈയിംഗ് വിന്റ്’ രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുത്തു. ഗായത്രി ശശി പ്രകാശ് സംവിധാനം ചെയ്ത ‘പ്രതിച്ഛായ’യാണ് ക്യാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രം. മികച്ച ഛായാഗ്രാഹകന് നവ്‌റോസ് കോണ്‍ട്രാക്ടര്‍ പുരസ്‌കാരം ‘ലോംഗ്‌റ’യുടെ ഛായഗ്രഹണം നിര്‍വഹിച്ച സൗരഭ് കാന്തി ദത്തയ്ക്ക് ലഭിച്ചു.

ജൂറി അംഗങ്ങള്‍ക്കുള്ള ഉപഹാരം മന്ത്രി എ.കെ ബാലന്‍ നല്‍കി. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ജൂറി ചെയര്‍മാന്‍മാരായ വസന്ത് സായി, ആന്‍ഡ്രിയ ഗുസ്മാന്‍, ജൂറി അംഗങ്ങളായ സഞ്ജയ് കക്ക്, ഹൗബം പബന്‍കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചൈന ഫിലിം ഗ്രൂപ്പ് കോര്‍പറേഷന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഷിങ് ഷിന്യാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു സ്വാഗതവും ജനറല്‍ കൗണ്‍സില്‍ അംഗം ജി.പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിജയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

INDIANEWS24 CINE DESK

Leave a Reply