728-pixel-x-90-2-learn
728-pixel-x-90
<< >>

12-ാമത് ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു,രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമെന്ന് ഗവർണർ

തിരുവനന്തപുരംഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന് സവിശേഷ സ്ഥാനം ലഭിക്കുന്നതിന് സിനിമ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട) പി. സദാശിവം പറഞ്ഞു. 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയരുടെ സംവേദന ക്ഷമതയേയും ആശയ പ്രകാശനത്തേയും സ്വാധീനിച്ചതിൽ സിനിമയ്ക്ക് വലിയ പങ്കുണ്ട്. ചലച്ചിത്രം ഭാവനാത്മകമായ വിഷയങ്ങളെ കൂടുതലായി ചിത്രീകരിക്കുമ്പോൾ ഡോക്യുമെന്ററികൾ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് പകർത്തുന്നത്. അതിനാൽത്തന്നെ സാമൂഹിക മുന്നേറ്റങ്ങളുടെ ചാലകശക്തിയാകാൻ കഴിവുള്ള മാധ്യമമാണ് ഡോക്യുമെന്ററികൾ. മേളയിൽ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യാമ്പസ് ചിത്രങ്ങൾ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൡ യുവതലമുറയുടെ നിലപാട് വ്യക്തമാക്കാനുള്ള ഒരു ഉപാധികൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വർത്തമാനകാലത്തിന്റെ വിമത ശബ്ദവും ചലച്ചിത്രങ്ങൾ കാണാതെ പോകുന്ന പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതുമായ മാധ്യമമാണ് ഡോക്യുമെന്ററികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. സിനിമയെ സാംസ്‌കാരിക പ്രതിരോധമാർഗമാക്കി മാറ്റേണ്ട കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
മേളയ്ക്കായി തയ്യാറാക്കിയ ഫെസ്റ്റിവൽ ബുക്ക് മന്ത്രി എ.കെ. ബാലന് നൽകി ഗവണർ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാനും മേളയുടെ ഡയറക്ടറുമായ കമൽ, അക്കാദമി വൈസ് ചെയർപേഴ്‌സണും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോൾ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, അക്കാദമി എക്‌സിക്യുട്ടീവ് ബോർഡ് അംഗം സിബി മലയിൽ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.

INDIANEWS24 TVPM DESK

Leave a Reply