ഹൈദരാബാദ്: ഹൈദരാബാദിൽ വീണ്ടും വെള്ളപ്പൊക്കം. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയിൽ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറി. വീടിന്റെ ചുവർ ഇടിഞ്ഞുവീണ് ആറു വയസ്സുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു.വിമാനത്താവളത്തിലേക്കുള്ള എക്സ്പ്രസ്വേ വെള്ളം കയറിയതിനെത്തുടർന്ന് അടച്ചു.ശനിയാഴ്ച വൈകിട്ടുണ്ടായ അപ്രതീക്ഷിത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഒഴുക്കിന്റെ ശക്തി കൂടിയതിനെത്തുടർന്ന് വാഹനങ്ങൾ ഒഴുകിപ്പോയി. രക്ഷാപ്രവർത്തനം ശക്തമാക്കിയെന്നും 20 ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചുവെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ മഴക്കെടുതിയിൽ ഹൈദരാബാദിൽ 30 പേരടക്കം തെലങ്കാനയിൽ അമ്പതോളം പേർക്കാണ് ജീവൻ നഷ്ടമായത്. നഗരപ്രദേശത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഒരാഴ്ചയായി തുടരുന്ന മഴയിൽ കൃഷ്ണ, ഭീമ നദികൾ കരകവിഞ്ഞു കർണാടകത്തിൽ വെള്ളപ്പൊക്കം അതിരൂക്ഷമായ നാലു ജില്ലകളിൽരക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോഗിച്ചു.കലബുർഗി, വിജയപുര, യാഡിഗിർ, റെച്ചൂർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ പൂർണമായും ചിലത് ഭാഗികമായും മുങ്ങി. 111 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു.കേന്ദ്ര ജലകമീഷൻ നൽകുന്ന പുതിയ വിവരപ്രകാരം ഭീമ നദി അപകട നിരപ്പിൽനിന്ന് 4.45 മീറ്റർ മുകളിലൂടെയാണ് ഒഴുകുന്നത്. കലബുർഗിയിൽ ആറു താലൂക്കിലായി 55 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുന്നത്.മഴക്കെടുതി 20,269 പേരെ ബാധിച്ചുവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
INDIANEWS24 HYDERABAD DESK