കന്യാകുമാരി: ഹെല്‍മെറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികനെ തമിഴ്നാട് പോലീസ് ലാത്തിക്കടിച്ച ദൃശ്യങ്ങള്‍ സിസിടിവിയില്‍. നെറ്റിയില്‍ മുറിവേറ്റയുവാവിനെയും സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ എതിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണം നടത്തിയ പോലീസ് കോണ്‍സ്റ്റബിളെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളുമായി വരുന്നവരെ പിടികൂടാന്‍ പോലീസ് കന്യാകുമാരി ജില്ലയിലെ കല്ലുപാലം ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഇതുവഴി ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ രണ്ട് യുവാക്കള്‍ അമിതവേഗത്തിലെത്തിയത്. ഇവരെ തടയാന്‍ റോഡിനു നടുവില്‍ കയറി നിന്ന പോലീസ് കോണ്‍സ്റ്റബിള്‍ ബൈക്ക് നിര്‍ത്തില്ലെന്ന് കണക്കാക്കി ലാത്തികൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സെറുകോല് ഗ്രാമത്തില്‍ നിന്നുള്ള രാകേഷിന്റെ നെറ്റിയില്‍ മുറിവേറ്റ് ചോരയൊലിച്ചു. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രവും മറ്റും നിറയെ ചോരയായി. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സിനെ വിളിച്ച് രാകേഷിന് ഫസ്റ്റ് എയ്ഡ് നല്കി. ഇതിനിടെ ഇവിടെ തടിച്ചുകൂടിയ ആളുകള്‍ പോലീസിനെതിരെ പ്രതിഷേധമുയര്‍ത്തി. ഇവരോടും പോലീസ് തട്ടിക്കയറി. നാട്ടുകാര്‍ വിട്ടില്ല. പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി.
സംഭവത്തെ തുടര്‍ന്ന് കന്യാകുമാരി എസ്പി. ദുരൈ ആരോപണ വിധേയനായ പോലീസ് കോണ്‍സ്റ്റബിള്‍ മരിയയെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ മാത്രം രൂക്ഷമായ പ്രശ്നങ്ങളില്ലെന്ന നിലപാടും എസ് പി സ്വീകരിച്ചു.
INDIANEWS24.COM Kanyakumari