ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റനില്‍ നിര്‍ത്താതെ പെയ്യുന്ന മഴമൂലമുള്ള വെള്ളപ്പൊക്കം കാരണം ജനജീവിതം സ്തംഭിച്ചു. മലയാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും ദുരിതം കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ കനത്തതോടെ പ്രദേശങ്ങളിലുള്ളവരെ അധികൃതര്‍ മാറ്റി താമസിപ്പിച്ചു. മലയാളി അസോസിയേഷനുകള്‍ നടത്താനിരുന്ന ഓണാഘോഷങ്ങളും മാറ്റിവച്ചതായി അറിയുന്നു.
ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ അക്ഷരാര്‍ത്ഥത്തില്‍ വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്. ഷുഗര്‍ ലാന്‍ഡ്, കെയ്റ്റി, സൈപ്രസ്, വുഡ് ലാന്‍ഡ്സ്, പെയര്‍ലാന്‍ഡ്, ഫ്രണ്ട്സ് വുഡ്, റിച്ച്മണ്ട്, റോസന്‍ ബര്‍ഗ്, സ്റ്റാഫോര്‍ഡ്, മിസോറി സിറ്റി തുടങ്ങി എല്ലാ സമീപ നഗരങ്ങളെയും വെള്ളപൊക്കം ബാധിച്ചു. ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് മഴ തുടങ്ങിയത്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും പൂര്‍ണ്ണമായി വിട്ടുമാറിയിട്ടില്ല. എങ്കിലും പല നഗരങ്ങളിലും പ്രത്യേകിച്ച് ബ്രാസോസ് നദിക്കു സമീപമുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ജനങ്ങളോട് നിര്‍ബന്ധമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു.
നഗരം പൂര്‍വ സ്ഥിതി വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ എടുക്കും എന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. സ്കൂളുകള്‍ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ സുരക്ഷാ സേനയും അമേരിക്കന്‍ റെഡ് ക്രോസ്സും രംഗത്തുണ്ട്.
ദുരിതങ്ങളെ തുടര്‍ന്ന് ഹൂസ്റ്റണിലെ ചില മലയാളി അസോസിയേഷനും വിവിധ ഇന്ത്യന്‍ റെസ്റ്റോറന്റുകളും ഭക്ഷണ വിതരണം നടത്തുന്നുണ്ട്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന സിയന്നാ പ്ലാന്റേഷനില്‍ കഴിഞ്ഞ ദിവസം നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടത്തി. എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. വിവിധ അസോസിയേഷനുകള്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചതായി ഭാരവാഹികള്‍ തന്നെയാണ് അറിയിച്ചത്.
INDIANEWS24.COM Houston