സിംല: ഹിമാചല്‍പ്രദേശില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം അഞ്ച് വരെ തുടരും. 68 അംഗ നിയമസഭയിലേയ്ക്കു 459 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. സിപിഐ എം 15 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. എന്‍സിപി (12), സിപിഐ (7), ഹിമാല്‍ചല്‍ ലോക്ഹിത് (36), ടിഎംസി (25), എസ്പി (16), ശിവസേന (4) എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ ബിഎസ്പി 66 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്. ഡിസംബര്‍ 20-നാണ് ഫലപ്രഖ്യാപനം. 2007-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 41 സീറ്റുനേടിയ ബിജെപി അധികാരത്തിലെത്തുകയായിരുന്നു. കോണ്‍ഗ്രസിന് 23 സീറ്റുകള്‍ നേടാനായി.
വോട്ടിങ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതകള്‍ പുറത്തുവന്നു. അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിലാണ് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. വിജയിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത ഘട്ടത്തിലാണ് തര്‍ക്കം. വിജയിച്ചാല്‍ അഞ്ചുതവണ മുഖ്യമന്ത്രിയായ രാംപുരിലെ രാജാവ് വീരഭദ്രസിങ്ങിനെത്തന്നെ മുഖ്യമന്ത്രിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ജി എസ് ബാലിയായിരിക്കും മുഖ്യമന്ത്രിയെന്ന് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി വീരേന്ദ്രസിങ് പ്രഖ്യാപിച്ചു.
ഹിമാചലില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് വീരഭദ്രസിങ്ങായിരുന്നു. 68 മണ്ഡലത്തില്‍ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും അദ്ദേഹത്തിന്റെ അനുയായികളാണ്. അതുകൊണ്ടുതന്നെ വിജയിച്ചാല്‍ വീരഭദ്രസിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാകും. ഹൈക്കമാന്‍ഡ് ഒരിക്കലും വീരഭദ്രസിങ്ങില് വിശ്വാസമര്‍പ്പിച്ചിരുന്നില്ല. 1993ല്‍ സുഖ്റാമിനെയും 2003ല്‍ വിദ്യസ്റ്റോക്സിനെയും മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചെങ്കിലും എംഎല്‍എമാരെ കൂടെ നിര്‍ത്തി വീരഭദ്രസിങ് നേതൃത്വത്തെ ഞെട്ടിച്ചു. ജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് തനിക്ക് ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന പട്ടം ആവശ്യമില്ലെന്നും വീരേന്ദ്രസിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിച്ച് വീരഭദ്രസിങ് പറഞ്ഞു.