jio 800x100
jio 800x100
728-pixel-x-90
<< >>

ഹിതം, അഹിതം

ഇരുപത് മണ്ഡലങ്ങള്‍. 260ലേറെ സ്ഥാനാര്‍ഥികള്‍. അടുത്ത അഞ്ച് വര്‍ഷം നമ്മെ ആര് ഭരിക്കണം. ഇവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല. പക്ഷേ, രാഷ്ട്രീയത്തിന് അതീതമായ മറ്റ് ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഏതു പാര്‍ട്ടി, മുന്നണി ഇവയല്ല വിഷയം. വ്യക്തി മാത്രമാണ് പരിഗണനയില്‍.

ഒരു ജനപ്രതിനിധി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവനാകണം. അഴിമതിമുക്തനാകണം. മണ്ഡലത്തിന്‍റെ, സംസ്ഥാനത്തിന്‍റെ, രാജ്യത്തിന്‍റെ അഭിവൃദ്ധിയായിരിക്കണം ലക്ഷ്യം. കഴിഞ്ഞകാല നിലപാടുകള്‍, പ്രവര്‍ത്തനരീതി, പെരുമാറ്റം ഇവയാണ് മാനദണ്ഡം. അധികാരത്തിന് വേണ്ടി ഏതു വേഷവും കെട്ടിയാടാന്‍ തയ്യാറാകുന്നവര്‍ തിരസ്കരിക്കപ്പെടണം.

എല്ലാമണ്ഡലങ്ങളെക്കുറിച്ചും എല്ലാ സ്ഥാനാര്‍ഥികളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട 10  മണ്ഡലങ്ങള്‍. ഒരാള്‍ ജനഹിതത്തിനൊപ്പം എന്ന് പറയുമ്പോള്‍ എതിരാളി അങ്ങനെയല്ല എന്ന് അര്‍ത്ഥമില്ല. മറിച്ചും.

ഹിതം

മാത്യു ടി തോമസ്‌[കോട്ടയം]

ആദര്‍ശരാഷ്ട്രീയത്തിന്‍റെ അപൂര്‍വ്വം വക്താക്കളില്‍ ഒരാളാണ് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസ്‌. കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയില്‍ ഗതാഗതമന്ത്രി എന്ന നിലയില്‍ കാഴ്ചവെച്ച പ്രകടനം മാത്രം മതി അദ്ദേഹത്തിന്‍റെ മികവ് അളക്കാന്‍. പുതിയ ബസുകളും ഉപകരണങ്ങളും വാങ്ങുമ്പോള്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും കോടികള്‍ കമ്മീഷന്‍പറ്റുന്ന പതിവ് അവസാനിപ്പിച്ച്‌ മാത്യു ടി തോമസ്‌മാതൃക കാട്ടി. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക്‌കൂപ്പുകുത്തുകയായിരുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു. അഴിമതിയുടെ കറ പുരളാത്തതാണ് മാത്യു ടി തോമസിന്‍റെ പൊതുപ്രവര്‍ത്തനം.

അധികാരസ്ഥാനങ്ങളുടെ പ്രലോഭനത്തില്‍ മതിമറക്കാത്ത രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് മാത്യു ടി തോമസ്‌. നിലപാടുകളിലെ വിട്ടുവീഴ്ച്ചയില്ലായ്മ മുഖമുദ്രയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ന്ന സീറ്റ് വിവാദത്തിന്‍റെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ മാത്യു ടി തോമസിന് തെല്ലും മടിയുണ്ടായില്ല. എന്നാല്‍ സീറ്റ് തര്‍ക്കത്തിന്‍റെ പേരില്‍ജനതാദള്‍ ഐക്യമുന്നണിയില്‍ ചേക്കേറിയപ്പോള്‍ അതുവരെ പിന്തുടര്‍ന്നിരുന്ന തന്‍റെ നിലപാടുകള്‍ വലിച്ചെറിയാന്‍ അദ്ദേഹം തയ്യാറായില്ല.

എം ബി രാജേഷ്‌ [പാലക്കാട്]

ഒരു പാര്‍ലമെന്റ് അംഗത്തിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് പരിമിതിയില്ല എന്ന് തെളിയിച്ചയാളാണ് എം ബി രാജേഷ്‌. പലപ്പോഴും പാലക്കാടിന്‍റെ അതിരുകള്‍ക്കപ്പുറമുള്ള കാര്യങ്ങളിലും രാജേഷിന്‍റെ ശ്രദ്ധയെത്തി.

2ജി അഴിമതിപോലെ ദേശീയശ്രദ്ധയകര്‍ഷിച്ച വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശ്രദ്ധേയമായ ഇടപെടലാണ് രാജേഷ്‌ നടത്തിയത്. രാഷ്ട്രീയമായ കാരണങ്ങളാല്‍ ഇനിയും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി വിഷയത്തില്‍ നിരന്തരമായ ഇടപെടല്‍നടത്താനും അദ്ദേഹത്തിനായി. ദേശീയസ്കൂള്‍കായികമേളയ്ക്ക് പോയ കേരളതാരങ്ങള്‍ക്ക് ട്രെയിനില്‍സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ സത്വരമായ ഇടപെടല്‍മതി രാജേഷിന്‍റെ പ്രവര്‍ത്തനരീതി മനസിലാക്കാന്‍.

പ്രാദേശികവികസന ഫണ്ടിന്‍റെ വിനിയോഗത്തിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് രാജേഷ്‌ കാഴ്ചവെച്ചത്.

 

 

ഒ രാജഗോപാല്‍[തിരുവനന്തപുരം]

സംശുദ്ധമായ പൊതുപ്രവര്‍ത്തനപാരമ്പര്യം തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ വ്യത്യസ്തനാക്കുന്നു. കളങ്കമില്ലാത്ത വ്യക്തിത്വം, വിനയാന്വിതമായ പെരുമാറ്റം, കക്ഷിരാഷ്ട്രീയ പരിമിതികള്‍ക്ക്‌അപ്പുറമുള്ള കാഴ്ചപ്പാട് ഇവ നല്ലൊരു ജനപ്രതിനിധിയായിരിക്കാന്‍ രാജഗോപാലിനെ സഹായിക്കും.

നേരത്തെ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ രാജഗോപാല്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ട് എന്നതും രാജഗോപാലിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നു.

 

മുല്ലപ്പള്ളി രാമചന്ദ്രന്‍ [വടകര]

സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് മാതൃകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പതിനഞ്ച് വര്‍ഷത്തോളം ലോക്സഭാംഗവും അഞ്ച് വര്‍ഷത്തോളം കേന്ദ്രമന്ത്രിയും ആയിരുന്നിട്ടും അദ്ദേഹത്തിന്‍റെ കുപ്പായം ശുഭ്രമാണ്.

കേന്ദ്രമന്ത്രി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തം ഉള്ളപ്പോഴും മണ്ഡലത്തില്‍ തന്‍റെ സാന്നിധ്യം ഉണ്ടാകുന്നതില്‍ മുല്ലപ്പള്ളി വിജയിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രാദേശികവികസനത്തില്‍ ശരാശരിക്കു മുകളില്‍ പ്രവര്‍ത്തനം നടത്തി. ഇന്ദിരാഗാന്ധി ഓപ്പണ്‍യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രം, കേന്ദ്രീയവിദ്യാലയം തുടങ്ങി മണ്ഡലത്തില്‍ ഒട്ടേറെ പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ മുല്ലപ്പള്ളിക്ക് കഴിഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയിലും അക്ഷേപരഹിതമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം.

 

അഹിതം

എന്‍. കെ പ്രേമചന്ദ്രന്‍ [കൊല്ലം]

മന്ത്രി എന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും പ്രശംസനീയ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ളയാളാണ് എന്‍ കെ പ്രേമചന്ദ്രന്‍. എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ രാഷ്ട്രീയ മലക്കംമറിച്ചില്‍ പ്രേമചന്ദ്രന്‍റെ രാഷ്ട്രീയവിശ്വാസ്യതയില്‍ മായ്ക്കാനാകാത്ത കളങ്കമായി.

കേവലമൊരു സീറ്റിനു വേണ്ടി ഇത്രനാള്‍` പറഞ്ഞുവന്നിരുന്ന രാഷ്ട്രീയനിലപാടുകളെ തള്ളിപ്പറയുകയും ഇതുവരെ നഖശിഖാന്തം എതിര്‍ത്തിരുന്നവരുടെ തോളില്‍കയ്യിടുകയും ചെയ്യുന്നത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്. ഒരു ജനപ്രതിനിധിക്ക് ആദ്യം വേണ്ടത് ഈ സത്യസന്ധതയാണ്.

 

പീലിപ്പോസ് തോമസ്‌ [പത്തനംതിട്ട]

എഐസിസി മുന്‍അംഗവും ഡിസിസി മുന്‍പ്രസിഡണ്ടുമായ പീലിപ്പോസ് തോമസ്‌ ഒരു ദിവസം രാവിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പ്രത്യക്ഷപ്പെട്ട കാഴ്ചയാണ് പത്തനംതിട്ട കണ്ടത്. തികച്ചും അവസരവാദപരമായ നിലപാടാണ് ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചത്. 

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനോട് അദ്ദേഹം വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു എന്നത് ശരിതന്നെ. പക്ഷേ, ആ വിയോജിപ്പ്‌ നിലനില്‍ക്കുമ്പോള്‍തന്നെ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു എന്നതാണ് വസ്തുത.

വി. അബ്ദുറഹ്മാന്‍[പൊന്നാനി]

കെപിസിസി നിര്‍വാഹകസമിതി അംഗമായിരുന്നു വി. അബ്ദുറഹ്മാന്‍. എന്നാല്‍, അതൊന്നും പൊന്നാനിയില്‍എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍തടസമായില്ല. കോണ്‍ഗ്രസിന്‍റെ ഏതെങ്കിലും ആശയങ്ങളോടോ നിലപാടുകളോടോ അദ്ദേഹം ഏതെങ്കിലും ഘട്ടത്തില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളതായി അറിവില്ല. നയങ്ങളോ നിലപാടുകളോ അല്ല, സ്ഥാനാര്‍ഥിത്വം മാത്രമാണ് ചേരിമാറ്റത്തിന് നിദാനം.

യുഡിഎഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള പ്രദേശത്തെ മൂപ്പിളമത്തര്‍ക്കം മുതലാക്കാന്‍കഴിയുമോ എന്ന ഇടതുമുന്നണി പരീക്ഷിക്കുമ്പോള്‍ രാഷ്ട്രീയസദാചാരവും സത്യസന്ധതയും ഈ മണ്ഡലത്തില്‍ പണയംവെക്കപ്പെടുന്നു

 

കെ സുധാകരന്‍

കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍നിന്നുള്ള ലോക്സഭാംഗങ്ങളില്‍ഏറ്റവും മോശം പ്രകടനം കെ സുധാകരന്‍റെതാണ്. കേരള എംപിമാരില്‍ഏറ്റവും കുറവ് ഹാജര്‍അദ്ദേഹത്തിനാണ്. 66 ശതമാനം. പാര്‍ലമെന്റില്‍ഏറ്റവും കുറച്ച് ചര്‍ച്ചകളില്‍പങ്കെടുത്തതും സുധാകരനാണ്, 14. ചോദ്യങ്ങള്‍ഉന്നയിക്കുന്ന കാര്യത്തിലും ഏറെ പിന്നിലായിരുന്നു അദ്ദേഹം. എംപി ഫണ്ട് വിനിയോഗത്തില്‍ ഏറ്റവും പിന്നിലുള്ള അഞ്ച് കേരള എംപിമാരെ തെരഞ്ഞെടുത്താല്‍ അതിലും സുധാകരനുണ്ട്.

ഇ അഹമ്മദ് [മലപ്പുറം]

മണ്ഡലത്തെ മറന്ന ജനപ്രതിനിധിയെന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ അഹമ്മദിനെ വിശേഷിപ്പിക്കുന്നത് എതിരാളികള്‍മാത്രമല്ല. സ്വന്തം പാര്‍ട്ടിയായ മുസ്ലിംലീഗിലെ വലിയൊരു വിഭാഗം കൂടിയാണ്. കേന്ദ്രമന്ത്രി എന്ന പരിഗണന മണ്ഡലത്തോട് അദ്ദേഹം കാട്ടിയ ഉദാസീനതയ്ക്ക് ന്യായീകരണമാകുന്നില്ല.

കേന്ദ്രമന്ത്രി എന്ന നിലയിലും അഹമ്മദ് പരാജയമായി. സൗദിയില്‍നിന്ന് പുറന്തള്ളപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പ്രശ്നങ്ങളില്‍ വേണ്ടപോലെ ഇടപെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നേരത്തെ, റെയില്‍വേ സഹമന്ത്രി ആയിരുന്നപ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള കേരളത്തിന്‍റെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കുന്നതില്‍ അഹമ്മദ് പരാജയപ്പെട്ടു. ഹജ്ജ് ക്വോട്ട വിവാദവും അഹമ്മദിന്‍റെ പ്രതിച്ഛായ മോശമാക്കി.

ബിന്ദു കൃഷ്ണ [ആറ്റിങ്ങല്‍]

അപക്വമായ പെരുമാറ്റത്തിലൂടെയാണ് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ സമീപകാലത്ത് വാര്‍ത്തകളില്‍ഇടംപിടിച്ചത്. കോടതിപരിസരത്ത് മൈക്ക് ഉപയോഗിക്കുന്നത് തടയാന്‍ കര്‍ത്തവ്യനിര്‍വഹണത്തിന്‍റെ ഭാഗമായി ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ബിന്ദു കൃഷ്ണ അധിക്ഷേപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കേരളം കണ്ടു. ഇന്ത്യയിലെതന്നെ ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെതിരെയും സൂരുനെല്ലിക്കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ ബിന്ദു കൃഷ്ണയെ അപ്രിയരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമാകുന്നു.

ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍പൊതുവേ ജനസമ്മതരാണ്. ചില മണ്ഡലങ്ങളില്‍ തിരിച്ചാണ് സ്ഥിതി. വിലയിരുത്താന്‍ സമയമായിട്ടില്ലാത്ത പുതുമുഖങ്ങള്‍ചില സ്ഥലങ്ങളില്‍ മാറ്റുരയ്ക്കുന്നു. ഇത്തരം മണ്ഡലങ്ങള്‍ ഇവിടെ പരാമര്‍ശിച്ചിട്ടില്ല.

Leave a Reply