728-pixel-x-90-2-learn
728-pixel-x-90
<< >>

ഹര്‍ത്താല്‍ ക്ഷീണിക്കുമോ ? കാത്തിരിക്കാം, കാണാം…

വേങ്ങരപ്പോര് അടങ്ങിക്കഴിഞ്ഞപ്പോള്‍ തോറ്റവര്‍ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി ജയിച്ചവര്‍ ഷോക്കേറ്റ് മരവിച്ചു. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ പിരിമുറുക്കവും ആഘോഷങ്ങളും തീരുന്നതോടെ വിശ്രമിക്കാനായി ഒരു ഹര്‍ത്താലുണ്ടെന്ന ആശ്വാസമായിരുന്നു ഞായറാഴ്ച്ച രാവിലെ വരെ. പോരിന്റെ വിധി സംഭവങ്ങളാകെ മാറ്റിമറിച്ചു. യു ഡി എഫ് പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താല്‍ ക്ഷീണിക്കുമോ എന്ന്‌ കണ്ടറിയാനുള്ള കൗതുകത്തിലേക്ക് ഉണര്‍ന്നിരിക്കുകയാണ് മലയാളികള്‍.

ഞായറാഴ്ച്ച രാവിലെ 11ഓടെ വേങ്ങരക്കാരുടെ പുതിയ ജനപ്രതിനിധിയായി കെ എന്‍ എ ഖാദര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയത്തിനിടയിലും വോട്ടിന്റെ കണക്കുകളില്‍ നോക്കി എല്‍ ഡി എഫുകാര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ യു ഡി എഫുകാര്‍ സ്തംബ്ധരായി. ബി ജെ പിക്കാര്‍ക്ക് ഒളിക്കാന്‍ ഇടംകിട്ടിയോ എന്ന് ചാനലുകാര്‍ പറഞ്ഞതുമില്ല. കണക്കുകള്‍ കൂട്ടിയും കിഴിച്ചും ഇനിയും പല ചാനലുകാരും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവ ബഹുലമായ ഈ ഞായറാഴ്ച്ച ദിവസം വൈകീട്ടോടെ വിശ്രമിക്കാനിരിക്കുന്ന മലയാളിക്ക് അതിന് നേരം കിട്ടുന്നില്ല. നാളെ ഹര്‍ത്താല്‍ എന്നത് ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. അതെന്താവും എന്ന് അറിയാനുള്ള ആകാംക്ഷ.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് നടത്തുന്ന ഹര്‍ത്താല്‍ ക്ഷീണിക്കുമോ എന്ന് ചിന്തിക്കാന്‍ മൂന്ന് കാരണങ്ങളാണ് മലയാളിയെ പ്രേരിപ്പിക്കുന്നത്.

1. ഹര്‍ത്താലിനെതിരായ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി നിലപാടെടുത്തതാണ് ആദ്യത്തെ പ്രശ്‌നം.

2. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ ക്രിയാത്മകമായി ഇടപെടുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കി.

3-ാമത്തേത് വലിയൊരു ചോദ്യചിഹ്നമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ തിരിഞ്ഞുകൊത്തുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടത്താന്‍ പോകുന്നവര്‍ക്ക് സംസ്ഥാന അധികാരം നഷ്ടപ്പെടുത്തിയ വലിയൊരു കറ ദിവസങ്ങള്‍ക്ക് മുമ്പ് തെളിഞ്ഞു കണ്ടു. ഇതു തന്നെയാണ് വേങ്ങരയിലെ വോട്ടെടുപ്പലും ഏറെക്കുറെ വ്യക്തമായതെന്ന് പറയാതിരിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയുകയുമില്ല. ഇതിനിടെ ജയിച്ചിട്ടും പരുങ്ങലിലായ ഉപതിരഞ്ഞെടുപ്പിന്റെ ഫലവും നാളത്തെ ഹര്‍ത്താല്‍ ക്ഷീണിക്കുമോ അതോ മുന്നണിക്ക് തന്നെ ക്ഷീണമാകുമോ എന്ന വലിയ ചോദ്യമാണ് യു ഡി എഫിന് മുന്നിലേക്ക് നീളുന്നത്. അതെന്തു തന്നെ ആയാലും കാത്തിരുന്നു കാണാം.

INDIANEWS24.COM Political Desk

Leave a Reply