jio 800x100
jio 800x100
728-pixel-x-90
<< >>

സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫും യൂണിറ്റ് മേധാവിയുമായ കെ.എം.ബഷീർ മരിച്ചു.

തിരുവനന്തപുരം : യുവ ഐ.എ.എസ് ഉദ്യോഗസ്ഥനും സർവേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് മലപ്പുറം തിരൂർ വാണിയന്നൂർ കണ്ടിയൂർ ഹൗസിൽ പരേതനായ മുഹമ്മദ് ഹാജിയുടെയും തിത്താച്ചുമ്മയുടെയും മകൻ കെ.എം.ബഷീർ(35) മരിച്ചു.ഇന്ന് പുലർച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേർന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നിൽ അതേദിശയിൽ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേർന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാർ നിന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചു.
പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗിൽ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയശേഷം താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. എന്നാൽ അർദ്ധരാത്രിയ്ക്ക് ശേഷം മദ്യലഹരിയിലായിരുന്ന ശ്രീറാമും കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസും കാറിൽ എവിടെ പോകുകയായിരുന്നുവെന്ന് വ്യക്തമല്ല. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ശ്രീറാമാണ് കാർ ഓടിച്ചിരുന്നതെന്നും കാർ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവർ ഷഫീഖ് പൊലീസിന് മൊഴി നൽകി. എന്നാൽ, പൊലീസാകട്ടെ കാറോടിച്ചത് ആരാണെന്ന് പറയാതെ ഒളിച്ചുകളിക്കുകയാണ്.
ശ്രീറാം മദ്യപിച്ചതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതായും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും മ്യൂസിയം പൊലീസ് വെളിപ്പെടുത്തി.
ശ്രീറാമിന്റെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വീഴ്ച പറ്റിയതായി സൂചനയുണ്ട്. ശ്രീറാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്.
അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ ശ്രീറാമിനെ പൊലീസ് വാഹനത്തിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകാനാണ് പൊലീസ് നിർദേശിച്ചതെങ്കിലും ശ്രീറാമിന്റെ സുഹൃത്തിന്റെ നിർദേശാനുസരണമാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാഹനം ഓടിച്ചതാരെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരിക്കെ കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനോ കസ്റ്റഡിയിലെടുക്കാനോ തയ്യാറാകാതെ ഊബർ ടാക്സി വിളിച്ചുവരുത്തി പൊലീസ് ആദ്യം വിട്ടയച്ചു. പിന്നീട് മാധ്യമപ്രവർത്തകരും പത്രപ്രവർത്തക യൂണിയൻ നേതാക്കളും സ്‌റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ നാലുമണിക്കൂറിന് ശേഷം ഇവരെ ഫോണിൽ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തിയെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിച്ചോയെന്ന കാര്യത്തിലും വ്യക്തതയില്ല. അപകടത്തിനിടയാക്കിയ കാർ ഓടിച്ചതാരെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സ്ഥലത്തെ സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മ്യൂസിയം ജംഗ്ഷനിലെ പൊലീസിന്റെ കാമറ തകരാറിലായതിനാൽ ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭ്യമല്ല. സമീപത്തെ മറ്റൊരു കാമറയിൽ കാർ അമിതവേഗത്തിൽ പാഞ്ഞുപോകുന്ന ദൃശ്യം കാണാൻ കഴിഞ്ഞെങ്കിലും വാഹനം ഓടിക്കുന്നതാരെന്ന് വ്യക്തമല്ല.
ഇത് സ്ഥിരീകരിക്കാൻ സമീപത്തെ സ്ഥാപനങ്ങളുടെയും വീടുകളുടെയും വെള്ളയമ്പലം റോഡിലെയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തി. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്താൻ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാറിൽ നിന്ന് തെളിവുകൾ ശേഖരിക്കും.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിംഗ് കമ്മിഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു.മലപ്പുറം തിരൂരിൽ സിറാജ് ദിനപത്രത്തിന്റെ റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ച കെ.എം. ബഷീർ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോർട്ടറായും, തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം തിരുവനന്തപുരം പ്രസ് ക്ളബ്ബ് ഭരണസമിതിയിൽ അംഗമായിരുന്ന കെ.എം ബഷീറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം രാവിലെ 11 മണിയോടെ പ്രസ്ക്ളബ്ബിലും തുടർന്ന് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റിലും പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം സ്വദേശമായ തിരൂരിലേക്ക് കൊണ്ടുപോകും.
ജസീലയാണ് ഭാര്യ. മക്കൾ: ആറുവയസുകാരി ജന്ന, അസ്മി (ആറുമാസം).

Leave a Reply