728-pixel-x-90-2-learn
728-pixel-x-90
<< >>

സൗമ്യ വധക്കേസ്:ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കി

ന്യൂഡൽഹി:സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കി.വിചാരണ കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.ഈ കേസിലാണ് ഇന്ത്യയുടെ പരമോന്നതകോടതി വ്യാഴാഴ്ച വധശിക്ഷ റദ്ദുചെയ്തത്.

പ്രതിക്കെതിരെ മാനഭംഗക്കേസ് മാത്രമാണ് തെളിയിക്കപ്പെട്ടിട്ടുള്ളതെന്നു കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രസ്താവിച്ച വിധിയിൽ പ്രതിക്ക് ഏഴുവർഷം തടവ് ശിക്ഷമാത്രം.ഗോവിന്ദ ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്നതിനു തെളിവെവിടെയെന്നു കോടതി ആരാഞ്ഞപ്പോൾ സർക്കാരിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർക്കു മറുപടി ഉണ്ടായിരുന്നില്ല.വിചാരണ കോടതി മുതൽ ഹൈക്കോടതി വരെ സർക്കാരിന് വേണ്ടി കേസ് വാദിച്ച അഭിഭാഷകനായിരുന്നില്ല സുപ്രീം കോടതിയിൽ ഹാജരായത്.ഹൈക്കോടതി വിധി ചോദ്യംചെയ്തുകൊണ്ടു ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി.

2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ഷൊർണുർ – എറണാകുളം പാസഞ്ചർ ട്രെയിനിൽ ആക്രമണത്തിനിരയായത്.സംഭവത്തെ കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിക്കൂടിയ ഒറ്റക്കയ്യൻ ഗോവിന്ദച്ചാമി സൗമ്യയുടെ ബാഗ് തട്ടിയെടുക്കാൻ നോക്കി.ഇതിനനുവദിക്കാതെ വന്നതോടെ പ്രതി സൗമ്യയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.ട്രയിനിൽ നിന്നും തള്ളി താഴെയിട്ടു.പിന്നാലെ ചാടിയിറങ്ങിയ ഗോവിന്ദച്ചാമി റെയിൽവേ ട്രാക്കിനു സമീപം വീണുകിടന്ന സൗമ്യയെ കുറച്ച് ദൂരം വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തി.ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൗമ്യ നാല് ദിവസത്തിനു ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ മരണമടഞ്ഞു.

സുപ്രീം കോടതി വിധി പുറത്തുവരുമ്പോൾ കേസിൽ റിവ്യൂ ഹർജി നൽകാനാണ് സർക്കാർ തീരുമാനമെന്ന് സംസ്ഥാന മുഖ്യമന്ത്രി അറിയിച്ചു.വിധി മനസ്സാക്ഷിയുള്ളവരെയാകെ ഞെട്ടിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം കേസിൽ ഏറെ വിവാദമുയർത്തിയ മാറ്റങ്ങൾ സുപ്രീം കോടതി വിധിയോടെ വീണ്ടും പുകയുകയാണ്.വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസിൽ ഹാജരായ അഭിഭാഷകൻ സുരേഷിനെ സുപ്രീം കോടതിയിൽ പ്രതി അപ്പീൽ പോയപ്പോൾ നീക്കിയിരുന്നു.യു ഡി എഫ് സർക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട തോമസ് പി ജോസഫ് ആണ് നിലവിൽ സൗമ്യ വധക്കേസിൽ സർക്കാർ ഭാഗം അഭിഭാഷകൻ.

INDIANEWS24.COM NEWDELHI

Leave a Reply