റിയാദ്: വാഹനമോടിക്കുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിനെതിരെ സൗദി അറേബ്യയില്‍ അറുപതോളം സ്ത്രീകള്‍ വാഹനം ഓടിച്ച് പ്രതിക്ഷേധിച്ചു. പ്രതിക്ഷേധക്കാരെ തടയാന്‍ പോലീസ് ശ്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന്റെ പതിമൂന്നു വീഡിയോകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് പ്രതിക്ഷേധത്തിന് നേതൃത്വം നല്കിയ കിംഗ് സൌദ് സര്‍വകലാശാല പ്രൊഫസര്‍ അസ്സീസ യൂസഫ് പറയുന്നു. തങ്ങള്‍ വാഹനം ഓടിച്ചതായി അമ്പതോളം പേര് എസ്എംഎസിലൂടെയും അറിയിച്ചു.
റിയാദിലെ വീട്ടില്‍നിന്ന് പച്ചക്കറിക്കട വരെയും തിരിച്ചും താന്‍ വാഹനം ഓടിച്ചതായി സാമ്പത്തികശാസ്ത്ര ഗവേഷകയും രണ്ട് കുട്ടികളുടെ അമ്മയുമായ മായ് അല്‍ സവ്യാന് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ യുട്യുബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാഹനം ഓടിച്ചതിന് 1990ല്‍ 50 സ്ത്രീകളെ സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നു. 2011 ജൂണില്‍, സ്വയം വാഹനം ഓടിക്കുന്ന വീഡിയോ യുട്യുബില്‍ ഇട്ട യുവതിക്കെതിരെ കേസ് എടുത്തത് വലിയ പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് മറ്റൊരു യുവതിയെ അറസ്റ്റ് ചെയ്യുകയും പത്ത് അടി ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷ രാജാവ് പിന്നീട് റദ്ദാക്കി.
എന്ത് ശിക്ഷയും നേരിടാന്‍ തയ്യാറാണെന്ന് അല്‍ സവ്യാന് പറഞ്ഞു. സ്ത്രീകള്‍ക്ക് സൗദിയില്‍ ലൈസന്‍സ് നല്‍കാറില്ല. വിദേശരാജ്യങ്ങളിലെ ലൈസന്‍സ് ഉള്ളവരാണ് കഴിഞ്ഞ ദിവസം കാര്‍ ഓടിച്ചതെന്ന് പ്രതിക്ഷേധക്കാര്‍ അറിയിച്ചു.