728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാതായി

വാരണാസി:മാസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹത്തില്‍ പ്രധാന അവയവങ്ങള്‍ കാണാനില്ല.വാരണാസിയിലെ ഗാസിപൂര്‍ സ്വദേശിയായ രാംദിന്‍ രാജ്ഭറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ഈ വിവരം മനസിലായത്.ഹൃദയത്തിന്റെ ഭാഗങ്ങള്‍, പ്‌ളീഹ, വൃക്ക അടക്കമുള്ള അവയവങ്ങളാണ് ശരീരത്തില്‍ കാണാതായിരിക്കുന്നത്.

ജോലി തേടിയാണ് രാംദിന്‍ സൗദിയിലേക്ക് പോയത്.എന്നാല്‍, വിചാരിച്ചതു പോലെയുള്ള ജോലി ലഭിക്കാതെ വന്നതോടെ രാംദിന്‍ അല്‍ഖാഫി പട്ടണത്തില്‍ കൂലിപ്പണിക്കാരനായി. ഏഴു മാസങ്ങള്‍ക്ക് ശേഷം 2014 ഏപ്രിലിലാണ് രാംദിന്‍ അവസാനമായി വീട്ടിലേക്ക് ഫോണ്‍ ചെയ്തത്.തൊഴിലുടമ തന്നെ കൊല്ലാന്‍ പോകുന്നതായി ഭാര്യയോടും ബന്ധുക്കളോടും അന്ന് രാംദിന്‍ പറഞ്ഞിരുന്നു.പിന്നീട് കുടുംബം അറിയുന്നത് രാംദിന്‍ തൂങ്ങി മരിച്ചു എന്നാണ്.

മരണത്തെ തുടര്‍ന്ന് ഏറെ വൈകി ഈ വര്‍ഷം ഫെബ്രുവരിയിലാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ഇതോടെയാണ് ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വിവരം അറിയുന്നത്.പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരോട് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

INDIANEWS24 VARANASI

Leave a Reply