728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ നിതാഖാതിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നത് നീട്ടിവച്ചു

റിയാദ്: നിതാഖാതിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നത് സൗദി തൊഴില്‍ മന്ത്രാലയം നീട്ടി വെച്ചു. കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം.

ഈ മാസം ഇരുപതിന് നിതാഖാതിന്റെ മൂന്നാം ഘട്ടം ആരംഭിക്കുമെന്നായിരുന്നു നേരത്തെ സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നത്.സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ് മൂന്നാം ഘട്ട പദ്ധതി.നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രയാസമായതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണം എന്നായിരുന്നു സ്ഥാപനങ്ങളുടെ ആവശ്യം.വലിയ കമ്പനികളില്‍ സ്വദേശീ ജീവനക്കാരുടെ എണ്ണം ഇരുപത്തിയഞ്ച് ശതമാനത്തില്‍ നിന്നും നാല്‍പത്തിയൊന്നു ശതമാനമായും വന്‍കിട കമ്പനികളില്‍ ഇരുപത്തിയൊമ്പത് ശതമാനത്തില്‍ നിന്നും അറുപത്തിയാറ് ശതമാനമായും വര്‍ധിപ്പിക്കണം എന്നാണ് മൂന്നാം ഘട്ട പദ്ധതിയുടെ പ്രധാന നിര്‍ദേശം.

പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തി വെക്കും.പദ്ധതി നടപ്പിലാക്കാന്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ സാവകാശം വേണമെന്നാണ് കൌണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് ആവശ്യപ്പെട്ടിരുന്നത്.പദ്ധതി നടപ്പിലാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചത് ആയിരക്കണക്കിന് കമ്പനികള്‍ക്ക് ആശ്വാസമാകും.നിതാഖാത് പ്രാബല്യത്തില്‍ വന്നതിനു ശേഷം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എഴു ശതമാനത്തില്‍ നിന്നും പതിനഞ്ച് ശതമാനമായി വര്‍ധിച്ചു.

പതിനാറ് ലക്ഷം സ്വദേശികളാണ് നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. കൂടാതെ മുവ്വായിരം റിയാലില്‍ താഴെ ശമ്പളം വാങ്ങുന്ന സ്വദേശികളുടെ എണ്ണം നാല്പത്തിയൊമ്പത് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി കുറഞ്ഞു.

INDIANEWS24 GULF DESK

Leave a Reply