റിയാദ്: സൗദിയില്‍ ടാക്സിക്കാറുകളുടെ എണ്ണം പെരുകി.പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവിന് ശേഷമാണ് ടാക്സിക്കാറുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്.എണ്ണം കൂടിയെങ്കിലും ടാക്സിയിലെ യാത്രാനിരക്കില്‍ വര്‍ദ്ധന പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പലരും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്.
ടാക്സികള്‍ക്ക് മീറ്ററുകള്‍ നിര്‍ബന്ധമാണെങ്കിലും ബഹുഭൂരിപക്ഷം കാറുകളിലും ഇതു പ്രവര്‍ത്തിക്കുന്നില്ല. പെട്രോളിന് വില കൂടിയതിന് ശേഷം ടാക്സി ഡ്രൈവര്‍മാര്‍ തോന്നിയ നിരക്കുകള്‍ ഈടാക്കാന്‍ തുടങ്ങിയിരുന്നു. കൂടാതെ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന വിദേശികള്‍ കൂടുതല്‍ തുക ഈടാക്കുന്നതിനെ കമ്പനികള്‍ വിലക്കിയിട്ടുമില്ല.
പെട്രോള്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ഗതാഗത നിരക്ക് ഉയരുമെന്ന് കൗണ്‍സില്‍ ഓഫ് ചേംബേഴ്സിലെ ദേശീയ ഗതാഗത സമിതി പ്രസിഡന്റ് സഈദ് അല്‍ ബസ്സാം പറഞ്ഞു. പരാതികള്‍ പരിഹരിക്കുന്നതിന് ടാക്സികള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഓണ്‍ലൈന്‍ ടാക്സി കമ്പനികളായ യൂബര്‍, കരിം തുടങ്ങിയവയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി. വാഹനം ആവശ്യപ്പെടുമ്പോള്‍ തന്നെ നിരക്കും കാണിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. മാത്രമല്ല സുരക്ഷിതമായ യാത്ര ഉറപ്പു നല്കുന്നതിനാല് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ ഓണ്‍ലൈന്‍ ടാക്സികളെയാണ് ആശ്രയിക്കുന്നത്.
INDIANEWS24.COM Gulf Desk