റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു. സൗദി അറേബ്യന്‍ എയര്‍ ലൈന്‍സ് എന്ന് കൂടി പേരുള്ള കമ്പനി നേരിട്ട് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ എട്ടാമത്തെ നഗരമാകുകയാണ് തിരുവനന്തപുരം. ഞായറാഴ്ച്ച റിയാദില്‍ നിന്നും തിരുവന്തപുരത്തേക്കും തിരിച്ചും യാത്ര നടത്തിക്കൊണ്ടാണ് സര്‍വീസിന് തുടക്കമായത്.
റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനമാകും തിരുവനന്തപുരത്ത് എത്തുക. എയര്‍ബസ് 330-300 ഇനത്തില്‍പ്പെട്ട വിമാനങ്ങളാണ് സര്‍വീസിനായി സൗദിയ ഉപയോഗിക്കുക. 298 സീറ്റുകളാണിതില്‍ ഉള്ളത്. ഞായറാഴ്ച്ച പുലര്‍ച്ചെ 4.40ന് റിയാദില്‍ നിന്നും പുറപ്പെട്ട് 12.15ന് തിരുവനന്തപുരത്തെത്തിയതായിരുന്നു ഈ സെക്ടറിലെ ആദ്യ സര്‍വ്വീസ്. തിരിച്ചുള്ള സര്‍വീസ് 1.45ന് തിരുവനന്തപുരത്തു നിന്ന് പറന്നുയര്‍ന്ന വിമാനം വൈകുന്നേരം നാലിന് റിയാദിലെത്തി. ഉദ്ഘാടന സര്‍വ്വീസിലെ യാത്രക്കാരെ സൗദിയ ജീവനക്കാര്‍ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു.
കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇതുവരെ സൗദിയ സര്‍വീസ് നടത്തിയിരുന്നത്. ന്യൂഡല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ലഖ്നൗ എന്നിവയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. ഈ വര്‍ഷം നാല് പുതിയ നഗരങ്ങളിലേക്കാണ് സൗദിയ സര്‍വീസ് ആരംഭിച്ചത്. ലോകത്താകെ 88 നഗരങ്ങളിലേക്കാണ് ഇവരുടെ സര്‍വീസുള്ളത്.
INDIANEWS24.COM Gulf Desk