തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് നടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്.
ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് .
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.
അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
INDIANEWS24 TVPM DESK