728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വവര്‍ഗരതിയും ശ്രീ ശ്രീ രവിശങ്കറിന്‍റെ വാദങ്ങളും

ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ഉള്ള ലൈംഗികബന്ധം അംഗീകരിക്കാന്‍കഴിയില്ലെന്ന് ഇന്ത്യയുടെ സുപ്രീംകോടതി കോടതി കഴിഞ്ഞ ദിവസം പറഞ്ഞു. ഇത് ക്രിമിനല്‍കുറ്റമാണെന്ന് പറഞ്ഞതിനോട് യോജിപ്പില്ലെങ്കിലും പൊതുവേ കോടതിവിധി സ്വാഗതം ചെയ്യപ്പെട്ടു. പക്ഷേ ഇന്ത്യന്‍ജനതയെ, അല്ല ലോകജനതയെ സമ്മര്‍ദ്ദമില്ലാതെ ജീവിക്കാനും ജീവിതം ഒരു ശാസ്ത്രീയസംഗീതം പോലെ ‘ആസ്വദിക്കാനും’ പഠിപ്പിക്കുന്ന ശ്രീ ശ്രീ രവിശങ്കറിന് കോടതിയുടെ ഈ വിധി അത്ര പിടിച്ചില്ല.

ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ഇണചേരുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് രവിശങ്കര്‍പക്ഷം. സമ്മര്‍ദ്ദമുക്ത ജീവിതത്തിന് ഇത് ഗംഭീര ഐറ്റമാണെന്ന് ജീവനഗുരു പറയാത്തത് ഭാഗ്യം. വെറുതെ പറയുകയല്ല. അതിനായി ഇതിഹാസകഥകള്‍  നിരത്തുകയും ചെയ്യുന്നുണ്ട് രവിശങ്കര്‍. ഹിന്ദു ദൈവമായ സാക്ഷാല്‍ അയ്യപ്പന്‍ സ്വവര്‍ഗരതിയുടെ സംഭാവനയാണെന്നാണ് രവിശങ്കറിന്റെ തര്‍ക്കത്തിന്‍റെ പൊരുള്‍.

അയ്യപ്പനെ സ്വവര്‍ഗരതിയുടെ സന്താനമായി ചിത്രീകരിക്കാന്‍ രവിശങ്കറിനെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്നു മനസിലായിട്ടില്ല. മഹാവിഷ്ണു മോഹിനി എന്ന പെണ്ണായി മാറി ശിവനോടൊപ്പം രമിച്ചപ്പോള്‍ ഉണ്ടായ പുത്രനാണ് അയ്യപ്പന്‍ എന്നതാണ് പുരാണകഥ. ആണും പെണ്ണും ചേര്‍ന്നാലേ ഉല്‍പ്പാദനം നടക്കൂ എന്ന് ദൈവത്തിന് പോലും അറിയാം എന്ന് ചുരുക്കം. അല്ലെങ്കില്‍ മഹാവിഷ്ണുവിന് ആണായിത്തന്നെ വന്ന് ശിവനുമായി രമിച്ചാല്‍ മതിയായിരുന്നല്ലോ.

വിനോദം മാത്രമല്ല, പ്രജനനവും ലൈംഗികതയുടെ ലക്ഷ്യമാണ്. അതാണ് പ്രകൃതിനിയമം. അതുകൊണ്ടാണല്ലോ രതിസുഖം അനുഭവിക്കാന്‍ കഴിയാത്ത സസ്യങ്ങളില്‍പോലും പരാഗണം നടക്കുന്നത്. മതങ്ങള്‍ സ്ത്രീ-പുരുഷ ബന്ധത്തെ നിര്‍വചിക്കുന്നതും ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്. എന്നിരിക്കെ എന്തുകൊണ്ടാണ് രവിശങ്കര്‍ സുപ്രീംകോടതി വിധിക്കെതിരെ ശ്വാസം വലിച്ചുവിടുന്നതും സ്വവര്‍ഗരതിക്ക് വേണ്ടി വാദിക്കുന്നതും.

സ്വവര്‍ഗരതി പാടില്ലെന്ന് പറയുന്നത് കോളനികാലത്തെ നിയമമാണെന്നും സുപ്രീംകോടതിവിധിയോടെ ഇന്ത്യയിലെ മനുഷ്യാവകാശം മൊത്തം ഇടിഞ്ഞുപൊളിഞ്ഞു താഴെവീണെന്നുമാണ് രവിശങ്കറിനെപ്പോലുള്ളവരുടെ മുറവിളി. എത്രയോ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന മറ്റ് മേഖലകളില്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇവരില്‍ പലരെയും കാണുന്നുമില്ല.

ലോകത്ത് മൂന്ന് ശതമാനം പുരുഷന്മാര്‍ ഒരിക്കലെങ്കിലും മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. സ്ത്രീകളുടെ സ്വവര്‍ഗരതിയുടെ കാര്യത്തിലും ഏറെക്കുറെ ഇതുതന്നെയാണ് അവസ്ഥ. ഇവരെല്ലാം ജയിലില്‍ കിടക്കേണ്ട കുറ്റം ചെയ്തവരാണ് എന്ന് വിലയിരുത്തുക അബദ്ധമാകും. എന്നാല്‍, സ്വവര്‍ഗരതി ജീവിതത്തിന്‍റെ ഭാഗമായി മാറുന്നത് മാനസികമായ വ്യതിചലനമോ ഹോര്‍മോണുകളുടെ അളവിലെ വ്യത്യാസത്താല്‍ സംഭവിക്കുന്ന ലിംഗപരിണാമത്തിന്റെ ഫലമോ ആണ്.  അത് കൌണ്‍സിലിങ്ങിലൂടെയോ ചികിത്സിച്ചോ ഭേദമാക്കുകയാണ് വേണ്ടത്. അല്ലാതെ മനുഷ്യാവകാശമെന്ന് പറഞ്ഞ് നിയമവിധേയമാക്കുകയല്ല. അങ്ങനെ വന്നാല്‍, പെമ്പിള്ളാരെ എല്ല് മൂക്കും മുന്നെ കെട്ടിച്ചുതരണമെന്ന് പറയുന്ന കാമഭ്രാന്തന്മാര്‍ക്കും നാളെ മനുഷ്യാവകാശപ്രശ്നം ഉന്നയിക്കാന്‍കഴിഞ്ഞേക്കും.

കോടതിവിധി എയിഡ്സിനെതിരായ പോരാട്ടത്തില്‍ പിന്നോട്ടടിയാകുമെന്നാണ് മറ്റൊരു വാദം. എയിഡ്സ് പകരാതിരിക്കാന്‍ സ്വവര്‍ഗരതി നിയമവിധേയം ആക്കണമെങ്കില്‍ ഇതേ വാദം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കാര്യത്തിലും ബാധകമാക്കേണ്ടി വരില്ലേ.

സ്വവര്‍ഗരതി നിയമവിധേയമായാല്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുമെന്ന  കാര്യത്തില്‍ സംശയമില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതി വിധി.

സ്വവര്‍ഗരതിക്കാരെ ഒറ്റപ്പെടുത്തണമെന്നോ തടവിലിട്ട് ക്രൂശിക്കണമെന്നോ ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല. പക്ഷേ, കുട്ടിയും കുടുംബവുമൊക്കെ ബാധ്യതയാണെന്ന് കരുതിപ്പോരുന്ന ഒരു കാലഘട്ടത്തില്‍ അതിന് വളമേകുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വിദൂരഭാവിയില്‍ മനുഷ്യകുലം അന്യംനിന്നുപോകാന്‍ തന്നെ ഇടവരുത്തിക്കൂടായ്കയില്ല.

ഇരുന്നൂറോളം രാജ്യങ്ങള്‍ ഉള്ള ലോകത്ത് വെറും 15 രാജ്യങ്ങള്‍ മാത്രമാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയിട്ടുള്ളത്. ലൈംഗികതയുടെ കാര്യത്തില്‍ ഏറെ ഉദാരത പുലര്‍ത്തുന്ന ഓസ്ട്രേലിയയിലെ പരമോന്നതകോടതി സ്വവര്‍ഗവിവാഹത്തിന് എതിരെ വിധി പുറപ്പെടുവിച്ചത് ഇന്ത്യന്‍ സുപ്രീംകോടതി വിധി പുറത്തുവന്ന് തൊട്ടടുത്ത ദിവസംതന്നെയാണ്. യുഎന്നും മറ്റും അതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

രവിശങ്കര്‍ മാത്രമല്ല, സമൂഹത്തില്‍ ആദരിക്കപ്പെടുന്ന ചില രാഷ്ട്രീയനേതാക്കളും സിനിമതാരങ്ങളുംവരെ സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ചുകണ്ടു. പക്ഷേ, തന്‍റെ വാദത്തിന് മതത്തെ കൂട്ടുപിടിക്കുകയും അത് സ്ഥാപിക്കാന്‍ പുരാണത്തെ അര്‍ധസത്യത്തോടെ അവതരിപ്പിക്കുകയും ചെയ്ത രവിശങ്കറിന്‍റെ  നിലപാട് ഇന്ത്യന്‍ സമൂഹത്തില്‍ കൂടുതല്‍ ദോഷങ്ങള്‍ വിളിച്ചുവരുത്തിയേക്കും.

Leave a Reply