728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വവര്‍ഗരതി: അമേരിക്കക്കാരെ ഇന്ത്യ അറസ്റ്റ്ചെയ്യുമോ?

ന്യൂഡല്‍ഹി: ഇന്ത്യയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരില്‍ ഒട്ടേറെപ്പേര്‍ സ്വവര്‍ഗരതിക്കാര്‍. ഇത്തരം കൂട്ടുകാര്‍ക്കൊപ്പമാണ് ഇവര്‍ ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ താമസിക്കുന്നതും. ഇന്ത്യന്‍ നിയമപ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. അടുത്തിടെ സുപ്രീംകോടതി ഇക്കാര്യം ഒരു വിധിയിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യാനും തുണിയുരിഞ്ഞ് പരിശോധന നടത്താനും അമേരിക്ക ന്യായമായി പറഞ്ഞത് അവരുടെ രാജ്യത്തെ നിയമമാണ്. എങ്കില്‍, ഇന്ത്യയിലെ നിയമപ്രകാരം സ്വവര്‍ഗരതിക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ചങ്കൂറ്റം കാണിക്കുമോ. അഭിമാനത്തിന് മുറിവേറ്റ ഇന്ത്യന്‍ ജനത കാത്തിരിക്കുന്നു.
ഡല്‍ഹിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരില്‍ ചിലര്‍ തങ്ങള്‍ സ്വവര്‍ഗരതിക്കാര്‍ ആണെന്ന് വ്യക്തമാക്കിയിട്ടുള്ളവരാണ്. ഇവരില്‍ ചിലര്‍ ഒരേ ലിംഗത്തിലുള്ള കൂട്ടാളികളെ ‘companion visa’യില്‍ ഇന്ത്യയില്‍ കൊണ്ടുവരികയും കൂടെ പാര്‍പ്പിക്കുകയും ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയും. അമേരിക്കന്‍ എംബസിക്ക് പുറത്തെ ഇഷ്ടിക ചുരണ്ടുന്നതിനപ്പുറം ധൈര്യം കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മാത്രം.
വീട്ടുജോലിക്കാരിക്ക് നിയമപ്രകാരമുള്ള ശമ്പളം നല്‍കിയില്ല എന്ന കുറ്റം ചുമത്തിയാണ് അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ആയ ദേവയാനി ഖോബ്രഗടെയെ പരസ്യമായി അറസ്റ്റ് ചെയ്തതും തുണിയുരിഞ്ഞതും രഹസ്യഭാഗങ്ങള്‍വരെ പരിശോധിച്ചതും. സംഭവത്തില്‍ നിരുപാധികമായ മാപ്പപേക്ഷ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കേവലം ഖേദപ്രകടനത്തിനു മാത്രമാണ് അമേരിക്ക തയ്യാറായിട്ടുള്ളത്‌.

ഇതാദ്യമല്ല, ഇന്ത്യന്‍ നയതന്ത്രജ്ഞ്ജരും ഭരണാധികാരികളും പ്രമുഖവ്യക്തികളും അമേരിക്കയില്‍ അപമാനിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍ മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുല്‍കലാമും മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസുംവരെ ഉള്‍പ്പെടും.
യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന മീര ശങ്കറിനെ മുമ്പ് മിസിസിപ്പി വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയയാക്കി. മീര സാരി ധരിച്ചു എന്നതായിരുന്നു പ്രകോപനം. വിദേശകാര്യമന്ത്രി ആയിരുന്ന എസ് എം കൃഷ്ണയുടെ ഒരു പ്രസ്താവനയില്‍ ഇന്ത്യയുടെ പ്രതികരണം ഒതുങ്ങി.
2011ല്‍ മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുല്‍കലാം ജെഎഫ്കെ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയനാക്കപ്പെട്ടു. ജാക്കറ്റും ഷൂസുംവരെ അഴിച്ചുവെപ്പിച്ചായിരുന്നു പരിശോധന. വ്യോമയാന സെക്രട്ടറിയുടെ ഒറ്റ വരി പ്രതികരണം മാത്രമായിരുന്നു ഇന്ത്യയുടെ പ്രതിക്ഷേധം.
മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ രണ്ട് തവണ  തുണിയുരിഞ്ഞ് പരിശോധിച്ചു. അപ്പോഴും ഇന്ത്യ പ്രതിക്ഷേധപ്രസ്താവനയില്‍ സായൂജ്യമടഞ്ഞു.
ഈ വര്‍ഷമാദ്യം ഉത്തര്‍പ്രദേശ് കാബിനറ്റ്‌ മന്ത്രി അസം ഖാനെ ബോസ്റ്റന്‍ വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തി.
യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ദീപ് പുരിയെ ഹൌസ്റ്റന്‍ വിമാനത്താവളത്തില്‍ അര മണിക്കൂര്‍ ദേഹപരിശോധന നടത്തി.
2010ല്‍ മുന്‍ കേന്ദ്രമന്ത്രി പ്രോഫുല്‍കുമാര്‍ പട്ടേലിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഷാരൂഖ്ഖാന്‍ ഇര്‍ഫാന്‍ ഖാന്‍ തുടങ്ങി നിരവധി സിനിമാതാരങ്ങള്‍ക്കും അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.

Leave a Reply