സ്വകാര്യത വ്യക്തിയുടെ മൗലീക അവകാശമാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. നിയന്ത്രണങ്ങളുടെ കെട്ടുറപ്പുകളില് തളച്ചിടുന്ന സര്‍ക്കാര്‍ നിബന്ധനകള്‍ ഒന്നുകില്‍ സ്വയം വിഴുങ്ങേണ്ടിവരും അല്ലെങ്കില്‍ രാജ്യത്തെ എല്ലാ പൗരന്മാരുടെയും സ്വകാര്യത സംരക്ഷിക്കുകയെന്ന ബാധ്യത നിറവേറ്റേണ്ട വലിയ ഉത്തരവാധിത്തം പേറേണ്ടിവരും. ഈ രണ്ടിലൊന്ന് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും എന്നതായിരിക്കുന്നു ഇന്നത്തെ വിധിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഡിവിഷന് ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ആര്‍കെ അഗര്‍വാള്‍, ആര്.എഫ്. നരിമാന്, എ.എം. സപ്രെ, ജെ ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലുണ്ടായിരുന്നത്. സ്വകാര്യത സംബന്ധിച്ച 1954ലെയും 1962ലെയും സുപ്രീം കോടതിയുടെ വിധികള്‍ ഇതോടെ അസാധുവായിരിക്കുകയാണ്. സ്വകാര്യതയെന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും കോടതി വിലയിരുത്തി.
ആധാര്‍ വിഷയത്തിലാണ് ഇതു പ്രധാനമായും ബാധിക്കുക. നിലവിലെ സമ്പ്രദായത്തില്‍ ആധാര്‍ മനുഷ്യന്റെ ഏതാണ്ട് എല്ലാ സ്വകാര്യതയും പകര്‍ത്തുന്നുണ്ട്. ഇതിനു വിലക്കു വീഴുന്നതിനു തുല്യമാണ് ഇപ്പോള്‍ വന്നിരിക്കുന്ന വിധി. എന്നിരുന്നാലും തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും മറ്റും ആധാര്‍ വിവരങ്ങള്‍ ഏറെ സഹായം ചെയ്യുന്നുണ്ട്. ഭീകര ബന്ധമുള്ളവരും ക്രിമിനലുകളും രാജ്യം വിട്ടുപോകുന്നതും തിരിച്ചെത്തുന്നതുമെല്ലാം കണ്ടെത്താന്‍ ആധാറിന്റെ അനുബന്ധമായി പകര്‍ത്തിയിട്ടുള്ള ബയോ മെട്രിക് വിവരങ്ങള്‍ സഹായിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടി ബാധിക്കുമെന്നത് സുരക്ഷാ ഏജന്‍സികളെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയിരിക്കുന്നത്.
ബയോമെട്രിക് ഡേറ്റയാണ് ആധാറില്‍ ഉള്‍പ്പെടുന്നത്. ഇത് വ്യക്തികള്‍ക്ക് സ്വകാര്യമായി സൂക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഇന്നത്തെ വിധി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സകല ഇടപാടിനും ആധാര്‍ നിര്‍ബന്ധമാക്കുന്ന പ്രവണത സാധ്യമാകില്ല. ഫലത്തില്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതുപോലുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് നിര്‍ബന്ധിക്കാനാകില്ല. ഇതിനു സാധിച്ചാല്‍ തന്നെ ആധാര്‍ കാര്‍ഡിനു വേണ്ടിയുള്ള വിവരശേഖരണങ്ങള്‍ സ്വകാര്യതയുടെ ലംഘനമാകില്ലെന്ന് രാജ്യത്തിന്റെ പരമോന്നത കോടതിയെ സര്‍ക്കാരിന് ബോധ്യപ്പെടുത്തേണ്ടിവരും എന്നതാണ് ആദ്യത്തെ ഉത്തരവാദിത്തം. കൂടാതെ വ്യക്തികളുടെ വിവരങ്ങള്‍ ഹാക്കര്മാരിലേക്കും മറ്റും ചോര്‍ന്നുപോകാതെ സംരക്ഷിക്കേണ്ട ചുമതലയും വന്നുചേരും.
വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ഓരോരുത്തരുടെയും സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാകും. ഈ സാഹചര്യത്തില്‍ ഭക്ഷണകാര്യത്തിലും മറ്റും സര്‍ക്കാര്‍ തുടരുന്ന നിബന്ധനകള്‍ സ്വകാര്യതയെ ഹനിക്കലായിമാറിയേക്കും. ഫലത്തില്‍ പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ബീഫ് നിയന്ത്രണങ്ങള്‍ക്ക് പോലും വെല്ലുവിളിയാകും. മദ്യപിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാകുമ്പോള്‍ മദ്യനിരോധനം പോലുള്ള നയങ്ങളെ സംബന്ധിച്ചും പുനഃചിന്തനം ചെയ്യേണ്ടിവരും.
ഇത്തരം നിയന്ത്രണങ്ങളെല്ലാം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമ്പോള്‍ പുതിയ വിധി സ്വാഭാവികമായും സര്‍ക്കാര്‍ നിലപാടുകളെ മയപ്പെടുത്താനിടയാക്കിയേക്കാം. മറ്റൊരു സാധ്യതയുള്ളത് നിയന്ത്രണങ്ങളുടെ വ്യക്തമായ ഉദ്ദേശ്യശുദ്ധി കോടതിയെ ബോധ്യപ്പെടുത്തി അവ തുടരുകയെന്ന പോംവഴിയാണ്.
INDIANEWS24.COM Central Desk