728-pixel-x-90-2-learn
728-pixel-x-90
<< >>

സ്റ്റാലിനോട് ജയലളിതയ്ക്ക് നന്ദി; പതിവ് തെറ്റിച്ച് തമിഴ് രാഷ്ട്രീയം

ചെന്നൈ:തുടര്‍ച്ചയായി അധികാരമേറ്റെടുക്കുന്ന ജയലളിത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ സാന്നിധ്യം കൊണ്ട് വ്യത്യസ്തമായിരുന്നു.എന്നാല്‍ ചടങ്ങിന് തൊട്ടുപിന്നാലെ അതേചൊല്ലി വിവാദവും പുകഞ്ഞു.പ്രധാന പ്രതിയോഗിയില്‍ നിന്നും തുടക്കത്തിലേ ഉയര്‍ന്ന എതിര്‍പ്പിനെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന് അയച്ച കത്തിലൂടെ പുരട്ച്ചി തലൈവി മറികടന്നിരിക്കുന്നു.

നന്ദി അറിയിച്ചുകൊണ്ടായിരുന്നു സ്റ്റാലിനുള്ള ജയലളിതയുടെ കത്ത്.സാധാരണ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്ന കാഴ്ച്ചയാണ് തമിഴകത്ത് കണ്ടുവരുന്നത്.ഇക്കുറി ചടങ്ങില്‍ പങ്കെടുക്കാന്‍ പുതിയ പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എം എല്‍ എ മാരെത്തി.എല്ലാവര്‍ക്കും പിന്നില്‍ സ്റ്റാലിന് സീറ്റ് നല്‍കിയതിനെതിരെ ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി രംഗത്തെത്തി.ചടങ്ങില്‍ വിളിച്ചുവരുത്തി പ്രതിപക്ഷത്തെ അപമാനിക്കുകയായിരുന്നുവെന്ന് സ്റ്റാലിന്റെ പിതാവ് കൂടിയായ അദ്ദേഹം ആരോപിച്ചു.

ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണത്തോടൊപ്പം സ്റ്റാലിനുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജയലളിത കത്തയച്ചത്.ചടങ്ങിനെത്തിയ അതിഥികള്‍ക്ക് പ്രോട്ടോകോള്‍ പാലിച്ചാണ് ഉദ്യോഗസ്ഥര്‍ ഇരിപ്പിടമൊരുക്കിയത് അതിനാലാണ് സ്റ്റാലിന്‍ പിറകിലായിപ്പോയതെന്നും അവര്‍ വിശദമാക്കി.സ്റ്റാലിനെ അപമാനിക്കുകയെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല.സ്റ്റാലിന്‍ പരിപാടിക്കെത്തിയ വിവരം ഉദ്യോഗസ്ഥര്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രോട്ടോകോള്‍ മറികടന്ന് സ്റ്റാലിന് മുന്‍നിരയില്‍ തന്നെ ഇരിപ്പിടമൊരുക്കുമായിരുന്നുവെന്നും അവര്‍ കത്തിലൂടെ അറിയിച്ചു.സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനെത്തിയതില്‍ നന്ദിപ്രകാശിപ്പിക്കുന്നതിനൊപ്പം അനുമോദിക്കാനും മുഖ്യമന്ത്രി മറന്നില്ല.ഭാവിയില്‍ നാടിന്റെ വികസനത്തിനായി സ്റ്റാലിനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചുകൊണ്ടാണ് ജയലളിത തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

INDIANEWS24.COM Chennai

Leave a Reply