728-pixel-x-90-2-learn
728-pixel-x-90
<< >>

സ്നോഡെന് അഭയംനല്‍കും: വെനസ്വേല, നിക്കരാഗ്വ

കരാക്കസ്/മനാഗ്വ: “പ്രിസം” ആഗോളചാരപ്പണിയുടെ വിവരങ്ങള്‍ ലോകത്തെ അറിയിച്ച് തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയതിന്റെ പേരില്‍ അമേരിക്ക വേട്ടയാടുന്ന എഡ്വേര്‍ഡ് സ്നോഡെന് (30) രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് ലാറ്റിനമേരിക്കന്‍ ഇടതുപക്ഷരാഷ്ട്രങ്ങളായ വെനസ്വേലയും നിക്കരാഗ്വയും അറിയിച്ചു. അമേരിക്കയുടെ സ്നോഡെന്‍ വേട്ടയുടെ ഭാഗമായി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിന്റെ വിമാനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ വഴി നിഷേധിച്ചതിനെതിരെ ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാര്‍ പ്രതിഷേധയോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയും നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ടേഗയും അതത് രാജ്യത്തെ പൊതുയോഗങ്ങളിലാണ് സ്നോഡെന് അഭയംനല്‍കുമെന്ന് പ്രഖ്യാപിച്ചത്.

 

സാമ്രാട്ടിന്റെ (അമേരിക്ക) കുറ്റവിചാരണ ഭയക്കാതെ ജീവിക്കാന്‍ യുവ അമേരിക്കന് വെനസ്വേലന്‍ ബോളിവാറിയന്‍ റിപ്പബ്ലിക് മാനുഷികാഭയം നല്‍കുമെന്ന് മഡൂറോ പറഞ്ഞു. വെനസ്വേലയുടെ സ്വാതന്ത്ര്യവാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്കാരഗ്വ തലസ്ഥാനമായ മനാഗയില്‍ നടത്തിയ പ്രസംഗത്തിലാണ് സ്നോഡെന് അഭയമൊരുക്കുമെന്ന് ഒര്‍ടേഗ അറിയിച്ചത്. അമേരിക്കയൂടെ ആഗോള ചാരപ്പണി ലോകത്തോട് വെളിപ്പെടുത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന വ്യക്തിയെ സഹായിക്കാന്‍ തന്റെ രാജ്യത്തിന് അവകാശമുണ്ടെന്ന് ഒര്‍ടേഗ പറഞ്ഞു. മൂന്നാഴ്ചയോളമായി റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ഷെറമത്യാവോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് മേഖലയില്‍ കഴിയുന്ന സ്നോഡെന്‍ പുതുതായി ആറ് രാജ്യത്തുകൂടി രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചെന്ന് വിക്കിലീക്സ് വെബ്സൈറ്റ് അറിയിച്ചു. അമേരിക്കന്‍ ഇടപെടല്‍ ഭയന്ന് രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താന്‍ വിക്കിലീക്സ് തയ്യാറായില്ല. ഇന്ത്യ അടക്കമുള്ള 21 രാജ്യത്ത് നേരത്തെ അഭയമൊരുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.

 

അമേരിക്കന്‍ അതൃപ്തി ഭയന്ന് മിക്ക രാജ്യവും അപേക്ഷ നിരസിച്ച പശ്ചാത്തലത്തിലാണ് വെനസ്വേലയും നിക്കരാഗ്വയും ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഐസ്ലാന്‍ഡും ബോളീവിയയും ഉടന്‍ അനുകൂല നിലപാട് പ്രഖ്യാപിച്ചേക്കും. അമേരിക്കന്‍ ചാരക്കണ്ണുകള്‍ വെട്ടിച്ച് സ്നോഡെന് റഷ്യക്ക് പുറത്തുകടക്കാന്‍ പ്രയാസമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സ്നോഡെനെ വഹിച്ചുകൊണ്ട് പറന്നുയരുന്ന വിമാനത്തിന് യുറോപ്യന്‍ രാജ്യങ്ങള്‍ പറക്കല്‍ അനുമതി നിഷേധിക്കുമെന്ന് ഉറപ്പാണ്. ഇവോ മൊറാലസിന്റെ വിമാനത്തില്‍ സ്നോഡെന്‍ രക്ഷപ്പെടുന്നെന്ന അമേരിക്കന്‍ സന്ദേശത്തെ തുടര്‍ന്നാണ് ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ രാഷ്ട്രത്തലവന്‍ എന്ന പരിഗണന പോലും നല്‍കാതെ മൊറാലിസിന്റെ വിമാനത്തിന്റെ വഴി 14 മണിക്കൂര്‍ തടസ്സപ്പെടുത്തിയത്. സ്നോഡെന്‍ മൊറാലിന്റെ വിമാനത്തില്‍ ഉണ്ടെന്ന് അമേരിക്ക അറിയിച്ചതുകൊണ്ടാണ് യാത്ര തടസ്സപ്പെടുത്തേണ്ടിവന്നതെന്ന് സ്പാനിഷ് വിദേശമന്ത്രി ജോസ് മാനുവല്‍ ഗാര്‍സിയ മര്‍ഗല്ലോ വെളിപ്പെടുത്തി.

 

Leave a Reply