ബെര്‍ലിന്‍: സ്കൂളുകള്‍ തുറക്കുന്നത് കോവിഡ് രോഗത്തിന്റെ വ്യാപനം ദ്രുതഗതിയിലാക്കുമെന്നു പഠനം. ജര്‍മനിയിലെ മക്ഗില്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ജോര്‍ജ് ഫ്രിറ്റ്സാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. സ്കൂളുകള്‍ തുറക്കുന്നത് വലിയ ദുരന്തത്തിന് വഴിവെക്കാമെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് രോഗബാധിതരായ 4000 രോഗികളില്‍ നടത്തിയ പഠനത്തിനു ശേഷമാണു ഫ്രിറ്റ്സ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. രോഗവാഹകശേഷി മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെയാണ്.അതിനാല്‍ സ്കൂളുകളും കിന്റര്‍ ഗാര്‍ഡനുകളും ഉടന്‍ തുറക്കുന്നത് അപകടമാണെന്ന് ഫ്രിറ്റ്സ് പറഞ്ഞു.
സാമൂഹ്യജീവിതത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നതിന് മുമ്പും മൂന്ന് കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ടെസ്റ്റ് ചെയ്യാനും പിന്തുടരാനും കഴിയുക, വൃദ്ധമന്ദിരങ്ങളില്‍ രോഗവ്യാപനം പൂര്‍ണമായും ഇല്ലാതാക്കുക, തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവ ചെയ്യാതെ ഇളവുകള്‍ നല്കാന് പാടില്ലെന്ന് ഫ്രിറ്റ്സ് പറഞ്ഞു.