728-pixel-x-90-2-learn
728-pixel-x-90
<< >>

സോഹന്‍ റോയിയെ സി സി സി ഐ അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയിയെ സിസിസിഐയുടെ (കോസ്‌മോപൊളിറ്റന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് സിസിസിഐ ഭാരവാഹികള്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് (ഐ എ ടി എ എസ്) അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു പ്രമുഖ സ്ഥാനത്തേക്കു കൂടി സോഹന്‍ റോയ് എത്തുന്നത്. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ചേംബര്‍ ആയ സി സി സി ഐ 30 രാജ്യങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുക. ന്യൂയോര്‍ക്ക്, ലണ്ടന്‍, ദുബായ്, കുലാലമ്പൂര്‍, ന്യൂ ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലും സി സി സി ഐ ഓഫീസ് തുറക്കും. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സി സി സി ഐ സെക്രട്ടറി ജനറല്‍ സുജില്‍ ചന്ദ്ര ബോസ്, ഏരീസ് ഗ്രൂപ്പ് മീഡിയ ഹെഡ് മുകേഷ് എം നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

15 രാജ്യങ്ങളിലായി 45 അന്താരാഷ്ട്ര കമ്പനികള്‍ ഉള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റ് 2017 പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഇടംപിടിച്ച പ്രമുഖ വ്യവസായി കൂടിയാണ് സോഹന്‍ റോയ്. ഇന്ത്യയിലെ ഏക ഡ്യൂവല്‍ 4 കെ പ്രൊജക്ഷന്‍ തീയേറ്ററായ ഏരീസ് പ്ലസ്, ഏരീസ് വിസ്മയ മാക്‌സ് സ്റ്റുഡിയോ എന്നിവ തിരുവനന്തപുരത്ത് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഗോളതലത്തില്‍ 1400 ജീവനക്കാരുള്ള ഏരീസ് ഗ്രൂപ്പിന് ഇന്ത്യയില്‍ മാത്രം 400 ഓളം പേരുണ്ട്. ഇന്ത്യന്‍ സിനിമ വ്യവസായത്തെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഗോള നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള സംരംഭമായ ഇന്‍ഡിവുഡിന് നേതൃത്വം കൊടുക്കുന്നത് സോഹന്‍ റോയിയാണ്.

സോഹന്‍ റോയ് സംവിധാനം ചെയ്ത് ഹോളിവുഡ് ചലച്ചിത്രമായ ‘ഡാം999′ നിരവധി ദേശീയ പുരസ്‌കാരങ്ങളും അഞ്ച് ഓസ്‌കാര്‍ നാമനിര്‍ദേശങ്ങളും നേടിയിരുന്നു. ഓസ്‌കാര്‍ ലൈബ്രറിയുടെ പ്രധാനശേഖരത്തിലേക്ക് ‘ഡാം999′ തിരക്കഥ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

INDIANEWS24.COM T V P M

Leave a Reply