728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍: യു ഡി എഫിലെ പ്രമുഖര്‍ക്കെതിരെ മാനഭംഗം അടക്കമുള്ള കേസ്‌

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം യു ഡി എഫിലെ പ്രമുഖ നേതാക്കള്‍ക്കും യുവ എം എല്‍ എയ്‌ക്കെതിരെയും കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസുമാണെടുക്കുക. അന്ന് ഐ ജിയായിരുന്ന എ ഡി ജി പി. കെ പത്മകുമാറിനും ഡി വൈ എസ് പി. കെ ഹരികൃഷ്ണനും എതിരെ കേസെടുക്കും. ഡി ജി പി. എ ഹേമചന്ദ്രനെതിരെയും കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദും അടക്കം യു ഡി എഫിലെ പല പ്രമുഖര്‍ക്കെതിരെയും അഴിമതിക്ക് പുറമെ മാനഭംഗത്തിനും കേസെടുക്കും. സരിത എസ് നായര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കെതിരെയും കേസെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഉമ്മന്‍ചാണ്ടിയെ കേസില്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചുമെന്നാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ കണ്ടെത്തല്‍.

അഴിമതി നടത്തിയെന്ന ആരോപണത്തിന് ഉപരിയായി മാനഭംഗപ്പെടുത്തിയെന്നതിനും കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ സി വേണുഗോപാല്‍ എം.പി., അടൂര്‍ പ്രകാശ് എം എല്‍ എ എന്നിവര്‍ക്കെതിരെയാണ് സരിതയുടെ കത്തിന്റെ കൂടി അടിസ്ഥാനത്തില്‍ അഴിമതിക്കും മാനഭംഗത്തിനും കേസെടുക്കുക. ഹൈബി ഈഡന്‍ എം എല്‍ എ, ജോസ് കെ മാണി എം.പി., എ പി അനില്‍കുമാര്‍ എം എല്‍ എ, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എന്‍ സുബ്രഹ്മണ്യം(കോണ്‍ഗ്രസ് നേതാവ്) എന്നിവര്‍ക്കെതിരെയാണ് മാനഭംഗക്കേസുള്ളത്. ഇവരെ കൂടാതെ എ ഡി ജി പി. കെ പത്മകുമാറിനെതിരെയും മാനഭംഗത്തിന് കേസെടുക്കും.

തെളിവ് നശിപ്പിക്കല്‍, കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ശ്രമം എന്നീ കുറ്റങ്ങളുടെ പേരിലും പത്മകുമാറിനെതിരെ വിജിലന്‍സ് കേസെടുക്കും. കേസില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതാണ് തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്താന്‍ മനപ്പൂര്‍വ്വമായ ശ്രമം നടത്തി, ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം എന്നീ കുറ്റങ്ങളാണ് മുന്‍ എം എല്‍ എമാരായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരെയുള്ളത്.

സോളാര്‍ കേസ് അന്വേഷണത്തില്‍ ഇടപെട്ടതാണ് ഡി ജി പി. എ ഹേമചന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തിന് ആധാരമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തെളിവ് നശിപ്പിക്കല്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍ എന്നിവയാണ് ഡി വൈ എസ് പി. കെ ഹരികൃഷ്ണനെതിരായ കുറ്റം. സോളാര്‍ കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിന്‌ പോലീസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെതിരെയും കേസുണ്ടാകും.

INDIANEWS24.COM T V P M

Leave a Reply