728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി ഓഫീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. സോളാര്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ശിവരാജന്‍ ചൊവ്വാഴ്ച്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശങ്ങളുള്ളത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനങ്ങളുണ്ട്.

നാല് ഭാഗങ്ങളിലായുള്ള ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മുഴുവനും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ മുഖ്യമന്ത്രി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടവര്‍ക്കും തട്ടിപ്പ് നടത്തിയവര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായി നല്ല ബന്ധമുണ്ടാക്കാന്‍ സാധിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആളുകളെ തട്ടിപ്പിനിരയാക്കുന്നതിനായി ഓഫീസ് ദുരുപയോഗം ചെയ്തതായാണ് വിലയിരുത്തുന്നത്.

ആദ്യം അന്വേഷിച്ച സംഘത്തിന് വിവരങ്ങള്‍ കണ്ടെത്തുന്നതിന് വീഴ്ച്ച പറ്റി. ഇതാണ് അന്വേഷണത്തിനെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. തട്ടിപ്പുകള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ അപര്യാപ്തമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ന് വൈകുന്നേരമാണ് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോകുമ്പോഴും ശേഷവും റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും അദ്ദേഹം പ്രതികരിച്ചില്ല. പരിഗണനാ വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ടെന്നും വിവരങ്ങള്‍ മുഖ്യമന്ത്രി പറയുമെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പരിശോധിച്ച ശേഷം അതേ കുറിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply