728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കേസിലെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

കൊച്ചി:സോളാര്‍ കേസ് പ്രതിയായ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താതിരുന്നതിന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനെതിരെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് സമിതി കുറ്റപത്രം സമര്‍പ്പിച്ചു.പ്രതിക്ക് പറയാനുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താതിരുന്നതിലൂടെ ഗുരുതര വീഴ്ച്ചയാണ് വരുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.എ സി ജെ എം എന്‍ വി രാജുവിനെതിരെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്ക് പതിനഞ്ച് ദിവസത്തിനകം മറുപടി പറയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

രാജുവിന്റെ മറുപടി ലഭിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് ഹൈക്കോടതി കടക്കുക.2013 ജൂലായ് 20ന് എറണാകുളം രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സരിത തനിക്ക് രഹസ്യമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് മജിസ്‌ട്രേറ്റ് രാജുവിനെ അറിയിച്ചത്.തുടര്‍ന്ന് അന്ന് ഉച്ചയ്ക്ക് അടച്ചിട്ട കോടതിക്കുള്ളില്‍ മജിസ്‌ട്രേറ്റ് 20 മിനിറ്റോളം സരിതയുടെ പരാതി കേട്ടു. എന്നാല്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല.പിന്നീട് സരിതയോട് തന്നെ ഇത് എഴുതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.സരിത എഴുതി നല്‍കിയ പരാതിയില്‍ മന്ത്രിമാരുടെ പേരുകള്‍ ഉണ്ടെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം ഒരു കെട്ട് നുണകള്‍ മാത്രമാണെന്ന് മജിസ്‌ട്രേട്ട് കോടതിയില്‍ പറഞ്ഞതും ഏറെ വിവാദമായിരുന്നു.

സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേട്ട് വിസമ്മതിച്ചതോടെ അഡ്വ: ജയശങ്കറും ബി ജെ പി. നേതാവ് കെ സുരേന്ദ്രനും ഹൈക്കോടതിയില്‍ പരാതി നല്‍കി.തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ പ്രാഥമിക അന്വേഷണം നടത്തി. പരാതി രേഖപ്പെടുത്താതിരുന്നത് എന്തുകൊണ്ട്,അടച്ചിട്ട മുറിയില്‍ പരാതി കേട്ടതിന്റെ സാഹചര്യം,കോടതി നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചോ,സരിതയെ കണ്ട് മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയ സാഹചര്യം, മാദ്ധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന മജിസ്‌ട്രേറ്റിന്റെ പ്രസ്താവന തുടങ്ങിയ കാര്യങ്ങളിലാണ് വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. മജിസ്‌ട്രേട്ടിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ജഡ്ജിമാരടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയെ നിയോഗിച്ചത്.എന്നാല്‍ ആറു മാസത്തോളമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതിനിടെ മജിസ്‌ട്രേട്ട് രാജു ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടായി സ്ഥാനക്കയറ്റം ലഭിച്ച് കാസര്‍കോട്ടേക്ക് സ്ഥലം മാറിപോയി.

INDIANEWS24 KOCHI

Leave a Reply