സോക്കര്‍ കേരളക്കും, മലപ്പുറം ബ്രദേര്‍സിനും വിജയത്തുടക്കം
കുവൈറ്റ് : കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോള്‍ കാര്‍ണിവലായ കെഫാക് ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ രൗദ ചാലഞ്ചെഴ്സ് ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് സ്റ്റാര്‍ലൈറ്റ് വാരിയേസിനെ തറപറ്റിച്ചു. ഷൈനല്‍ , രതീഷ് , ഇഷാക് എന്നീവരാണ് രൗദ ചാലഞ്ചെഴ്സിനു വേണ്ടി ലക്ഷ്യംകണ്ടത്. ആദ്യ കളിയിലെ കേമനായി രൗദ ചാലഞ്ചെഴ്സ് താരം രതീഷിനെ തിരഞ്ഞടുത്തു. രണ്ടാം മത്സരത്തില്‍ മലപ്പുറം ബ്രദേര്‍സ് മറുപടിയില്ലാത്ത 3 ഗോളിന് ചാമ്പ്യന്‍സ് എഫ് സി , അബ്ബാസിയയെ തോല്‍പ്പിച്ചു. കളിയുടനീളം മികച്ച നിലവാരം പുലര്‍ത്തിയ മലപ്പുറം ബ്രദേര്‍സ് കാണികള്‍ക്ക് മനോഹരമായ കളിവിരുന്നാണ് ഒരുക്കിയത്. ആറാം മിനിറ്റിലും, അമ്പതാം മിനിറ്റിലും ഗോള്‍ നേടിയ ലിനേഷ് ആണ് മാന്‍ ഓഫ് ദി മാച്ച് .
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സോക്കര്‍ കേരളയും , റണ്ണര്‍അപ്പ് മാക്ക് കുവൈറ്റുമായുള്ള മത്സരം ആവേശജ്ജ്വലമായിരുന്നു. രണ്ടാം പകുതിയുടെ അവസാനം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന മാക്ക് കുവൈറ്റിനെ സോക്കര്‍ കേരള പോരുതിതോല്പ്പിക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സോക്കര്‍ കേരള തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത് . മറുപടി ഗോളിനായി കളിയുടെ അവസാന നിമിഷംവരെ സോക്കര്‍ കേരളയുടെ ഗോള്‍ മുഖത്ത് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയെങ്കിലും മാക്കിന് ലക്ഷ്യം കാണാനായില്ല. വിജയികള്‍ക്ക് വേണ്ടി ശ്രീകുമാര്‍ , സെബാസ്റ്റ്യന്‍ തോമസ് , ബിനോജ് എന്നീവര്‍ ഗോള്‍ നേടി. കളിയിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച മാക്ക് കുവൈറ്റിന്റെ ഗോളി അബ്ദുല്‍ റഹ്മാനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. പെരുന്നാള്‍ അവധിയായതിനാല്‍ നൂറുകണക്കിന് ആളുകളാണ് ഫഹാഹീല്‍ പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ കളി കാണുവാന്‍ കുടുംബസമേതം എത്തിയത്. അടുത്ത വെള്ളിയാഴ്ച 4:30 – ന് ബിഗ് ബോയ്സ് സാല്‍മിയ ഫഹാഹീല്‍ ബ്രദേര്സുമായും, സില്‍വര്‍ സ്റ്റാര്‍ സി എഫ് സി സാല്‍മിയയുമായി ഏറ്റുമുട്ടും .കെഫാക് ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗ് സീസണ് – 2 കിക്കൊഫുമായി ബന്ധപ്പെട്ട് നടന്ന റാഫിള്‍ നറുക്കുടുപ്പിന്റെ സമ്മാനങ്ങള്‍ അടുത്ത വെള്ളിയാഴ്ച ലീഗ് മത്സരങ്ങള്‍ക്ക് ശേഷം വിതരണംചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

രൗദ ചാലഞ്ചെഴ്സ്