728-pixel-x-90-2-learn
728-pixel-x-90
<< >>

സൈബര്‍ ഗുണ്ടായിസം: പതിനഞ്ചുകാരന്‍ ജീവനൊടുക്കി

ടൊറന്റോ: സൈബര്‍ ഗുണ്ടായിസത്തിന് ഇരയായ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. കാനഡയിലെ സസ്കച്യൂനിലാണ് സംഭവം. ടോഡ്‌ ലോയിക് എന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് സൈബര്‍ ഗുണ്ടായിസത്തെത്തുടര്‍ന്നു ജീവനൊടുക്കിയത്.
ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാധ്യമങ്ങള്‍ വഴി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരാളെ വേട്ടയാടുന്നതിനാണ് സൈബര്‍ ഗുണ്ടായിസം എന്ന് പറയുന്നത്. ഒരു വ്യക്തിക്ക് തുടര്‍ച്ചയായി അധിക്ഷേപ സന്ദേശങ്ങളും ഭീക്ഷണികളും അയയ്ക്കുക, സമൂഹത്തില്‍ താറടിക്കുന്ന വിധം ചിത്രീകരിക്കുക, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങി പല വിധത്തിലാണ് സൈബര്‍ ഗുണ്ടായിസം.
സെപ്തംബര്‍ എട്ടിനാണ് ടോഡ്‌ ആത്മഹത്യ ചെയ്തത്.മകന്‍ ജീവനൊടുക്കാന്‍ കാരണം സൈബര്‍ ഗുണ്ടായിസമാണ് എന്ന് അമ്മ കിം ലോയിക് വെളിപ്പെടുത്തിയതോടെയാണ് ഈ മരണം കാനഡയില്‍ സജീവചര്‍ച്ചയാകുന്നത് .
ആറാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്‍റെ മകന്‍ സൈബര്‍ ഗുണ്ടായിസത്തിനു ഇരയാണെന്ന് കിം ലോയിക് പറഞ്ഞു. ഫെയ്സ്ബുക്കിലും മറ്റും വരുന്ന സന്ദേശങ്ങളില്‍ താരതമ്യേന കടുപ്പം കുറഞ്ഞവ മാത്രമാണ് ടോഡ്‌ എന്നെ കാണിച്ചിരുന്നത്. അവതന്നെ പറയാന്‍ കൊള്ളാത്തവയാണ്. മരിക്കുന്നതിനു തലേന്നും ഇത്തരത്തില്‍ ഒരു സന്ദേശം വന്നു. കാര്യമാക്കേണ്ട എന്ന് ഞാന്‍ അവനോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല- കിം ലോയിക് പറഞ്ഞു.
അതേസമയം ടോഡിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ , സൈബര്‍ ഗുണ്ടായിസതിനെതിരെ കര്‍ശനനിയമം കൊണ്ടുവരാന്‍ കാനഡ ആലോചിക്കുകയാണ്. പീറ്റര്‍ മക്കെയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാനഡയിലെ തന്നെ ബ്രിട്ടീഷ് കൊളംബിയയില്‍ കഴിഞ്ഞ വര്ഷം അമാന്‍ഡാ ടോഡ്‌ എന്ന പതിനഞ്ചുകാരി സൈബര്‍ ഗുണ്ടയിസത്തെത്തുടര്‍ന്നു ആത്മഹത്യ ചെയ്തിരുന്നു.ജീവനൊടുക്കും മുമ്പ് അമാന്‍ഡാ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്ത ഹൃദയഭേദകമായ വീഡിയോ കാനഡയില്‍ സജീവച്ചര്ച്ചയ്ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ ഗുണ്ടായിസത്തിനെതിരെ പ്രവിശ്യകള്‍ ചില നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും അവ ഫലവത്തായില്ല എന്നാണ് ടോഡിന്റെ ആത്മഹത്യ നല്‍കുന്ന സന്ദേശം.

One Response to സൈബര്‍ ഗുണ്ടായിസം: പതിനഞ്ചുകാരന്‍ ജീവനൊടുക്കി

  1. Pingback: Facebook ഗുണ്ടായിസത്തിന് ഇരയായ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. | BelfastMalayali

Leave a Reply