jio 800x100
jio 800x100
728-pixel-x-90
<< >>

‘സെക്‌സി ദുര്‍ഗ’ അന്വര്‍ത്ഥം നാമധേയം

വിദേശത്ത് നിന്നുള്ള പുരസ്‌കാരം നേടുകയും വിവാദമാകുകയും ചെയ്ത ചലച്ചിത്രം സെക്‌സി ദുര്‍ഗ ടീസര്‍ പോലും പുറത്തിറങ്ങാതെ തന്നെ ഏറെ ഹിറ്റായി കഴിഞ്ഞു.സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിലുള്ള മൂന്നാമത്തെ ചിത്രമാണിത്.ദേവിയെ മോശമായി വ്യാഖ്യാനിച്ച പേരാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ് വാളോങ്ങുന്നവരോട് സെക്‌സി ദുര്‍ഗ എന്ന പേര് ഒരു കലാകാരന്റെ സ്വാതന്ത്ര്യവും അതിനെ ഹനിക്കുവാന് നിങ്ങള്‍ക്കെന്ത് അവകാശമെന്നും ഉള്ള ബുദ്ധിജീവിപരവും വിപ്ലവവീര്യവുമുള്ള ചോദ്യം നീട്ടുന്നില്ല.പകരം ഈ പേരിന്റെ ഔചിത്യത്തിലേക്ക് അവരെ ഒപ്പം കൂട്ടുവാനാണ് താല്‍പര്യം.ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്താല്‍ കലഹങ്ങളും വിശ്വാസികളുടെ നീറ്റലും ആറ്റിത്തണുപ്പിക്കാനുള്ള ഉദ്ദേശം തീരെയില്ല.ചിത്രം ഉണ്ടാക്കിയവരുടെയും പേരിട്ടവരുടെയും ലക്ഷ്യം എന്തുമാകാം.അതിനെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയം വില്‍ക്കാനുള്ള അവസരവുമാകാം.സിനിമയെ അറിഞ്ഞ പ്രേക്ഷകന് ഈ പേരിന് പകരം മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാനാകില്ല എന്നതാണ് പരമാര്‍ത്ഥം

അമേരിക്കയിലെ റോട്ടര്‍ഡാം ഫിലിംഫെസ്റ്റില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യന്‍ സിനിമ എന്ന പകിട്ടും കൂടി സെക്‌സി ദുര്‍ഗയ്ക്ക് ഇതിനോടകം ചാര്‍ത്തികിട്ടിയിരിക്കുന്നു.കാമുകനൊപ്പം സഞ്ചരിക്കുന്ന ഒരു യുവതി സദാചാരത്തിന്റെ നെറുകയില്‍ നില്‍ക്കുന്നവരാല്‍ സാമൂഹിക വിചാരണചെയ്യപ്പെടുകയും കാമതൃഷ്ണത അധികരിച്ചതുമൂലം മൃഗതുല്യമാക്കപ്പെട്ട ചിലരെ അതിജീവിക്കേണ്ടിവരികയും ചെയ്യുന്നതാണ് സിനിമയിലെ കഥാസന്ദര്‍ഭം.കഥയറിഞ്ഞപ്പോള്‍ വിശ്വാസത്തിന് ഒരു കുഴപ്പവും സംഭവിപ്പിക്കുന്ന ബോംബല്ല സിനിമയെന്ന് വ്യക്തമായി.സിനിമയിലെ കഥാനായികയുടെ പേരാണ് ദുര്‍ഗ്ഗ.അപ്പോള്‍ കഥാനായികയ്ക്ക് ഇങ്ങനെ ഒരു പേര് മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണെന്നായി പ്രശ്‌നം.

സിനിമയിലെ ദുര്‍ഗയെ സെക്‌സിയായി കാണുന്ന കുറേപേരുടെ വൈകൃതങ്ങള്‍ മൂലമാകാം സിനമയ്ക്കും ഇങ്ങനെ പേരിടാന്‍ കാരണമായത്.വിശ്വാസത്തെ വെല്ലുവിളിക്കുന്നുവെന്ന് തോന്നലുളവായവരോടായി സിനിമയുടെ ഏറ്റവും വലിയ സ്വത്തായ പ്രേക്ഷകന് വിശ്വാസത്തെ പുല്‍കിക്കൊണ്ട് തന്നെ ചിലത് പറയാനുണ്ട്. ദുര്‍ഗാ ദേവിയെ അപമാനിക്കുന്നുവെന്നാണ് വിശ്വാസികളെ പ്രയാസപ്പെടുത്തുന്ന കാര്യം.ദുര്‍ഗ എന്നാല്‍ ആദിപരാശക്തിയുടെ സംഹാരഭാവം എന്നാണ് വിശ്വാസികളുടെ സങ്കല്‍പ്പവും പുരാണത്തില്‍ പറയുന്നതും.കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാറ്റിലും ഈശ്വരനുണ്ട് എന്നാണ് ദുര്‍ഗാദേവിയുടെ വിശ്വാസികള്‍ക്ക് ആധാരമായ ഭാരതീയ ഈശ്വരചിന്തയുടെ അടിസ്ഥാന തത്ത്വം.അങ്ങനെയെങ്കില്‍ സിനിമയിലെ ദുര്‍ഗയെന്ന പെണ്‍കുട്ടിക്കും ഈ ദൈവീകത ഉണ്ടാകേണ്ടതല്ലേ, അതിനെ വകവെക്കാതെ പിച്ചിചീന്തുന്നവര്‍ ഇക്കാര്യം ഉള്‍ക്കൊള്ളാത്ത പൈശാചികരാണ്.വാസ്തവത്തില്‍ സിനിമയിലേതിനേക്കാള്‍ മൃഗീയമായി പെണ്‍കുട്ടികള്‍ കടിച്ചുകീറപ്പെടുന്നില്ലേ.ഡല്‍ഹിയിലെ ബസ്സില്‍ ഒരു വിദ്യാര്‍ത്ഥിനി പൊലിഞ്ഞത് ലോകത്തിനാകെ വേദനയായിരുന്നു.പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ കണ്ണില്ലാത്ത ക്രൂരതകളേറ്റ് ജിഷ ഒടുങ്ങിയത്‌ എന്തിനുവേണ്ടിയായിരുന്നുവെന്നത് മറന്നുകൂട.ഇതിനേക്കാലൊക്കെ പൈശാചികമായ ആസുരഭാവത്തെ ഇല്ലാതാക്കിയ ഐതീഹ്യത്തിന്റെ പേരിലാണ്‌ ദുര്‍ഗാദേവിയെ വിശ്വാസികള്‍ പൂജിക്കുന്നതും ആരാധിക്കുന്നതും.

സിനിമയിലെ ദുര്‍ഗയ്ക്ക് സമാനമായോ അതിനേക്കാള്‍ കൂടുതലായോ അല്ലെങ്കില്‍ ചെറിയ തോതിലാണെങ്കിലും നമ്മുടെ നാട്ടില്‍ ഒരുദിവസം മാത്രം എത്രപേര്‍ അപമാനിക്കപ്പെടുന്നുണ്ട്.ഇവയില്‍ കേസാകുന്നവ മാത്രമാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍പ്പെടുന്നത്.അല്ലാത്തവയുടെ കണക്കെടുത്താല്‍ വളരെ കൂടുതലാകും.ഇത്തരത്തില്‍ അപമാനിക്കപ്പെടുമ്പോള്‍ കളങ്കപ്പെടുന്നത് ദേവീയുടെ പ്രതിരൂപമാണെന്ന് ചിന്തിക്കാന്‍ മനസ്സുകാട്ടാതെസിനമാപ്പേരില്‍ രാഷ്ട്രീയം കലര്‍ത്തുന്നവരുടെ വരുതിയിലേക്ക് അടുത്തുകൊള്ളാനാണ് വിശ്വാസികള്‍ മനപ്പൂര്‍വ്വമല്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ബഹുമാനിക്കപ്പെടേണ്ട സ്ത്രീയുടെ ആദരം പിടിച്ചുപറ്റി അതുവഴി അവര്‍ക്ക് സുരക്ഷയൊരുക്കി പൗരുഷം കാത്തുസൂക്ഷിക്കേണ്ടതിന് പകരം വികാര കുതിപ്പില്‍ അവര്‍ക്കുമേല്‍ അധീശത്ത്വം സ്ഥാപിക്കുന്നതാണ് ആണത്തം എന്ന കോംപ്ലക്‌സില് നിന്നും വിമുക്തരാകാത്തവരാണ് പ്രശ്‌നക്കാര്‍.അവര്‍ക്കെതിരെയാണ് സെക്‌സി ദുര്‍ഗ അഭ്രപാളിയിലെ കാഴ്ച്ചയാകുന്നത്.അപമാനിക്കപ്പെടാറുള്ളവരുടെ പട്ടികയില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കൈകുഞ്ഞ് മുതല്‍ ഇരിക്കാന്‍ പോലുമാകാതെ കിടക്കുന്ന നൂറിനോടടുത്ത മുത്തശ്ശിമാര്‍വരെ ഉള്‍പ്പെടുന്നത് വാര്‍ത്തകള്‍ പോലുമല്ലാതായിരിക്കുന്നു.

ഇനിയും സെക്‌സി ദുര്‍ഗ എന്ന പേരില്‍ അനിഷ്ടം കണ്ട് നെഞ്ചിടിപ്പ് കൂടുന്നവരോടായി ഒരു ഡയലോഗ് മാത്രമാണുള്ളത്.മഹാഭാരത ഇതിഹാസത്തില്‍ ധര്‍മ്മയുദ്ധം ജയിച്ച് ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരം വീണ്ടെടുത്ത് ഭരണം തുടങ്ങുന്നതിന് മുമ്പായി ശരശയ്യയില്‍ കിടന്ന പിതാമഹന്‍ ഭീഷ്മരുടെ അനുഗ്രഹം വാങ്ങാനെത്തിയ യുധിഷ്ഠിരന് അദ്ദേഹം നില്‍കുന്ന ഉപദേശമാണിത്.’നിന്റെ രാജ്യത്തെ ഏതു തെരുവിലൂടെയും പാതിരാത്രി പോലും സുന്ദരിയായ ഒരു സ്ത്രീ സര്‍വ്വാഭരണ വിഭൂഷിതയായി ഇറങ്ങിനടക്കുമ്പോള് ഭയാശങ്കകളില്ലാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നുവോ അന്നേ നിന്റെ ഭരണം ഏറ്റവും മികച്ചതാകൂ’.

INDIANEWS24.COM

Leave a Reply