രാജ്യാന്തര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ സനല്‍കുമാര്‍ ശശിധരന്റെ ചിത്രം സെക്സി ദുര്‍ഗ്ഗ തിയേറ്ററുകളിലെത്തുന്നത് ‘എസ് ദുര്‍ഗ്ഗ’ എന്നപേരിലായിരിക്കും. പേരിലെ സെക്സി എന്ന പദം നീക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പേരില്‍ മാറ്റം വരുത്തിയത്.
സിനിമയുടെ പേര് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സെക്സി ദുര്‍ഗ്ഗ നേരത്തെ തന്നെ വിവാദമായിരുന്നു. ഇതുകാരണം ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍പോലും വിസമ്മതമുണ്ടായതാണ്. എന്നാല്‍ ചിത്രം പരിശോധിച്ച സെന്‍സര്‍ബോര്‍ഡ് ഇതിലെ ഒരു രംഗത്തിന് പോലും കത്രിക വെക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പേരിലെ സെക്സി എന്ന പദം മാത്രമാണ് ബോര്‍ഡ് പ്രശ്നമാക്കിയത്. കൂടാതെ ചിത്രത്തിലെ സംഭാഷണത്തില്‍ 21 ഭാഗങ്ങളില്‍ ബീപ്പ് ശബ്ദം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.
സെന്‍സര്‍ബോര്‍ഡ് ആവശ്യത്തെ തുടര്‍ന്നാണ് എസ് ദുര്‍ഗ്ഗ എന്ന് പേരുമാറ്റിയ ചിത്രത്തിന് യു- എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയതെന്നു സംവിധായകന് സനല്‍കുമാര്‍ ശശിധരന് അറിയിച്ചു. സെക്സി ദുര്‍ഗ്ഗ എന്ന ചിത്രം ഒരു രാജ്യാന്തര ചിത്രമാണ്. ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിന് മാത്രമാണ് പേര് മാറുക. ഇതിന്റെ ഓണ്‍ലൈന്‍ റിലീസ് സെകസി ദുര്‍ഗ്ഗ എന്ന പേരില്‍ തന്നെയാകും എന്നും സംവിധായകന് വ്യക്തമാക്കി.
INDIANEWS24.COM Movies