jio horizontal
728-pixel-x-90
<< >>

നീതി കിട്ടിയോ ആ പെണ്‍കുട്ടിക്ക്?

ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ ഒരു വര്‍ഷത്തിനുള്ളിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കപ്പെട്ടതും പ്രതികള്‍ ശിക്ഷിക്കപ്പെട്ടതും. എന്നാല്‍ കേരളത്തെ ഉലച്ച സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ ഇരയായ പെണ്‍കുട്ടിയും സമൂഹവും കാത്തിരിക്കേണ്ടി വന്നത് നീണ്ട 18 വര്‍ഷം.

വൈകിക്കിട്ടിയ നീതി യഥാര്‍ത്ഥത്തില്‍ നീതിനിക്ഷേധമാണെന്നാണ് ഇന്ത്യന്‍ നിയമസംഹിതയുടെ കാതല്‍. ആ അര്‍ത്ഥത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഇനിയും നീതി കിട്ടിയില്ല എന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് കേസില്‍ ആരോപണവിധേയരായവര്‍ വിചാരണനടപടികള്‍ പോലും നേരിടാതെ, സമൂഹത്തിന്‍റെ ഉന്നതശ്രേണിയില്‍ വിരാജിക്കുമ്പോള്‍.

1996ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ വേണ്ടിവന്ന 18 വര്‍ഷം കേസില്‍ ഇരയായ പെണ്‍കുട്ടി ശിക്ഷിക്കപ്പെടുകയായിരുന്നു എന്നതാണ് വസ്തുത. അവളെ അഭിസാരികയും പുരുഷന്മാരെ വശീകരിക്കാന്‍ നടക്കുന്നവളുമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് കേസിലെ പ്രതികളോ അവരുടെ അഭിഭാഷകരോ മാത്രമല്ല. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ മലയാളമനോരമ, കെ സുധാകരനും ബിന്ദു കൃഷ്ണയും ഉള്‍പ്പെടെയുള്ള ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍, എന്തിനേറെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് ബസന്ത് വരെ പെണ്‍കുട്ടിയെ ബാലവേശ്യ എന്ന് മുദ്രകുത്തി. അങ്ങനെ പലരും കാമം കരഞ്ഞുതീര്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടി വീണ്ടുംവീണ്ടും പീഡിപ്പിക്കപ്പെടുകയായിരുന്നു.

എന്തുകൊണ്ടാണ് സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ അഴിക്കുള്ളിലാകാന്‍ ഇത്രയേറെ കാലതാമസം നേരിട്ടത്. ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ ആരും ഉന്നതബന്ധമുള്ളവര്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നതുമില്ല. പക്ഷേ, സൂര്യനെല്ലിക്കേസില്‍ അതായിരുന്നില്ല സ്ഥിതി. ഉന്നതരായ രാഷ്ട്രീയനേതാക്കള്‍, അഭിഭാഷകര്‍, സമ്പന്നരായ പകല്‍മാന്യന്മാര്‍ അങ്ങനെ പ്രതികളുടെ പട്ടിക നീളുന്നു.

സൂര്യനെല്ലിക്കേസിന്‍റെ തുടക്കത്തില്‍ ഏറ്റവും ആവേശം കാണിച്ച പത്രമായിരുന്നു മലയാളമനോരമ. എട്ടുംപൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയെ ദിവസങ്ങളോളം കടിച്ചുകീറിയ നരാധമന്‍മാരോടുള്ള പ്രതിഷേധമാണ് മനോരമ തുടക്കത്തില്‍ കാണിച്ച ഈ ആവേശത്തിന് കാരണമെന്ന് ആ പത്രത്തിന്‍റെ ചരിത്രവും സ്വഭാവവും അറിയുന്ന ആരും അന്നും കരുതിയിരുന്നില്ല. ഒരു പെണ്‍കുട്ടി അനുഭവിച്ച പീഡനങ്ങളെ ഇക്കിളിക്കഥയാക്കി പ്രചാരം വര്‍ധിപ്പിക്കുക എന്നതിനപ്പുറം സമോഹികപ്രതിബദ്ധതയൊന്നും മനോരമയ്ക്ക് ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് നേതാവായ പി ജെ കുര്യന്‍, ജേക്കബ് സ്റ്റീഫന്‍ എന്നിവര്‍ കേസില്‍ ആരോപണവിധേയരായതോടെ മനോരമയുടെ നിറംമാറി. പെണ്‍കുട്ടിയെ മോശക്കാരിയാക്കി മനോരമ കഥകളും കാര്‍ട്ടൂണുകളും രചിച്ചു. പെണ്‍കുട്ടിയെ ‘സൂര്യനെല്ലിക്കാരി’ എന്ന് മോശമായ വിധത്തില്‍ സംബോധന ചെയ്യാന്‍പോലും പത്രം തയ്യാറായി. കേസിന്‍ന്‍റെ പ്രത്യഘാതമായി ജോലിസ്ഥലത്ത് ഉള്‍പ്പെടെ പിന്നീട് പെണ്‍കുട്ടി വേട്ടയാടപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു മനോരമയുടെ നിലപാട്.

തങ്ങളുടെ പാര്‍ട്ടിയിലെ ഒരു നേതാവ് ആരോപണവിധേയനായപ്പോള്‍ അയാളോട് നിയമനടപടികള്‍ നേരിട്ട് നിരപരാധിത്വം തെളിയിക്കാനല്ല കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. പൊതുതെരഞ്ഞെടുപ്പ് നേരിട്ടാല്‍ ജനപിന്തുണ ലഭിക്കുമോ എന്ന് സംശയമുള്ള കുര്യനെ പിന്‍വാതിലിലൂടെ രാജ്യത്തിന്‍റെ പരമോന്നത നിയമനിര്‍മാണസഭയില്‍ എത്തിക്കുകയും രാജ്യസഭാ ഉപാധ്യക്ഷനായി അവരോധിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. രാജ്യത്ത് സ്ത്രീപീഡനത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുന്നത് അത്തരമൊരു കേസില്‍ ആരോപണവിധേയനയിട്ടും നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ഒരാളുടെ നേതൃത്വത്തിലാണ് എന്നതിലും പരിഹാസ്യം വേറൊന്നുണ്ടോ.

പാരിതോഷികം വാങ്ങി പലര്‍ക്കും കിടന്നുകൊടുത്തിട്ട് മാന്യന്മാര്‍ക്കെതിരെ ആരോപണവുമായി നടക്കുന്നവള്‍ എന്നാണ് പെണ്‍കുട്ടിയെ ലോക്സഭാംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വിശേഷിപ്പിച്ചത്‌. ഏറെക്കുറെ സമാനമായിരുന്നു സ്ത്രീസംഘടനാ നേതാവ് കൂടിയായ ബിന്ദു കൃഷ്ണയുടെയും പരാമര്‍ശങ്ങള്‍. കുര്യനെതിരെ ഉയര്‍ന്നത് രാഷ്ട്രീയ ആരോപണമാണ് എന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് കുര്യന്‍ മാത്രം ആരോപണവിധേയനാകുന്നു എന്നതിന് കൂടി ഉത്തരം പറയേണ്ടതുണ്ട്. കുര്യനെ തകര്‍ത്താല്‍ മാത്രമേ കേരളത്തില്‍ തങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ എതിരാളികള്‍ കരുതാന്‍ മാത്രം വലുപ്പം കേരളത്തിന്‍റെ രാഷ്ട്രീയമണ്ഡലത്തില്‍ അദ്ദേഹത്തിനുണ്ടോ.

കേസില്‍ ഇരയായ പെണ്‍കുട്ടിയെ ബാലവേശ്യ എന്ന് വിളിക്കുന്നത്ര തരംതാണു ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റീസ് ആര്‍ ബസന്ത്. ഇരകള്‍ക്ക് നീതി നല്‍കേണ്ട ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും എത്രമാത്രം പുരുഷാധിപത്യമനോഭാവത്തെ പേറുന്നവരാണ് എന്നതിന്‍റെ ഉദാഹരണമാണ് ബസന്തിന്‍റെ പരാമര്‍ശങ്ങള്‍. നേരത്തെ, കേസിലെ ഒരു പ്രതി ഒഴികെയുള്ളവരെ വെറുതെവിട്ട് ബസന്ത് ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച്‌ 2005ല്‍ പുറപ്പെടുവിച്ച വിധിന്യായത്തിലും ഈ ആണ്‍കോയ്മയുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു മുഴച്ചുനിന്നത്.

കൌമാരക്കാരിയായ ഒരു പെണ്‍കുട്ടി പ്രണയത്തിന്‍റെ പ്രലോഭനങ്ങളില്‍പെട്ട് വീടുവിട്ടിറങ്ങിയതായിരുന്നു ബസന്തിന്‍റെ കണ്ണില്‍ മഹാപരാധം. സമൂഹത്തിലെ ഉന്നതന്മാര്‍ അവളെ വലയിലാക്കി ഭീക്ഷണിപ്പെടുത്തി കാലങ്ങളോളം മാറിമാറി പീഡിപ്പിച്ചതല്ല. എന്തായാലും ആ തെറ്റ് തിരുത്തുകയാണ് ഹൈക്കോടതിയുടെ ഏറ്റവും പുതിയ വിധി. അതിനര്‍ത്ഥം ആ പെണ്‍കുട്ടിക്ക് നീതി കിട്ടി എന്നല്ല.

Leave a Reply