തിരുവനന്തപുരം : തിരിച്ചുവരവിന് തയ്യാറെടുക്കുന്ന വനിതാ സൂപ്പര്‍ സ്റ്റാറും യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എന്ന് സാക്ഷാല്‍ മോഹന്‍ലാല്‍ വാഴ്ത്തിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും ഒരേ വേദിയിലെത്തിയത് കൌതുക കാഴ്ചയായി. സാമൂഹ്യനീതി വകുപ്പിന്റെ ‘ഷീ ടാക്സി’ പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് ഈ അപൂര്‍വ്വ സംഗമം.
‘ഷീ ടാക്സി’ പദ്ധതിയുടെ ഗുഡ്വില് അംബാസഡര്‍ കൂടിയായ നടി മഞ്ജു വാര്യര്‍ ഷീ ടാക്സി ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി എം കെ മുനീര്‍ , ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്, കെ മുരളീധരന് എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഷീ ടാക്സി കാറുകള്‍ വനിതകള്‍ക്ക് ഒറ്റയ്ക്കോ കുടുംബസമേതമോ യാത്രചെയ്യാനുള്ളതാണ്. എല്ലാദിവസവും ഇരുപത്തി നാല് മണിക്കൂറും ഈ സേവനം ലഭ്യമാകും. തിരുവനന്തപുരത്താണ് ‘ഷീ ടാക്സി’ തുടങ്ങുന്നത്. മൂന്നു മാസംകൊണ്ട് ഇത് നൂറു കാറുകളായി വര്‍ദ്ധിപ്പിക്കാനാണ് ശ്രമം. രണ്ടാം ഘട്ടത്തില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പദ്ധതി വ്യാപിപ്പിക്കും.
കോള്‍ സെന്റര്‍ വഴിയാണ് ‘ഷീ ടാക്സി’ സേവനം നിയന്ത്രിക്കുന്നത്. മുഴുവന്‍ സമയവും കണ്ട്രോള് റൂമിന് ടാക്സി കാറുകളുമായി ഉപഗ്രഹബന്ധിത സംവിധാനമായ ജി.പി.എസ്. വഴി ബന്ധപ്പെടാന്‍ കഴിയും. പോലീസിന്റെ സഹായവും ഇവയ്ക്കുണ്ടാകും. നിരക്കില്‍ കൃത്യത പുലര്‍ത്തുന്ന മീറ്ററുകള്‍ , ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള ഇലക്ട്രോണിക് പേമെന്റ് സംവിധാനം, അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ജാഗ്രതാസന്ദേശത്തിനുള്ള അലര്‍ട്ട് സ്വിച്ചുകള്‍ , സുരക്ഷാ ആപ്ലിക്കേഷന്‍ സജ്ജീകരിച്ച മൊബൈല്‍ഫോണ്‍ , വിനോദോപാധികള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സുരക്ഷിതത്വവും ഇഴ ചേര്‍ത്തുവെച്ചാണ് ഷീ ടാക്സി ആരംഭിച്ചിരിക്കുന്നത്.ഇത്തരം ടാക്സികളുടെ ഉടമസ്ഥര്‍ സ്ത്രീകളായിരിക്കും. പ്രതിമാസം 20,000 രൂപ വരെയെങ്കിലും വരുമാനം ലഭ്യമാകുംവിധത്തിലുള്ള വാണിജ്യ സംരംഭമായാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.കാറുകളുടെ വശങ്ങളില് പരസ്യം പതിച്ചും കാറിനുള്ളിലെ എല്‍.സി.ഡി. സംവിധാനത്തിലൂടെ പരസ്യം പ്രദര്‍ശിപ്പിച്ചും കൂടുതല്‍ വരുമാനം ഉണ്ടാക്കാനാണ് പദ്ധതിയെന്ന് മന്ത്രി മുനീര്‍ അറിയിച്ചു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് പിങ്കും വെളുപ്പും നിറം ചാര്‍ത്തിയ കാറുകള്‍ നല്കി ജെന്‍ഡര്‍ പാര്‍ക്കുമായി ഈ പദ്ധതിയില്‍ സഹകരിക്കുന്നത്.
ഋഷിരാജ് സംശുദ്ധീകരിച്ച് കൊണ്ടിരിക്കുന്ന നിരത്തുകളിലേക്ക് സധൈര്യം വനിതാ ടാക്സികള്‍ക്കു വരാന്‍ സാധിക്കുമെന്ന് കരുതാം.
INDIA NEWS TVM