728-pixel-x-90-2-learn
728-pixel-x-90
<< >>

സൂപ്പര്‍മാര്‍ക്കറ്റ് സൗകര്യങ്ങളുമായി പോസ്റ്റ് ഓഫീസുകള്‍ അടിമുടി മാറും

തിരുവനന്തപുരം:കാലാകാലങ്ങളായി മാറ്റങ്ങള്‍ പലതും വന്നിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസുകളുടെ സേവനത്തിലും സംവിധാനത്തിലും വലിയൊരു മാറ്റത്തിന് ലക്ഷ്യമിടുകയാണ് തപാല്‍ വകുപ്പ്.മാറ്റങ്ങള്‍ക്കായുള്ള വകുപ്പിന്റെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെ വാങ്ങാന്‍ പറ്റുന്ന സൂപ്പര്‍മാര്‍ക്കറ്റുകളായേക്കും.

കൂടാതെ പുതിയ സൗകര്യങ്ങളിലേക്ക് ആളുകളെ വലിച്ചടുപ്പിക്കാന്‍ കെല്‍പ്പുള്ള മറ്റ് പദ്ധതികളും ഒരുങ്ങുന്നുണ്ട്.തപാല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കായി എടിഎം കൗണ്ടറുകളുടെ വന്‍നിരയും സംസ്ഥാനത്തു വരാന്‍ പോകുകയാണ്.പോസ്റ്റല്‍ സര്‍വീസ് ബോര്‍ഡ് അംഗം ജോണ്‍ സാമുവലും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ (ബിസിനസ് ഡെവലപ്‌മെന്റ്) സുമതി രവിചന്ദ്രനുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ വേഗത്തില്‍ തന്നെ മുന്നേറുന്നുണ്ട്.സ്‌പൈസസ് ബോര്‍ഡുമായി സഹകരിച്ചു പോസ്റ്റ് ഓഫിസുകള്‍ വഴി സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന പദ്ധതി തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളതാണ്.നോയിഡയിലെ പാന്‍ടെല്‍ ടെക്‌നോളജീസുമായി സഹകരിച്ചു പെന്റാ ഭാരത് ഫോണുകള്‍ തപാല്‍ ഓഫിസുകള്‍ വഴി വില്‍ക്കാന്‍ ധാരണയായിട്ടുമുണ്ട്.കശുവണ്ടി വികസന കോര്‍പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി ആവശ്യപ്പെടുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനു തപാല്‍ വകുപ്പിന്റെ സേവനം കശുവണ്ടി വികസന കോര്‍പറേഷനും തേടിയിട്ടുണ്ട്.

എടത്വാ, പുളിങ്കുന്ന്, ചാരുംമൂട്, ശാന്തിഗിരി, കൂത്താട്ടുകുളം, വൈക്കം, കുമളി, മൂന്നാര്‍, പേരാമ്പ്ര എന്നീ പോസ്റ്റ് ഓഫിസുകളിലായി ഒമ്പതിടങ്ങളില്‍ റയില്‍വേ ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാകും.ബിസിനസ്/എക്‌സ്പ്രസ് പാര്‍സല്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.തിരുവനന്തപുരം ജിപിഒ, തിരുവനന്തപുരം ആര്‍എംഎസ് എന്നിവിടങ്ങളില്‍ പാര്‍സല്‍ പാക്കേജിങ്/ബുക്കിങ് സെന്ററുകള്‍ ഉണ്ട്. ആറ്റിങ്ങല്‍, വര്‍ക്കല, നെയ്യാറ്റിന്‍കര, അമൃതപുരി, കൊട്ടാരക്കര, കോഴിക്കോട് എന്നവിടങ്ങളിലും പാര്‍സല്‍ പാക്കേജിങ് സെന്ററുകളുണ്ട്.

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫിസുകളും കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിനായി 4909 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. തപാല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കായി കേരളത്തില്‍ 56 പോസ്റ്റ് ഓഫിസുകളിലാകും എടിഎം കൗണ്ടറുകള്‍ തുടങ്ങുക.

INDIANEWS24 TVPM

Leave a Reply