728-pixel-x-90-2-learn
728-pixel-x-90
<< >>

സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡല്‍ഹി:ബിജെപി മുതിർന്ന നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടർന്ന് ഡല്‍ഹിയില്‍ അന്തരിച്ചു. എയിംസില്കു‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏറെ നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വാഴ്ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച സുഷമാ സ്വരാജ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്‍റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് സുഷമ വിടവാങ്ങുന്നത്. ബിജെപിയുടെ വനിതാ മുഖമായിരുന്ന സുഷമാസ്വരാജ്, ബിജെപിയെ സാധാരണക്കാരുമായി അടുപ്പിച്ച നേതാക്കളില്‍ പ്രമുഖയായിരുന്നു. 2014 മോദി സര്‍ക്കാറില്‍ വിദേശകാര്യമന്ത്രിയായിരിക്കെ സുഷമയുടെ ഇടപെടലുകള്‍ അന്താരാഷ്ട്ര രംഗത്തും വന്‍ ചര്‍ച്ചയായി.

വളരെ ചെറുപ്പത്തില്‍ തന്നെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. 1977 ഹരിയാന നിയമസഭയില്‍ 25ാം വയസ്സില്‍ ക്യാബിനറ്റ് മന്ത്രിയായി. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജ് തന്നെയായിരുന്നു. 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്ന് വരെയുള്ള ഹ്രസ്വമായ കാലയളവിലായിരുന്നെങ്കിലും ഷീലാ ദീക്ഷിതിന് മുമ്പേ ദില്ലിയുടെ വളയം പിടിച്ച കൈകള്‍ സുഷമയുടേതായിരുന്നു. ഏഴുതവണ ലോക്സഭഎംപിയായും അഞ്ച് തവണ എംഎല്‍എയായും ജനങ്ങളെ സേവിച്ചു. 2014ല്‍ സുപ്രധാനമായ വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി വിദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയെന്ന പേരും സുഷമയുടേത് തന്നെ. വാജ്പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ആരോഗ്യ മന്ത്രിയായും ചുമതലയേറ്റു.

1991ല്‍ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ സൗത്ത് ദില്ലിയില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ലെ ആദ്യ വാജ്പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി. 13 ദിവസം മാത്രമായിരുന്നു ആ സര്‍ക്കാറിന്‍റെ ആയുസ്സ്. പിന്നീട് 1998ല്‍ വാജ്പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോഴും കേന്ദ്ര മന്ത്രിയായി. 1999ല്‍ ബെല്ലാരിയില്‍ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും രാജ്യസഭാംഗമായി 1999ലെ വാജ്പേയി സര്‍ക്കാറില്‍ മന്ത്രിയായി. 2000ല്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി ചുമതലയേറ്റ ശേഷം 2003 വരെ ആ പദവിയില്‍ തുടര്‍ന്നു.  2003 മുതല്‍ 2004വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി.

15ാം ലോക്സഭയില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവായും സുഷമ സ്വരാജ് പ്രവര്‍ത്തിച്ചു. ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു. 2014ല്‍ മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട സുഷമ സ്വരാജ് ജനപ്രീതിയാര്‍ജിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചു. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്തിയായിരുന്നു അവസാന ട്വീറ്റ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് സുഷമ സ്വരാജിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം. ജനനന്‍മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്‍റെ മരണത്തില്‍ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു.

 

 

Leave a Reply