ന്യൂഡല്‍ഹി:ചലച്ചിത്രതാരം സുരേഷ് ഗോപി ഉള്‍പ്പെടെ ശനിയാഴ്ച്ച രാഷ്ട്രപതി ആറ് പേരെ രാജ്യസഭാംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്തു.മുന്‍ നിശ്ചയപ്രകാരം ബോക്സിംഗ് താരം മേരി കോം,മുന്‍ ക്രിക്കറ്റ് താരവും എം പിയുമായ നവ്ജോത് സിംഗ് സിദ്ദു,ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി,സാമ്പത്തിക വിദഗ്ധന്‍ നരേന്ദ്ര ജാദവ്,പ്രമുഖ മാധ്യമ പ്രവര്ത്തകന് സ്വപന് ദാസ്ഗുപ്ത എന്നിവരെയാണ് സുരേഷ് ഗോപിക്കൊപ്പം പാര്‍ലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭയിലേക്ക് ഇന്ന് നാമനിര്‍ദ്ദേശം ചെയ്തത്.
മുന്‍പ് ബി ജെ പി ഇതര പാര്‍ട്ടികളില്‍ നേതാക്കളായിരുന്ന സുബ്രഹ്മണ്യന് സ്വാമിയും സിദ്ദുവും എം പിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ സമാന സ്വഭാവമാണുള്ളത്.പഞ്ചാബിലെ പ്രബല കക്ഷിയായ അകാലിദള്‍ നേതായിവിരുന്ന സിദ്ദു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ബി ജെ പിക്കൊപ്പം ചേരുകയായിരുന്നു.ദേശീയ രാഷ്ട്രീയത്തില്‍ പിളര്‍പ്പിന്റെ ചരിത്രം മാത്രം പറയാനുള്ള ജനതാപാര്‍ട്ടികളില്‍ ഒന്നിന്റെ നേതാവായിരുന്ന സുബ്രഹ്മണ്ന് സ്വാമി തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പിരിച്ചുവിട്ടുകൊണ്ടാണ് ബി ജെ പിയിലേക്ക് എത്തിയത്.ഇരുവരും പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍.പദവികളൊന്നും ലഭിക്കാത്തതിന്റെ പേരില്‍ അസംതൃപ്തനായിരുന്നു സുബ്രഹ്മണ്ന് സ്വാമിയെങ്കില് സജീവ രാഷ്ട്രീയത്തിനോട് വിമുഖത കാട്ടിനിന്ന സിദ്ദു ആം ആദ്മിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം പരന്നിരുന്നു.ഈ അവസരത്തിലാണ് രണ്ട് പേരും ഒരുപോലെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്.
ഇന്ത്യയ്ക്കു വേണ്ടി ഒളിംപിക്സ് മെഡല്‍ നേടിയിട്ടുള്ള മേരി കോം ലോക വനിതാ ബോക്സിംഗില്‍ അഞ്ച് തവണ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.യുപിഎ ഭരണകാലത്ത് സോണിയയുടെ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്ന ആളാണ് സാമ്പത്തിക വിദഗ്ധന്‍ നരേന്ദ്ര യാദവ്.ആസൂത്രണ കമ്മീഷന് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ സ്വപന്‍ദാസ് ഗുപ്ത സ്റ്റേറ്റ്സ്മാന്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.രാഷ്ട്രം അദ്ദേഹത്തെ പദ്മഭൂഷന്‍ ബഹുമദി നല്കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
INDIANEWS24.COM NEWDELHI