jio 800x100
jio 800x100
728-pixel-x-90
<< >>

സുപ്രസിദ്ധ പയ്യന്മാര്‍ തുറന്നുവയ്ക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ലോകം

മധുപാലിന്‍റെ മുന്‍ചിത്രങ്ങളായ തലപ്പാവ്, ഒഴിമുറി എന്നീ സിനിമകള്‍ക്ക് ലഭിച്ച നിരൂപക പ്രശംസ അദ്ദേഹത്തിന്‍റെ  മൂന്നാമത്തെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ  ഏറെ ഉയര്‍ത്തിയിരുന്നു.ആദ്യ രണ്ട് ചിത്രങ്ങളിലും യുവനായകരെ പരീക്ഷിച്ച മധുപാല്‍ മൂന്നാമത്തെ ചിത്രത്തിലും ഇന്ന് മലയാളത്തിലെ ഏറെ ജനപ്രീതിയുള്ള യുവ നടന്മാരില്‍ പ്രമുഖനായ ടൊവിനൊ തോമസിനെ നായകനാക്കിക്കൊണ്ട് പതിവ് തെറ്റിച്ചില്ല.ആദ്യ രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് ട്രീറ്റ്‌മെന്റില്‍ വലിയ മാറ്റവുമായി എത്തിയരു കുപ്രസിദ്ധ പയ്യനില്‍  വാണിജ്യ മൂല്യങ്ങള്‍ക്ക് കൂടി മധുപാല്‍  പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുന്‍ചിത്രങ്ങള്‍ സാമ്പത്തികമായി വലിയ നേട്ടം കൊയ്തില്ലെന്ന ബോധ്യമാവാം പുതിയ രീതി അവലംബിക്കാന്‍ കാരണം.ചിത്രം നേടുന്ന പ്രേക്ഷക പ്രീതി അതിനു അടിവരയിടുന്നു.

കേരളത്തിലെ സമകാലിക സംഭവങ്ങളുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന കുപ്രസിദ്ധ പയ്യന് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളുമായി ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട് .ഒരു ഗ്രാമത്തില്‍ നടക്കുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് കുപ്രസിദ്ധ പയ്യന്‍. കൊലപാതകിയെ പിടികിട്ടാതെ വരുമ്പോള്‍  നിരപരാധിയെ കുറ്റവാളിയാക്കുന്നതും അയാള്‍ ആ സാഹചര്യം എങ്ങനെ അതിജീവിക്കുന്നു എന്നുള്ളതുമാണ് സിനിമയുടെ ഇതിവൃത്തം.. നാട്ടില്‍ നടന്ന ഒരു കൊലപാതകത്തില്‍ നിന്നാണ്, ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന കുപ്രസിദ്ധ പയ്യനുണ്ടായത്. ഒരു മനുഷ്യന്‍ അല്ലെങ്കില്‍ നിരപരാധി ഏത് നിമിഷവും തെറ്റുകാരനോ കുറ്റക്കാരനോ ആവാമെന്ന് ചിത്രം വരച്ചുക്കാട്ടുന്നുണ്ട്. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്

ടൊവിനോ തോമസ്, അനു സിതാര, നിമിഷ സജയന്‍, ശരണ്യ,സുജിത് ശങ്കര്‍  എന്നിവരാണ് ചിത്രത്തില്‍ പ്രധാനതാരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.അന്തര്‍മുഖനും നിഷ്‌കളങ്കനുമൊക്കെയായ  അനാഥനായ അജയന്‍ എന്ന കഥാപാത്രം ടൊവിനോയ്ക്ക് കരിയറിലെ മികച്ച കഥാപാത്രമായി മാറുന്നു. നിമിഷ സജയന്‍ അവതരിപ്പിച്ച ഹന്ന എലിസബത്ത് എന്ന ജൂനിയര്‍ വക്കീലിന്റെ പരിഭ്രമവും അങ്കലാപ്പുമെല്ലും നിമിഷ അവതരിപ്പിച്ച കഥാപാത്രത്തില്‍ ഭദ്രം.നിമിഷയുടെയും കരിയര്‍ ബെസ്റ്റ്  സമ്മാനിക്കുവാന്‍ മധുപാലിനു കഴിഞ്ഞു.ജലജയെന്ന ഹോട്ടല്‍ തൊഴിലാളിയായി എത്തുന്ന അനു സിതാരയും മികച്ചു നിന്നു.ചെമ്പകമ്മാള്‍ എന്ന കഥാപാത്രമായി എത്തുന്ന ശരണ്യപൊന്‍വണ്ണന്‍ ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.നെടുമുടി വേണുവിന്‍റെ അഡ്വ. സന്തോഷ് നാരായണന്‍ എന്ന സീനിയര്‍ വക്കീലും ക്രൈം ബ്രാഞ്ച് പോലീസ് ഓഫീസറായി സുജിത് ശങ്കറും അദ്ദേഹത്തിന്റെ സഹായിയായി എത്തുന്ന സുധീര്‍ കരമനയും കയ്യടി നേടുന്നു.

ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം ശ്രദ്ധേയമാകുന്നത് മനുഷ്യാവകാശ ലംഘനത്തിന്റെ അതിര്‍വരമ്പുകള്‍ എത്ര ലളിതമായി അതെ സമയം നിയമത്തിനു മുന്നില്‍ തെളിവുകള്‍ സുഭദ്രമായി ഭേടിക്കപ്പെടുന്നു എന്നതിന്‍റെ നേര്‍ക്കാഴ്ചയാകുന്നതിലൂടെയാണ്.നമ്മള്‍ പ്രതികള്‍ എന്ന് ആഘോഷിക്കുന്ന പല കുപ്രസിദ്ധരും നിരപരാധികളാകാം എന്ന യാഥാര്‍ഥ്യം നമ്മെ തുറിച്ചു നോക്കുന്നു.നിയമത്തിന്റെ പൊളിച്ചെഴുത്തുകള്‍ എത്രത്തോളം അനിവാര്യമാണ് എന്ന് മധുപാലും തിരക്കഥാകൃത്ത് ജീവന്‍ ജോബ് തോമസും ഓര്‍മ്മപ്പെടുത്തുന്നു.കൂടുതല്‍ പേര്‍ ചിത്രം കാണണം എന്ന ആഗ്രഹമായിരിക്കാം മധുപാലിനെ കൂടുതല്‍ ജനപ്രിയ ചേരുവകള്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ന് നമുക്ക് സമാധാനിക്കാം.

SANU SATHYAN INDIANEWS24 MOVIES DESK

 

Leave a Reply