jio 800x100
jio 800x100
728-pixel-x-90
<< >>

സുനന്ദ മരിച്ചതെങ്ങനെ?

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച ദുരൂഹതയും സംശയങ്ങളും കൂടുതല്‍ ശക്തമാകുന്നു. സ്വഭാവികമാരണമാണ് ഇതെന്ന് സ്ഥാപിക്കാനായിരുന്നു തരൂരിന്‍റെ ഓഫീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍, അസ്വാഭാവികമരണമാണ് സുനന്ദയ്ക്ക്‌ സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അസ്വാഭാവികമെങ്കില്‍ എങ്ങനെ? അതറിയാന്‍ അന്തരികാവയവ പരിശോധനാഫലം വരുന്നതുവരെ കാത്തിരിക്കണം.  ഉറക്കഗുളിക, മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള മരുന്ന് ഇവയില്‍ ഏതെങ്കിലും ഒന്ന് അമിതമായ അളവില്‍ ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്ന് സൂചനയുണ്ട്. അതേസമയം, മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി.

തിരുവനന്തപുരത്ത് നിന്ന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍വെച്ച് തരൂരും സുനന്ദയും തമ്മില്‍ വാഗ്വാദം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഹോട്ടലിന്‍റെ ലോബിയില്‍ വെച്ചും ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സുനന്ദ ഒറ്റയ്ക്കാണത്രേ ലീലാ ഹോട്ടലില്‍ എത്തിയത്. അപ്പോള്‍ അവര്‍ ആകെ അസ്വസ്ഥയായിരുന്നു എന്ന് പറയപ്പെടുന്നു.പിറ്റേന്നാണ് തരൂര്‍ ഹോട്ടലില്‍ എത്തിയത്. ഒരേ ഹോട്ടലില്‍ എങ്കിലും രണ്ട് മുറികളിലാണ് ദമ്പതികള്‍ താമസിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. താരൂര്‍ 342-ആം നമ്പര്‍ മുറിയില്‍. സുനന്ദ 345ല്‍.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സുനന്ദയെ മുറിക്ക് പുറത്ത് ഹോട്ടല്‍ ജീവനക്കാര്‍ കണ്ടിരുന്നു. മൂന്നിനും 7.30നും ഇടയില്‍ മരണം സംഭവിച്ചു എന്നാണ് അനുമാനം. തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുതാനുണ്ടെന്ന് ഡല്‍ഹിയിലെ ചില മാധ്യമപ്രവര്‍ത്തകരെ സുനന്ദ അറിയിച്ചിരുന്നു. അങ്ങനെ പറഞ്ഞ വ്യക്തി പിന്നീട് ആര്‍ക്കും ഒരു സന്ദേശം പോലും അയയ്ക്കാതെ ആത്മഹത്യ ചെയ്യുമോ? ആത്മഹത്യാക്കുറിപ്പോ മറ്റോ സുനന്ദയുടെ മുറിയില്‍നിന്ന് കിട്ടിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സുനന്ദ സ്വയമറിയാതെ അളവില്‍ കവിഞ്ഞ മയക്കുമരുന്നോ ഉറക്കഗുളികയോ സമ്മര്‍ദം കുറയ്ക്കാനുള്ള മരുന്നോ ഉപയോഗിച്ചു എന്നതാണ് ഒരു സാധ്യത. പക്ഷേ, ശരീരത്ത് കാണപ്പെട്ട മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്നതിനുകൂടി വിശദീകരണം വേണ്ടിവരും. മരണവെപ്രാളത്തില്‍ സുനന്ദ സ്വയം സൃഷ്ടിച്ച മുറിവുകളാണോ ഇത്?

സുനന്ദ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല എന്നും ധാരാളം മദ്യം കുടിച്ചിരുന്നു എന്നും തരൂരിന്‍റെ സ്റ്റാഫ് അംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ ‘സംതൃപ്ത ഭാര്യാഭര്‍ത്താക്കന്മാര്‍’ ആണെന്ന് സുനന്ദയുടെ മരണത്തിന് മുമ്പ് തരൂര്‍ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇത്. ഭാര്യക്ക്‌ സുഖമില്ലെന്നും താന്‍ അവളുടെ അടുത്ത് ഉണ്ടാകണമെന്നും സുനന്ദയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് തരൂര്‍ കുറിച്ച ട്വിറ്ററിലെ ‘പ്രണയാതുരമായ’ സന്ദേശത്തിന്‍റെ ആത്മാര്‍ഥതയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നു.

ഇതിനിടെ, സുനന്ദയുടെ മരണം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളും കേസ് കൈകാര്യം ചെയ്യുന്ന രീതിയും സംശയമുണര്‍ത്തുന്നു. സുനന്ദ ജീവിച്ചിരിക്കുന്നത്‌ ആര്‍ക്കായിരുന്നു അപകടമെന്നും സ്വാമി ചോദിക്കുന്നു. സ്വാമിയുടെ കൊലപാതക ആരോപണം ആവര്‍ത്തിച്ചില്ലെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലേക്കു തിരിക്കുംമുന്നെ കേരളത്തില്‍ ആയിരുന്നപ്പോള്‍ സുബ്രഹ്മണ്യം സ്വാമിയുമായി സുനന്ദ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

തരൂരിനെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കേസ് എടുക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹത്തെ  മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നും തെലുങ്ക്‌ ദേശം പാര്‍ട്ടി ആവശ്യപ്പെട്ടു. രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ അന്വേഷണം നടക്കാന്‍ ഇത് അനിവാര്യമാണെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply