728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദ പുഷ്കറിന്‍റെ മരണം കൊലപാതകം; തരൂരിനെ ചോദ്യം ചെയ്തേക്കും

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കൊലപാതകക്കേസ് ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും തരൂരിനെ ചോദ്യംചെയ്തേക്കുമെന്നാണ് സൂചന.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ സുനന്ദയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരും പാക്‌ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു സുനന്ദയുടെ മരണം. ഇന്ത്യന്‍ പ്രിമിയര്‍ ലീഗുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ സുനന്ദ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നടന്ന മരണം കൊലപാതകമാണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്താന്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന തരൂര്‍ ആവശ്യപ്പെട്ടുവെന്ന എഐഐഎംഎസിലെ ഡോക്ടറുടെ വെളിപ്പെടുത്തലും വിവാദമായി.

മരണകാരണം സംബന്ധിച്ച് എഐഐഎംഎസില്‍ നിന്നുള്ള അന്തിമറിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകക്കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. സ്വയമല്ലാതെ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന സൂചനകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വിഷം ബലംപ്രയോഗിച്ച് വായിലൂടെ നല്‍കുകയയിരുന്നോ കുത്തിവെക്കുകയായിരുന്നോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

സുനന്ദയുടെമരണത്തില്‍ കൊലപാതകക്കേസ് രെജിസ്റ്റര്‍ ചെയ്യാനുള്ള പോലീസ് തീരുമാനത്തില്‍ ശശി തരൂര്‍ അദ്ഭുതം പ്രകടിപ്പിച്ചു. പോലീസിന്‍റെ അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തരൂര്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു.

തരൂരിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം കൊലപാതകക്കേസ് രെജിസ്റ്റര്‍ ചെയ്തതില്‍ സംശയിക്കാമെങ്കിലും ഇത് നിയമപരമായി തെറ്റല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. തരൂരിനെതിരെ നിലവില്‍ പോലീസ് സംശയം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply