jio 800x100
jio 800x100
728-pixel-x-90
<< >>

സുനന്ദ പുഷ്കര്‍: കാനഡയ്ക്കുമുണ്ട് ചിലത് പറയാന്‍

ടൊറന്റോ: ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സുനന്ദ പുഷ്കര്‍ 1990കളുടെ ഒടുവിലും 2000ന്‍റെ തുടക്കത്തിലുമായി അഞ്ച് വര്‍ഷത്തോളം താമസിച്ചത് കാനഡയിലെ ടൊറന്റോയില്‍. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ വിവാഹം ചെയ്യുന്നതിന് മുമ്പാണ് സുനന്ദയും മകനും കാനഡയില്‍ താമസിച്ചിരുന്നത്. കനേഡിയന്‍ പാസ്പോര്‍ട്ട് ഉടമയായിരുന്ന സുനന്ദയുടെ പേരില്‍ ടൊറന്റോയിലെ മാര്‍ക്കത്ത്‌ ഇപ്പോഴും ഒരു ഇരുനിലമാളിക ഉണ്ട്.

എന്നാല്‍, ടൊറന്റോയില്‍ സുനന്ദയുടെ ജീവിതം സംബന്ധിച്ച് ഏറെ വിവരങ്ങള്‍ ഇല്ല. തന്‍റെ കാനഡ ജീവിതത്തെക്കുറിച്ച് പിന്നീട് സുനന്ദ അധികം പരാമര്‍ശിച്ചിട്ടുമില്ല. തെഹല്‍ക്കയ്ക്ക് 2010ല്‍ നല്‍കിയ അഭിമുഖത്തില്‍ സുനന്ദതന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് ഈ കാലഘട്ടത്തില്‍ ഇവരുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം. എന്തായാലും, ജീവിതം വഴിമുട്ടി നിന്ന ഘട്ടത്തില്‍ ടൊറന്റോയില്‍ എത്തിയ സുനന്ദ സമ്പന്നതയുടെയും പഞ്ചനക്ഷത്ര ജീവിതത്തിന്‍റെയും അനന്തവിഹായസിലേക്ക് പറന്നുയര്‍ന്നത് ഇവിടെനിന്നാണ്.

രണ്ടാമത്തെ ഭര്‍ത്താവും മലയാളിയുമായ സുജിത് പി മേനോന്‍റെ മരണത്തിന് ശേഷമാണ് സുനന്ദ മകനോടൊപ്പം കാനഡയിലേക്ക് കുടിയേറിയത്. ബിസിനസ് തകര്‍ന്ന് കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു അക്കാലത്ത് സുനന്ദ. മകന് മികച്ച ജീവിതസൌകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നത്രെ കുടിയേറ്റം. പാകിസ്ഥാന്‍ സ്വദേശിയായ ഒരു ബാങ്കര്‍ക്കൊപ്പമാണ് സുനന്ദ കാനഡയില്‍ എത്തിയത്. തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടിയ സുനന്ദ പിന്നീട് കോംപാക് എന്ന കമ്പനിയില്‍ ജീവനക്കാരിയായി. ഇന്ത്യയില്‍നിന്ന് കമ്പനിക്ക് ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു ചുമതല.

പിന്നീട്, സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാലി റിസോഷ്സസ് എന്ന കമ്പനിയില്‍ ചേര്‍ന്നു. ഈ സമയം തനിക്ക് ധാരാളം പണം സമ്പാദിക്കാന്‍ കഴിഞ്ഞതായി സുനന്ദ അവകാശപ്പെട്ടിട്ടുണ്ട്.

പക്ഷേ, 1999ല്‍ കാനഡയില്‍ എത്തിയ സുനന്ദ കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 325,000 ഡോളര്‍ മുടക്കി [ ഇന്നത്തെ നിലയില്‍ 1.81 കോടി ഇന്ത്യന്‍ രൂപ] ഇരുനില മാളിക എങ്ങനെ വാങ്ങി എന്നത് വ്യക്തമല്ല. സുനന്ദ ഈ വീട്ടില്‍ താമസിച്ചിട്ടില്ല. എന്നാല്‍ വീട് ഇപ്പോഴും ഇവരുടെ പേരിലാണെന്നാണ് റിക്കാര്‍ഡ്.  അന്ന് മുതല്‍ ഇന്നോളം വാടകക്കാര്‍ എന്ന് കരുതപ്പെടുന്നവര്‍ ആണ് ഇവിടെ താമസം.

ബെസ്റ്റ് ഹോംസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ചേര്‍ന്നതായിരുന്നു സുനന്ദയുടെ ജീവിതത്തില്‍ പുറത്തറിയാവുന്ന വഴിത്തിരിവ്. 2004ല്‍ കമ്പനി അതിന്‍റെ ബിസിനസ് വ്യാപിപ്പിക്കാന്‍ സുനന്ദയെ ദുബായിലേക്ക് അയച്ചു. കാനഡ പൗരത്വവുമായി ദുബായില്‍ തിരിച്ചെത്തിയ സുനന്ദയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2009ല്‍ ദുബായില്‍ വെച്ചാണ്‌ സുനന്ദയും ശശി തരൂരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് കാനഡക്കാരി ക്രിസ്റ്റ ഗൈല്‍സുമായുള്ള വിവാഹബന്ധം ശശി തരൂര്‍ വേര്‍പിരിഞ്ഞിരുന്നില്ല. പക്ഷേ, സുനന്ദയും തരൂരും പ്രണയത്തിലായി. ഗൈല്‍സില്‍ നിന്ന് വിവാഹമോചനം നേടിയ തരൂര്‍ 2010ല്‍ സുനന്ദയെ വിവാഹം കഴിച്ചു.

ഇന്ത്യയിലും പുറത്തുമായി സുനന്ദയ്ക്ക് 120 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഒരുപക്ഷെ, ഇന്ത്യയിലെ മന്ത്രിപത്നിമാരില്‍ ഏറ്റവും സമ്പന്നയും സുനന്ദ ആയിരുന്നിരിക്കണം.

2 Responses to സുനന്ദ പുഷ്കര്‍: കാനഡയ്ക്കുമുണ്ട് ചിലത് പറയാന്‍

 1. അനില്‍ Reply

  January 23, 2014 at 2:16 AM

  “പക്ഷേ, 1999ല്‍ കാനഡയില്‍ എത്തിയ സുനന്ദ കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 325,000 ഡോളര്‍ മുടക്കി [ ഇന്നത്തെ നിലയില്‍ 1.81 കോടി ഇന്ത്യന്‍ രൂപ] ഇരുനില മാളിക എങ്ങനെ വാങ്ങി എന്നത് വ്യക്തമല്ല.”

  എന്റെ സാറേ അമേരിക്കയിലും ക്യാണ്ടയിലും ഒക്കെ വീട് മേടിക്കുവനായി ആരും മുഴുവന്‍ പണം കൊടുക്കില്ല. മാക്സിമം കൊടുക്കുന്നത് മൊത്തം തുകയുടെ ഇരുപതു ശതമാനം മാത്രം. രണ്ടായിരത്തിനു മുന്പായി ആയിരുന്നു എങ്കില്‍ അഞ്ചു ശതമാനം down payment മാത്രം മതി. കാശുള്ളവര്‍ പോലും മുഴുവന്‍ കാശ് കൊടുത്തു വീട് മേടിക്കില്ല. വെറുതെ ആളുകളെ മണ്ടന്മാരാക്കാന്‍ വേണ്ടി പത്രങ്ങള്‍ ഇല്ലാത്ത കാര്യം പെരുപ്പിച്ചു കാണിക്കുന്നു.

 2. kottavila99@gmail.com Reply

  January 31, 2015 at 10:01 AM

  Thats correct. If u have 5% money for the down payment u can buy a house in Canada ,may be she paid maximum 10,00,000 Indian Ruppys

Leave a Reply