728-pixel-x-90-2-learn
728-pixel-x-90
<< >>

ശശി തരൂരിന്റെ ഭാര്യ സുനന്ദ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ച നിലയില്‍. ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ 345-ആം മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണ് എന്ന് കരുതുന്നു.

പാക്‌ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമയി ശശി തരൂരിന് അവിഹിതപ്രണയം ഉണ്ടെന്ന വാര്‍ത്തകള്‍ വന്ന ട്വിറ്റര്‍ വിവാദം വന്ന് ഒരു ദിവസം കഴിയുന്നതിനു മുമ്പാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി 9 മണിയോടെ ശശി തരൂര്‍ തന്നെയാണ് മൃതദേഹം ആദ്യം കണ്ടതും പോലീസില്‍ വിവരമറിയിച്ചതും. സുനന്ദ മരിച്ച സമയം ശശി തരൂര്‍ ഹോട്ടല്‍മുറിയില്‍ ഉണ്ടായിരുന്നു. തരൂര്‍ തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. എന്നാല്‍, ഇതിന് മണിക്കൂറുകള്‍ മുമ്പേ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡല്‍ഹിയില്‍ എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന ശശി തരൂര്‍ വൈകിട്ട് അഞ്ച് മണിയോടെ ഹോട്ടല്‍മുറിയില്‍ എത്തിയിരുന്നു. എന്നാല്‍ സുനന്ദ ഉറങ്ങുകയാണ്‌ എന്നാണ് താന്‍ കരുതിയതെന്ന് തരൂര്‍ പറയുന്നു. വൈകിട്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു പുറത്തുപോകാന്‍ നേരം സുനന്ദയെ വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല എന്നാണ് തരൂര്‍ നല്‍കുന്ന വിശദീകരണം. മരണത്തിന് 16 മണിക്കൂര്‍ മുമ്പ് വരെ ട്വിറ്ററില്‍ സുനന്ദയുടെ പോസ്റ്റുകള്‍ വന്നിരുന്നു.

പാക്‌ പ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് പ്രണയബന്ധം ഉണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ കുടുംബജീവിതത്തിലും രാഷ്ട്രീയരംഗത്തും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ മെഹറുമായി കൈമാറിയ സന്ദേശങ്ങളായിരുന്നു വിവാദത്തിന്റെ തുടക്കം. തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തത് ആണെന്നായിരുന്നു തരൂരിന്റെ നിലപാട്. എന്നാല്‍, ഭര്‍ത്താവിന്‍റെ അക്കൌണ്ടില്‍ കയറി സന്ദേശങ്ങള്‍ അയച്ചത് താനാണെന്ന് വെളിപ്പെടുത്തിയ സുനന്ദ പാക്‌ ചാരസംഘടനയുടെ ഏജന്റായ മെഹര്‍ തന്‍റെ ഭര്‍ത്താവിനെ വശീകരിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചു. തുടര്‍ന്ന് സുനന്ദയും മെഹറും തമ്മില്‍ ട്വിറ്ററിലൂടെ നീണ്ട വാഗ്വാദം നടന്നു.

ശശി തരൂരുമായുള്ള കുടുംബജീവിതത്തില്‍ താന്‍ പൂര്‍ണമായി നിരാശയാണെന്നും വിവാഹമോചനത്തിന്റെ വക്കിലാണ് തങ്ങളെന്നും സുനന്ദ പറഞ്ഞതായി അന്ന് ചില ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട്, തങ്ങള്‍ സംതൃപ്തരാണെന്നും ഒരുമിച്ചുകഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അവകാശപ്പെട്ട് തരൂരും സുനന്ദയും സംയുക്തപ്രസ്താവന നടത്തി. ഈ പ്രസ്താവനയുടെ ചൂടാറും മുന്നെയാണ് ഒട്ടേറെ സംശയങ്ങള്‍ ബാക്കിനിര്‍ത്തി സുനന്ദയുടെ മരണം.

Leave a Reply