jio 800x100
jio 800x100
728-pixel-x-90
<< >>

സുനന്ദയുടെ മരണം: ദുരൂഹതകള്‍ ബാക്കി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നു. മരണം രോഗം മൂലമാണെന്ന് സ്ഥാപിക്കാന്‍, പോസ്റ്റ്‌മോര്‍ട്ടം പോലും നടക്കുന്നതിന് മുന്നേ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സുനന്ദ ‘മാരക രോഗത്തിന്’ അടിമയായിരുന്നു എന്ന രീതിയിലുള്ള ‘വെളിപ്പെടുത്തലുകള്‍’ ചിലര്‍ ദേശീയമാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

സുനന്ദ കടുത്ത രോഗബാധിതയായിരുന്നു എന്ന് നയതന്ത്ര വിദഗ്ധനായ ടി പി ശ്രീനിവാസന്‍ ഇംഗ്ലീഷ് പത്രമായ ഡിഎന്‍എയോട് പറഞ്ഞു. സുനന്ദ ഫ്രാന്‍സില്‍ ചികിത്സ നേടിയതായും ഭാര്യയുടെ രോഗം ശശി തരൂരിനെ വല്ലാതെ അലട്ടിയിരുന്നതായും ശ്രീനിവാസന്‍ കഥ പറയുന്നു. ശശി തരൂരിന്‍റെ ഉറ്റ സുഹൃത്തായ ശ്രീനിവാസന്‍ പക്ഷേ തരൂരും സുനന്ദയും തമ്മില്‍ ഇടഞ്ഞ സമയത്ത് രംഗത്തേ ഇല്ലായിരുന്നു.

സുനന്ദ സിസ്റ്റമിക്സ് ലൂപ്പസ് എറിത്രോമാറ്റസ് [എസ്എല്‍ഇ] എന്ന ‘മാരകരോഗ’ത്തിന് അടിമയായിരുന്നു എന്നാണ് ചില കേന്ദ്രങ്ങളുടെ ‘വെളിപ്പെടുത്തല്‍’. ചികിത്സയില്ലാത്ത രോഗമാണത്രേ ഇത്. നമ്മുടെ നാട്ടില്‍ കപ്പ എന്ന് പറയുന്ന സസ്യത്തിന്‍റെ ശാസ്ത്രീയനാമം ‘മാനിഹോട്ട് എസ്കുലന്‍ഡ’ എന്നാണ്. ഇതുപോലെ വാതം എന്ന രോഗത്തിന്‍റെ ഇത്തിരി കൂടിയ രൂപമാണ്‌ എസ്എല്‍ഇ. കുട്ടികളിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. എന്നാല്‍ ചിലപ്പോള്‍ പ്രായമായവരും രോഗബാധിതരായി എന്ന് വരാം. 31 കോടി ജനങ്ങള്‍ ഉള്ള അമേരിക്കയില്‍ 15 ലക്ഷത്തിലേറെ പേര്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്ക്.

പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും എസ്എല്‍ഇ അത്ര അപകടകാരിയല്ല. ഹൃദയം, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയും നീര്‍കെട്ടും, സന്ധിവേദന, ക്ഷീണം, മുടികൊഴിച്ചില്‍, തൊലിപ്പുറത്ത് ഉണ്ടാകുന്ന ചില രോഗങ്ങള്‍  തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഏതായാലും എസ്എല്‍ഇ രോഗം ബാധിച്ച ഒരു വ്യക്തി സഹായത്തിന് അഭ്യര്‍ഥിക്കാന്‍ പോലും കഴിയാതെ പൊടുന്നനെ, കരണ്ടടിച്ചതുപോലെ മരിച്ചുപോകുക അസംഭവ്യം എന്നാണ് ഇതുവരെയുള്ള അനുഭവം.

എസ്എല്‍ഇ രോഗബാധിതയായിരുന്നു സുനന്ദ എങ്കില്‍ ആത്മഹത്യ[?]യുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നുപോലും ശശി തരൂരിന് നിഷ്പ്രയാസം വിമുക്തനാകാം. കാരണം ഈ രോഗമുള്ള വ്യക്തികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിനും അമിതമായ ആകംക്ഷയ്ക്കും വിധേയരാക്കാന്‍ ഇടയുണ്ട്. പാക്‌ പത്രപ്രവര്‍ത്തകയുമയി ശശി തരൂരിന് ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധം സുനന്ദയുടെ ‘തോന്നല്‍’ മാത്രമാകാം. മരണം മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ലാത്ത ഒരു കുറ്റകൃത്യവും.

സുനന്ദ അമിതമായി ഉറക്കഗുളിക കഴിച്ചിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി എന്നാണ് ചില ന്യൂസ്‌ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാന്‍. മരിക്കാന്‍ പോകുന്ന ഒരാള്‍ ‘ഞാനിതാ അമിതമായി ഉറക്കഗുളിക കഴിക്കാന്‍ പോകുന്നു’ എന്ന് ഹോട്ടലിലെ ജീവനക്കാരെ വിളിച്ചുകൂട്ടി പത്രസമ്മേളനം നടത്തുമോ? അഥവാ അങ്ങനെ സംഭവിച്ചു എങ്കില്‍ അയാളെ ആശുപത്രിയില്‍ എത്തിക്കുകയല്ലേ ഹോട്ടല്‍ മാനേജ്മെന്റ് ചെയ്യേണ്ടത്. അതോ ആ വ്യക്തിയെ സുഖമായി കിടന്ന് ഉറങ്ങിമരിക്കാന്‍ വിടുകയാണോ?  അതും ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയെ. എങ്കില്‍ ആദ്യം കേസ് എടുക്കേണ്ടത് ആ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും എതിരെയാകണം.

Leave a Reply